2013-10-01 12:12:33

നവമായ ആരാധനയുടെ നാന്ദിയായ
പുറപ്പാടിലെ ഉടമ്പടിയും ബലിയര്‍പ്പണവും (57)


RealAudioMP3
പുറപ്പാടു ഗ്രന്ഥത്തിന്‍റെ രചനയില്‍ മൂന്നു പാരമ്പര്യങ്ങള്‍ ഇടകലര്‍ന്നു കിടക്കുന്നതായി നാം മനസ്സിലാക്കി. അവ യാവേയിസ്റ്റ്, ഇലോഹിസ്റ്റ്, പ്രീസ്ട്ലി അല്ലെങ്കില്‍ പൗരോഹിത്യ പാരമ്പര്യങ്ങളാണെന്നും കണ്ടതാണ്. മോശ സ്വീകരിച്ച പത്തു കല്പനകളുടെ വിവരണത്തിനുശേഷം പൗരോഹിത്യ പാരമ്പര്യത്തിലുള്ള ഇസ്രായേലിന്‍റെ ആരാധനയും, ആരാധനക്രമവും പൗരോഹിത്യ വസ്ത്രങ്ങള്‍, ബലിയര്‍പ്പണം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ് പുറപ്പാടിന്‍റെ 24-ാം അദ്ധ്യായം മുതല്‍ കാണുന്നത്. ഒരു നീണ്ട ഭാഗം പരാമര്‍ശിക്കുന്ന ആരാധനക്രമപരമായ പ്രയോഗങ്ങളും അവയുടെ വിവരണങ്ങളും ഇവിടെ പരിമര്‍ശിക്കുകയാണ്.

ഉടമ്പടികളും കരാറുകളും ആധാരംചെയ്തു കഴിഞ്ഞെങ്കിലേ അതിനു നിയമപരമായ വിലകല്പിക്കാറുള്ളൂ എന്നു നമുക്കറിയാം. ഇതുപോലുള്ള ചടങ്ങിന്‍റെ കാര്യമാണ്, ദൈവവുമായി മനുഷ്യന്‍ ഉടമ്പടിയുണ്ടാക്കുന്ന കാര്യമാണ് പുറപ്പാട് 24-ാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ആധാരപ്പെടുത്തുന്ന പുരാതന കാലത്തെ രീതി ഇന്നത്തേതില്‍നിന്നും വ്യത്യസ്തമയിരുന്നെന്നു പറയേണ്ടതില്ലല്ലോ. യാവേയിസ്റ്റ് പാരമ്പര്യമനുസരിച്ച് (പുറ. 24, 1-2, 9-12) ഇസ്രായേലിലിലെ ശ്രേഷ്ഠന്മാരായ 70 പേര്‍ മോശയോടും അഹറോനോടുമൊപ്പം സീനായ് മലമുകളിലേയ്ക്ക് കയറിച്ചെന്ന് ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍വെച്ചുള്ള വിരുന്നു സല്‍ക്കാരത്തോടുകൂടിയാണ് കല്പനകള്‍ സ്വീകരിച്ച്, ഉടമ്പടി ഉറപ്പിക്കുന്നത്. ഇലോഹിസ്റ്റ് പാരമ്പര്യം പറയുന്നത് മലയുടെ അടിവാരത്തില്‍ എല്ലാവരും പങ്കെടുത്ത ബലിയര്‍പ്പണത്തോടു കൂടിയാണെന്നത്രേ. ഇതനുസരിച്ച് ബലിമൃഗങ്ങളുടെ പകുതി രക്തം ബലിപീഠത്തിന്മേലും, പകുതി ജനങ്ങളുടെമേലും മോശ തളിക്കുന്നു. പിന്നെ ഉടമ്പടിഗ്രന്ഥം മുഴുവനും ജനങ്ങളെ വായിച്ചു കേള്‍പ്പിക്കുന്നു.

