2013-10-04 17:07:25

കുറ്റവാളികളിലെ നന്‍മ കണ്ടെത്താന്‍ സാധിക്കണം: മാര്‍ ജോസ് പുത്തന്‍ വീട്ടില്‍


04 ഒക്ടോബര്‍ 2013, കൊച്ചി
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തടവറകളില്‍ കഴിയുന്ന കുറ്റവാളികളിലെ നന്‍മ കണ്ടെത്തി അവരെ നല്ലവരാക്കിത്തീര്‍ക്കാന്‍ തടവറ പ്രേഷിതശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു സാധിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അഭിപ്രായപ്പെട്ടു. കെ.സി.ബി.സിയുടെ കീഴില്‍ കേരളത്തിലെ ജയിലുകളില്‍ ശുശ്രൂഷചെയ്യുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ സോണല്‍ ഭാരവാഹികള്‍ക്കായി ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ ഏകദിന സെമിനാര്‍ പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഏവരിലും നന്‍മയും തിന്‍മയുമുണ്ട്. സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ട് തിന്‍മയെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് വ്യക്തികള്‍ കുറ്റവാളികളായിത്തീരുന്നത്. തെറ്റുകള്‍ ചെയ്യുന്നവരുടെ ഉള്ളിലുള്ള നന്‍മ വളര്‍ത്തിക്കൊണ്ട് അവരെ നന്‍മയുടെ പാതയില്‍ കൊണ്ടുവരാന്‍ സാധിക്കണമെന്നും ബിഷപ്പ് പുത്തന്‍വീട്ടില്‍ പ്രസ്താവിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഹൈക്കോടതി ജസ്റ്റിസ്‍ കമാല്‍ പാഷ “വളരുന്ന കുറ്റകൃത്യങ്ങളും അവയുടെ സാഹചര്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ജീസസ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ ഏകദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
Source: KCBC







All the contents on this site are copyrighted ©.