2013-10-04 17:07:05

ആത്മീയതയുടെ അഭാവം ലോകസമാധാന സ്ഥാപന ശ്രമങ്ങളുടെ ന്യൂനത: നൈജീരിയന്‍ കര്‍ദിനാള്‍


04 ഒക്ടോബര്‍ 2013, റോം
ആത്മീയതലത്തിനു പ്രാധാന്യം നല്‍കാത്തത് ലോക സമാധാനസ്ഥാപന ശ്രമങ്ങളുടെ ന്യൂനതയെന്ന് നൈജീരിയയിലെ അബൂജ അതിരൂപതയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോണ്‍ ഒനായിയേക്കന്‍. ‘പ്രത്യാശയുടെ ധീരത’ എന്ന ശീര്‍ഷകത്തില്‍ സാന്‍ എജിഡിയോ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ റോമില്‍ നടന്ന സര്‍വ്വമത സമാധാന – പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ദിനാള്‍ ഒനായിയേക്കന്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. നൈജീരിയായില്‍ ബൊക്കോ ഹറാം തീവ്രവാദ സംഘത്തിന്‍റെ ആക്രമണങ്ങള്‍ അവസാനിക്കുമെന്ന പ്രാര്‍ത്ഥനയും പ്രത്യാശയും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചു.
സമാധാന സ്ഥാപനത്തിനായുള്ള മതാത്മക പരിശ്രമങ്ങള്‍ക്ക് കൂടൂതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് കര്‍ദിനാള്‍ ഒനായിയേക്കന്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ക്രൈസ്തവ , ഇസ്ലാം മതങ്ങളുടെ ചരിത്രത്തില്‍ മതത്തിന്‍റെ പേരിലുള്ള യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ന് പുതിയൊരു യുഗത്തിലാണ് നാം ജീവിക്കുന്നതെന്ന് തിരിച്ചറിയണം. ക്രൈസ്തവരും മുസ്ലീമുകളും സമാധാന സ്ഥാപനത്തിനായി കൈകോര്‍ത്തു മുന്നേറേണ്ട കാലമാണിതെന്ന് കര്‍ദിനാള്‍ ഒനായിയേക്കന്‍ പ്രസ്താവിച്ചു. ലോകസമാധാനത്തിനായി മാനവ സമൂഹം നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘിച്ച കര്‍ദിനാള്‍, അതേസമയം, ആത്മീയ തലത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് ലോകസമാധാന സ്ഥാപന ശ്രമങ്ങളുടെ ഒരു കുറവാണെന്നും അഭിപ്രായപ്പെട്ടു. സമാധാന ശ്രമങ്ങളില്‍ ഏര്‍പ്പെടുന്ന മതനേതാക്കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.