2013-10-04 17:20:08

ലൗകികതയുടെ അര്‍ബുദത്തില്‍ നിന്ന് മോചനം നേടാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം


04 ഒക്ടോബര്‍ 2013, അസീസി
കത്തോലിക്കാ സഭയും സഭാംഗങ്ങളും ലൗകികതയുടെ കുപ്പായം ഉരിഞ്ഞുമാറ്റണമെന്ന് പാപ്പാ ഫ്രാന്‍സിസ്. അസീസിയിലെ നിര്‍ധനരും നിരാലംബരുമായ ജനങ്ങളുമായി പട്ടണമൈതാനത്തു വച്ചു നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് വി.ഫ്രാന്‍സിസ് താന്‍ ധരിച്ചിരുന്ന വസ്ത്രംപോലും സ്വന്തം പിതാവിന്‍റെ കാല്‍ക്കല്‍ അഴിച്ചുവച്ചുകൊണ്ട്, നഗ്നനായി ദാരിദ്ര്യവധുവിനെ വരിച്ച അതേ മൈതാനത്തു വച്ചായിരുന്നു അസീസിയിലെ ദരിദ്രജനങ്ങളുമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച്ച. മുന്‍കൂട്ടി തയ്യാറാക്കിയ പ്രഭാഷണം മാറ്റിവച്ചാണ് മാര്‍പാപ്പ അവരോട് സംസാരിച്ചത്.
മാര്‍പാപ്പയും മെത്രാന്‍മാരും വൈദികരും സന്ന്യസ്തരും മാത്രമല്ല കത്തോലിക്കാ സഭ, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാ സഭാംഗങ്ങളും ഉള്‍പ്പെടുന്നതാണ് സഭാഗാത്രം. ഈ സഭ ലൗകികതയുടെ കുപ്പായം അഴിച്ചുമാറ്റി ക്രിസ്തുവിന്‍റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കണം. കാരണം ലൗകികാരൂപി ക്രിസ്തുവിനും സുവിശേഷഭാഗ്യങ്ങള്‍ക്കും എതിരാണ്. സ്വന്തം വസ്ത്രമുരിഞ്ഞെടുക്കപ്പെട്ട്, അപമാനിതനായി യേശു കടന്നുപോയ കുരിശിന്‍റെ വഴിയിലൂടെ നടക്കേണ്ടവരാണ് ഓരോ സഭാംഗവും. ക്രൈസ്തവനായിരിക്കാന്‍ അതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ലൗകികതയില്‍ കഴിയുന്ന ഒരു ക്രൈസ്തവനെ കാണുന്നത് വേദനാജനകമാണ്. വിശ്വാസത്തിന്‍റെ സുരക്ഷിതത്വത്തോടൊപ്പം ലോകം നല്‍കുന്ന സുരക്ഷയും അനുഭവിക്കാന്‍ ശ്രമിക്കുന്നത് രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ്. ഒരുവന് രണ്ടു യജനമാന്‍മാരെ സേവിക്കാന്‍ സാധ്യമല്ലെന്ന് ക്രിസ്തു ഉത്ബോധിപ്പിച്ചിട്ടുള്ളതാണെന്നും മാര്‍പാപ്പ സഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.
വി.ഫ്രാന്‍സിസ് ഉടുവസ്ത്രം പോലും ഉപേക്ഷിച്ച സ്ഥലത്താണ് നാം നില്‍ക്കുന്നത്. അന്ന് അപ്രകാരം ചെയ്യാന്‍ യുവാവായ ഫ്രാന്‍സിസിന് ധൈര്യം നല്‍കിയത് ദൈവത്തിന്‍റെ കരുത്താണ്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനമായിരുന്നു അത്. അതേ ദൈവാത്മാവാണ് ക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്നും നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോകത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ക്രിസ്തു പിതാവിനോട് പ്രാര്‍ത്ഥിച്ചു. അതുപോലെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലൗകികതയുടെ അരൂപി ഉരിഞ്ഞുമാറ്റാന്‍ ധൈര്യം ലഭിക്കുന്നതിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം. ഈ കൃപ എല്ലാ ക്രൈസ്തവര്‍ക്കും സംലഭ്യമാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ എല്ലാവരേയും ക്ഷണിച്ചു.








All the contents on this site are copyrighted ©.