2013-10-03 20:33:51

രോഗീപരിചരണം
ദൈവികകാരുണ്യത്തിന്‍റെ സൂചകം


3 ഒക്ടോബര്‍ 2013, അബ്രൂസ്സോ
രോഗീപരിചരണം കാരുണ്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ശുശ്രൂഷയാണെന്ന് ആതുര ശുശ്രൂഷകര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു. വിശുദ്ധ കമിലസിന്‍റെ 4-ാം ചരമശതാബ്ദി അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ അബ്രൂസ്സോയില്‍ രോഗികള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഡോക്ടര്‍മാരുടെയും രോഗീപരിചാരകരുടെയും മദ്ധ്യസ്ഥനാണ് വിശുദ്ധ കമിലസ്. സഭ എന്നും നിരാലംബരുടെ ചാരത്തുണ്ട്. ക്രിസ്തു കാണിച്ചതുപോലുള്ള പ്രത്യേക കരുണയും വാത്സല്യവും രോഗീപരിചരണത്തിലൂടെയും ആതുര ശുശ്രൂഷയിലൂടെയും സഭ ഇന്നും പ്രകടമാക്കുന്നു. ആതുരശുശ്രൂഷകര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സ്ഥാപിച്ച സഹനദാസനും പുണ്യശ്ലോകനുമായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെയും ഈ ദിനത്തില്‍ പ്രത്യേകമായി അനുസ്മരിച്ചു. രോഗികള്‍ക്ക് ആലംബവും സൗഖ്യദായികയുമായ ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ സഭ ആചരിക്കുന്ന ‘ലോക രോഗീപരിചരണദിനം’ വാഴ്ത്തപ്പെട്ട പാപ്പാ വോയ്ത്തീവയുടെ സംഭാവനയാണ്.

1550 മെയ് 25-ന് തെക്കെ ഇറ്റലിയിലെ അബ്രൂസോയില്‍ ജനിച്ചു. യുവാവായിരുന്നപ്പോള്‍ പിതാവിനെപ്പോലെ നേപ്പിള്‍സിന്‍റെ സൈന്യത്തില്‍ ചേര്‍ന്നു. സമര്‍ത്ഥനായ യോദ്ധാവായിരുന്നെങ്കിലും തുര്‍ക്കികള്‍ക്കെതിരായ യുദ്ധത്തില്‍ മാരകമായി മുറിപ്പെട്ടു. 1575-ല്‍ സൈന്യത്തില്‍നിന്നും വിരമിച്ചു. കാലിലേറ്റ ക്ഷതം തീരാമുറിവായി കമിലസിന്‍റെ കൂടെനിന്നു. 1575-ലെ ശൈത്യകാലത്ത് മാന്‍ഫ്രദോനിയായിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ ജോലിക്കാരനായി. അവിടെവച്ചുണ്ടായ മാനസാന്തരത്തെ തുടര്‍ന്ന് സന്ന്യാസാര്‍ത്ഥിയായി പഠനമാരംഭിച്ചു.
കാലിലെ വ്രണവും അതുസംബന്ധമായ ആലസ്യങ്ങളും കാരണം കമിലസിന്‍റെ സന്ന്യാസ ജീവിതത്തിന് അയോഗ്യത കല്പിക്കപ്പെട്ടു. അങ്ങനെ താന്‍ ആഗ്രഹിച്ച ജീവിതാന്തസ്സിന്‍റെയും സമര്‍പ്പണത്തിന്‍റെയും പടിയിറങ്ങേണ്ടിവന്നു.

1578-ല്‍ റോമിലെത്തിയ കമിലസ്, അവിടെ വിശുദ്ധ ജെയിംസിന്‍റെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. ചികിത്സയ്ക്കിടയില്‍ കമിലസ് രോഗീപരിചരണത്തില്‍ വ്യാപൃതനായി. പലപ്പോഴും രോഗികളോടു ജോലിക്കാര്‍ പുലര്‍ത്തിയ കരുണയില്ലാത്ത പെരുമാറ്റം അദ്ദേഹത്തെ വേദനിപ്പിച്ചു. ചികിത്സയിലായിരിക്കെ രോഗികളോട് കമിലസ് കാണിച്ച ആര്‍ദ്രമായ സ്നേഹവും കാരുണ്യവും, സുവിശേഷമൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസവും ശ്രദ്ധിച്ച അധികൃതര്‍ അദ്ദേഹത്തെ അവിടത്തെ പരിചാരകനും, പിന്നീട് ആശുപത്രിയുടെ ഡയറക്ടറുമായി നിയോഗിച്ചു. റോമില്‍വച്ചാണ് കമിലസ് വിശുദ്ധ ഫിലിപ്പ് നേരിയെ (1515-1595) കണ്ടുമുട്ടിയത്. വിശുദ്ധന്‍ കമിലസിന്‍റെ കുമ്പസാരക്കാരനും ഉപദേശകനുമായിത്തീര്‍ന്നു. വിശുദ്ധനായ സുഹൃത്തിന്‍റെ ഉപദേശം കൈക്കൊണ്ട് കമിലസ് റോമില്‍ പൗരോഹിത്യപഠനം ആരംഭിച്ചു. 1584-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

പൗരോഹിത്യ സ്വീകരണത്തിനുശേഷം ഫാദര്‍ കമിലസ് പൂര്‍വ്വോപരി ആത്മീയ ഉണര്‍വ്വോടെ പ്രവര്‍ത്തിച്ചു. രോഗീപരിചാരകര്‍ക്കായി ഫാദര്‍ കമിലസ് തുടങ്ങിയ സംഘടയാണ് പിന്നീട് ആതുരശുശ്രൂഷയില്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായ ‘കമീലിയന്‍സ്’ സന്ന്യാസസഭയായി രൂപപ്പെട്ടത്. 1586-ല്‍ കമിലസിന്‍റെ സഭയ്ക്ക് സെക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ അംഗീകാരം നല്കി. സഹോദരങ്ങള്‍ക്കൊപ്പം തന്നെത്തന്നെ ആതുരശുശ്രൂഷയില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച കമിലസ് ക്രിസ്തുവിന്‍റെ സുവിശേഷകാരുണ്യം ജീവിതത്തില്‍ പകര്‍ത്തികൊണ്ട് വിശുദ്ധിയുടെ പടവുകള്‍ കയറി. അദ്ദേഹം സ്ഥാപിച്ച സന്ന്യാസസമൂഹം സേവനംചെയ്തിരുന്ന റോമിലെ ‘സാന്തോ സ്പീരിത്തോ’ ആശുപത്രിയില്‍വച്ച് 1614-ല്‍ ആതുരര്‍ക്ക് ആലംബമായിരുന്ന കമിലസ് കാലംചെയ്തു. ലാളിത്യമാര്‍ന്ന ജീവിതവും, സഹോദരസ്നേഹവും, പാവങ്ങളോടുള്ള പ്രതിപത്തിയും വേദിനിക്കുന്നവരുടെ പക്ഷംചേരുന്ന തീക്ഷ്ണതയും അദ്ദേഹിത്തിന്‍റെ ജീവിതവിശുദ്ധിക്ക് ആധാരമായിരുന്നു. രോഗീപരിചരണ മേഖലയില്‍ ക്രിസ്തുവിന്‍റെ കാരുണ്യവും സൗഖ്യവും പങ്കുവച്ചുകൊണ്ട് കടന്നപോയ സ്നേഹസിദ്ധനും സന്ന്യാസ സഭാസ്ഥാപകനുമായ കമിലസിനെ 1742-ല്‍ ബനഡിക്ട് 14-ാമന്‍ പാപ്പായാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.