2013-10-04 17:06:22

രോഗികളിലും പീഡിതരിലും ദൃശ്യമാകുന്നത് ക്രിസ്തുവിന്‍റെ തിരുമുറിവുകള്‍: മാര്‍പാപ്പ


04 ഒക്ടോബര്‍ 2013, അസീസി
ക്രിസ്തുവിന്‍റെ തിരുമുറിവുകളാണ് രോഗികളിലും പീഡിതരിലും ദൃശ്യമാകുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അസീസിപ്പട്ടണത്തിലെ സെറാഫിക്കോ ആതുരാലയത്തിലെ അന്തേവാസികളുമായി നടത്തിയ അവിസ്മരണീയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ആതുരാലയത്തിലെ കപ്പേളയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഏക ദിന സന്ദര്‍ശനത്തിനായി അസീസിയിലെത്തിയ മാര്‍പാപ്പ ആദ്യം സന്ദര്‍ശിച്ചത് ഈ ആതുരാലയമാണ്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ആതുരാലയത്തിലെത്തിയ മാര്‍പാപ്പയെ വലിയ സന്തോഷത്തോടെയാണ് കുഞ്ഞുങ്ങള്‍ എതിരേറ്റത്. “മാര്‍പാപ്പ നീണാള്‍ വാഴട്ടെ” എന്ന് ആര്‍പ്പുവിളി എങ്ങും മുഴങ്ങി.
മാര്‍പാപ്പയുടെ സാമീപ്യം, രോഗികളും ശാരീരിക വൈകല്യങ്ങളുള്ളവരുമായ കുട്ടികളേയും അവരുടെ ശുശ്രൂഷകരേയും ആനന്ദസാഗരത്തിലാറാടിച്ചു. ഔപചാരികത തെല്ലുമില്ലാതെ കുട്ടികളുടെ പക്കലെത്തിയ മാര്‍പാപ്പ സ്നേഹപൂര്‍വ്വം അവരുടെ ശിരസില്‍ തലോടുകയും അവരെ ആശ്ലേഷിക്കുകയും ചെയ്തു. വീല്‍ച്ചെയറിലിരുന്ന കുഞ്ഞുങ്ങളുടെ സമീപമമെത്തിയ പാപ്പ അവരുടെ നെറ്റിയില്‍ കുരിശടയാളം വരയ്ക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു. ചില കുസൃതിക്കുരുന്നുകള്‍ മാര്‍പാപ്പ ധരിച്ചിരുന്ന കുരിശിലും ചുംബിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പ്രഭാഷണവുമായാണ് എത്തിയതെങ്കിലും അതു മാറ്റിവച്ചുകൊണ്ടായിരുന്നു പാപ്പായുടെ പ്രഭാഷണം. “ക്രിസ്തുവിന്‍റെ തിരുമുറിവുകള്‍ക്കു നടുവിലാണ് നാം നില്‍ക്കുന്നത്” എന്ന ആമുഖത്തോടെ പാപ്പാ പ്രഭാഷണം ആരംഭിച്ചു. തന്‍റെ മുന്‍പിലുള്ള കുഞ്ഞുങ്ങളുടെ വേദനയും സഹനവും ക്രിസ്തുവിന്‍റെ തിരുമുറിവുകളോട് ഉപമിച്ച മാര്‍പാപ്പ അവര്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും അവരുടെ സ്വരം ശ്രവിക്കപ്പെടണമെന്നും പ്രസ്താവിച്ചു.
സക്രാരിയിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തു സാന്നിദ്ധ്യത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട്, ക്രിസ്തു ദിവ്യകാരുണ്യത്തില്‍ മറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തുവിന്‍റെ തിരുമുറിവുകള്‍ ഈ മക്കളുടെ വേദനയിലും മറഞ്ഞിരിക്കുന്നുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ വേദനയിലും സഹനത്തിലും കഴിയുന്നവര്‍ അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രം അനുസ്മരിക്കപ്പെടുകയും രണ്ടോ മൂന്നോ ദിവസത്തെ വാര്‍ത്തകള്‍ക്കു ശേഷം വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണവര്‍.
യേശുക്രിസ്തുവിനെ ആരാധിച്ചുവണങ്ങുന്ന ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ തിരുമുറിവുകള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടരുതെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. ഉത്ഥിതനായ ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ശരീരത്തില്‍ മറ്റുമുറിവുകളോ പീഢനത്തിന്‍റെ അടയാളങ്ങളോ ഇല്ലായിരുന്നുവെങ്കിലും പഞ്ചക്ഷതങ്ങള്‍ അവിടുന്ന് തന്‍റെ ശരീരത്തില്‍ സൂക്ഷിച്ചു. ആ മുറിവുകള്‍ സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിനോടൊപ്പമുണ്ട്. ക്രിസ്തുവിന്‍റെ തിരുമുറിവുകളായ രോഗികളേയും പീഡിതരേയും ഇഹലോകത്തില്‍ നാം പരിചരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു തന്‍റെ പഞ്ചക്ഷതങ്ങള്‍ കാട്ടിക്കൊണ്ട് “നിന്നെയും കാത്തിരിക്കുകയാണ് ഞാന്‍” എന്ന് ക്രിസ്തു നമ്മോടു പറയുമെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. കപ്പേളയില്‍ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വാദം നല്‍കിക്കൊണ്ടാണ് മാര്‍പാപ്പ തന്‍റെ വാക്കുകള്‍ ‍ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.