2013-10-01 17:48:34

“ആശയ വിനിമയം, സമാഗമ സംസ്ക്കാര ശുശ്രൂഷയ്ക്ക്”
2014ലെ സമ്പര്‍ക്ക മാധ്യമ ദിനാചരണത്തിന്‍റെ പ്രമേയം


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
2014ലെ സമ്പര്‍ക്ക മാധ്യമ ദിനാചരണത്തിന് “ആശയ വിനിമയം, സമാഗമ സംസ്ക്കാരത്തിന്‍റെ ശുശ്രൂഷയ്ക്ക്” (Communication at the service of an authentic culture of encounter) എന്ന പ്രമേയം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
പരസ്പര ബന്ധം വര്‍ദ്ധിച്ചു വരുന്ന ലോക സമൂഹത്തില്‍ വ്യക്തികള്‍ തമ്മിലുള്ള ഐക്യവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ആധുനിക മാധ്യമങ്ങള്‍ക്ക്, വിശിഷ്യ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്കുള്ള കരുത്തും കഴിവും കണ്ടെത്തുകയാണ് ഈ പ്രമേയത്തിലൂടെ അര്‍ത്ഥമാക്കുന്നതെന്ന്, പ്രമേയം പ്രസിദ്ധീകരിച്ചുകൊണ്ട് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പ്രബോധനങ്ങളില്‍ ഊന്നല്‍ നല്‍കുന്ന ആശയങ്ങളിലൊന്നാണ് ‘സമാഗമ സംസ്ക്കാരം’ അഥവാ ‘കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരം’(culture of encounter). പാഴ്ച്ചിലവിന്‍റേയും പുറന്തള്ളലിന്‍റേയും സംസ്ക്കാരത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന മാര്‍പാപ്പ വ്യക്തികളും സമൂഹങ്ങളും ഐക്യദാര്‍ഢ്യത്തിന്‍റേയും കൂട്ടായ്മയുടേയും മാര്‍ഗത്തില്‍ ചരിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
പന്തക്കുസ്താ ഞായറിന് തൊട്ടു മുന്‍പു വരുന്ന ഞായറാഴ്ചയാണ് സാര്‍വ്വത്രിക സഭ സമ്പര്‍ക്ക മാധ്യമ ദിനമായി ആചരിക്കുന്നത്. 2014ല്‍ ജൂണ്‍ 1നാണ് ലോക മാധ്യമ ദിനാചരണം. എന്നാല്‍ അജപാലനപരമായ കാരണങ്ങളാല്‍ ഭാരത്തില്‍ ക്രിസ്തു രാജന്‍റെ തിരുന്നാളിനു മുന്‍പു വരുന്ന ഞായറാഴ്ചയാണ് കത്തോലിക്കാ സഭ മാധ്യമ ദിനമായി ആചരിക്കുന്നത്. മാധ്യമ ദിനത്തോടനുബന്ധിച്ച് മാര്‍പാപ്പ നല്‍കുന്ന സന്ദേശം പരമ്പരാഗതമായി മാധ്യമപ്രവര്‍ത്തകരുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലെസ്സിന്‍റെ തിരുന്നാള്‍ദിനത്തിലാണ് (ജനുവരി 24) പ്രകാശനം ചെയ്യപ്പെടുന്നത്.









All the contents on this site are copyrighted ©.