2013-10-01 17:50:51

വത്തിക്കാന്‍ ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍ ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 125 വര്‍ഷത്തില്‍ ആദ്യമായാണ് വത്തിക്കാന്‍ ബാങ്ക് (Institute for the Works of Religion, Istituto per le Opere di Religione –IOR) വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 2012ലും 2013ലെ ആദ്യ 8 മാസവും ബാങ്ക് നടത്തിയ ഇടപാടുകളുടെ സംഗ്രഹവും ഉന്നതാധികാര സമിതിയുടേയും ബാങ്കിന്‍റെ മേല്‍നോട്ടത്തിന് മാര്‍പാപ്പ നിയമിച്ച കര്‍ദിനാള്‍ സംഘത്തിന്‍റേയും പ്രസ്താവനകളും ഉള്‍ക്കൊള്ളുന്ന സുദീര്‍ഘ റിപ്പോര്‍ട്ട് ഒക്ടോബര്‍ 1നാണ് ബാങ്കിന്‍റെ വെബ്സൈറ്റില്‍ (www.ior.va) പ്രസിദ്ധീകരിച്ചത്. സ്വിസ്സ് ഓഡിറ്റിങ്ങ് കമ്പനി KPMG നടത്തിയ ഓഡിറ്റിങ്ങിന്‍റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
വത്തിക്കാന്‍ ബാങ്ക് കൂടുതല്‍ സുതാര്യമാക്കുന്നതിന്‍റെ ഭാഗമാണിതെന്ന് വത്തിക്കാന്‍ ബാങ്കിന്‍റെ പ്രസിഡന്‍റ് ഏണ്‍സ്റ്റ് വോണ്‍ ഫ്രെയ്ബെര്‍ഗ് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. Institute for the Works of Religion എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സഭയുടെ സാമ്പത്തിക സ്ഥാപനം IOR, പുറത്തു നിന്നുള്ള ഓഡിറ്റിങ്ങ് കമ്പനികളുടെ സഹായം തേടാറുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം മികച്ച അന്താരാഷ്ട്ര ഓഡിറ്റിങ്ങ് കമ്പനികളിലൊന്നായ KPMGന്‍റെ സഹായം തേടിയതില്‍ അസാധാരണമായി ഒന്നുമില്ല . എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന പതിവ് ഇല്ലായിരുന്നു, ആദ്യമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ബാങ്ക് തയ്യാറാകുന്നതെന്ന് പ്രസിഡന്‍റ് ഫ്രെയ്ബെര്‍ഗ് പറഞ്ഞു.
പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റെ നടത്തിപ്പിനെക്കുറിച്ചറിയാന്‍ ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്ക് അവകാശമുണ്ട്. അവര്‍ക്കും വത്തിക്കാന്‍ ബാങ്കിനോട് സഹകരിക്കുന്ന ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും വത്തിക്കാന്‍ ബാങ്കിനെക്കുറിച്ചറിയാന്‍ താല്‍പര്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സാമ്പത്തിക വിദഗ്ദര്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചില സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്ന വത്തിക്കാന്‍ ബാങ്ക് സാമ്പത്തിക ക്രമക്കേടുകള്‍ നിരീക്ഷിക്കാനും തടയാനും പുതിയ നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൂടാതെ പുറത്തു നിന്നുള്ള സാമ്പത്തിക വിദഗ്ദരുടെ സഹായവും, പ്രത്യേകിച്ച് അമേരിക്ക‍ന്‍ കമ്പനിയായ Promontory Financial Groupന്‍റെ സഹകരണം തേടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വത്തിക്കാന്‍ ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ തീരുമാനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യമോ പ്രതീക്ഷിക്കുന്നുണ്ടെന്നും ഏണ്‍സ്റ്റ് വോണ്‍ ഫ്രെയ്ബെര്‍ഗ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.