2013-10-01 17:52:09

വയോജനങ്ങളെ പങ്കുചേര്‍ക്കുന്ന അജപാലന ശുശ്രൂഷയ്ക്ക് വത്തിക്കാന്‍റെ ആഹ്വാനം


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വയോജനങ്ങള്‍ക്കുവേണ്ടി അജപാലന ശുശ്രൂഷ ആവിഷ്ക്കരിച്ചാല്‍ മാത്രം പോരെന്നും അജപാലന ശുശ്രൂഷയില്‍ അവര്‍ക്ക് പങ്കാളിത്തം നല്‍കുക കൂടി വേണമെന്ന് വത്തിക്കാന്‍. ഒക്ടോബര്‍ 1ന് ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. സഭയിലും സമൂഹത്തിലും ക്രിയാത്മക സംഭാവനകള്‍ നല്‍കാന്‍ വയോജനങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടേയും മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍റേയും ഉത്ബോധനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി ഈ സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രിസ്തീയ ദര്‍ശനമനുസരിച്ച് ജീവിതാവസാനമല്ല, ജീവിത പൂര്‍ണ്ണതയാണ് വാര്‍ദ്ധക്യം. ‘ഒരു വ്യക്തി ജീവിതകാലം മുഴുവന്‍ കടന്നുപോയ സന്തോഷങ്ങളുടേയും സന്താപങ്ങളുടേയും സഹനങ്ങളുടേയും നേട്ടങ്ങളുടേയും ആകെത്തുകയാണത്’ എന്ന വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സന്ദേശത്തില്‍ അനുസ്മരിച്ചു. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പരാമര്‍ശിക്കവേ, വിദഗ്ദ ചികിത്സയോടൊപ്പം സ്നേഹവും സാന്ത്വനവും പരിഗണനയും അവര്‍ക്കാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.









All the contents on this site are copyrighted ©.