പുറപ്പാടിന്‍റെ 25-ാം അദ്ധ്യായത്തില്‍ പറയുന്ന കാര്യങ്ങളും പുരോഹിത പാരമ്പര്യത്തില്‍നിന്നും വന്നതാണ്. മോശയുടെ കാലത്തിനുശേഷം രൂപംകൊണ്ട ആരാധനക്രമ ശൈലിയാണ് പ്രധാനമായും ഇതില്‍ പ്രതിഫലിപ്പിക്കുന്നത്. എന്നിരുന്നാലും പേടകത്തെയും കൂടാരത്തെയും സംബന്ധിച്ച കാര്യങ്ങള്‍ മോശയുടെ കാലംതൊട്ടുള്ള പാരമ്പര്യങ്ങളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ‘കര്‍ത്താവ് മോശോയ്ട് അരുള്‍ച്ചെയ്തു,’ എന്നുള്ള രീതിയില്‍ എല്ലാം അവതരിപ്പിച്ചിരിക്കുന്നതിന്‍റെ ഉദ്ദേശ്യം ഇസ്രായേലിന്‍റെ ആരാധനക്രമവും നിയമങ്ങളും ദൈവത്തില്‍നിന്ന് നേരിട്ട് ലഭിച്ചിട്ടുള്ളതാണെന്ന കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ്. ഈ വിശ്വാസത്തില്‍നിന്നു മാത്രമേ ദേവാലയത്തെയും തിരുക്കര്‍മ്മങ്ങളെയും സംബന്ധിച്ച കാര്യങ്ങളില്‍ ജനങ്ങളുടെ പൂര്‍ണ്ണസഹകരണം പുരോഹിതന്മാര്‍ക്ക് അന്നും ലഭിക്കുമായിരുന്നുള്ളു.

ജനങ്ങള്‍ ദൈവത്തിന് അര്‍പ്പിക്കേണ്ട കാഴ്ചവസ്തുക്കളുടെ പേരുകള്‍ പറയുന്ന കൂട്ടത്തില്‍ എഫോദ്, ഉരസ്ത്രാണം എന്നീ പൂജാവസ്ത്രങ്ങള്‍ അലങ്കരിക്കുന്നതിന് ആവശ്യമായ വസ്തുക്കളെപ്പറ്റിയും പറയുന്നുണ്ട്. എഫോദും ഉരസ്ത്രാണവും പുരോഹിത വസ്ത്രങ്ങളാണെന്നും അവ നിര്‍മ്മിക്കേണ്ട്ത് എങ്ങനെയാണെന്നും പുറപ്പാടിന്‍റെ 28-ാം അദ്ധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്. എഫോദ്, അതുപോലെ അക്കാലത്ത് പുരോഹിതന്മാര്‍ ധരിച്ചിരുന്ന ഒരു വിശേഷപ്പെട്ട വസ്ത്രമാണ്. അതിനുള്ളിലെ പോക്കറ്റുപോലുള്ള സംവിധാനമാണ് ഉരസ്ത്രാണം. യാവേയുടെ തിരുച്ചിത്തം അന്വേഷിച്ചറിയുവാന്‍ വിശിഷ്ട ലോഹങ്ങള്‍കൊണ്ടു നിര്‍മ്മിച്ച നാണയത്തുട്ടുപോലുള്ള കഷണങ്ങളാണ്
ഉറീം, തുമ്മീം. ഇവ എഫോദിന്‍റെ ഉരസ്ത്രാണത്തില്‍ പുരോഹിതന്‍ കൊണ്ടുനടന്നിരുന്നു. ചില പ്രധാന അവസരങ്ങളില്‍ ദൈവേഷ്ടം അന്വേഷിക്കുന്നത് നറുക്ക് എടുക്കുന്നതുപോലെ ഇവയിലൊന്ന് എടുത്തുനോക്കിയാണ്. അതുപോലെ ഉടമ്പടിപ്പത്രിക സൂക്ഷിക്കുന്നിടമാണ് ഉടമ്പടിയുടെ പേടകം (25, 10-21, 37, 1-9). ഇതിന് ദൈവത്തിന്‍റെ പേടകം, വാഗ്ദത്ത പേടകം, സാക്ഷൃപേടകം എന്നെല്ലാം പറയാറുണ്ട്. പത്തുകല്പനകള്‍ രേഖപ്പെടുത്തിയിരുന്ന ശിലാഫലകങ്ങള്‍ ഇതിലാണ് സൂക്ഷിച്ചിരുന്നത് (25, 16, 31). പുറപ്പാടില്‍ അവര്‍ ഭക്ഷിച്ച പുളിപ്പില്ലാത്ത അപ്പത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിന് ഇസ്രായേല്‍ അപ്പമുണ്ടാക്കി പിന്നീട് ഈ പേടകത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങി. ഇതാണ് വാഗ്ദത്ത പേടകം, സാക്ഷൃപേടകം.

ദൈവസാന്നിദ്ധ്യത്തിന്‍റെ സജീവ സ്മരണ നിലനിര്‍ത്തുകയായിരുന്നു
ഉടമ്പടി പേടകത്തിന്‍റെ ലക്ഷൃം. പേടകത്തിന് രണ്ടര മുഴം നീളവും
ഒന്നരമുഴം വീതിയും അത്രയുംതന്നെ ഉയരവും ഉണ്ടായിരുന്നു (പുറ. 25, 10...). കരുവേലമരംകൊണ്ടു നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞാണ് ഉപയോഗിച്ചിരുന്നത്. അതിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന മേശയുടെ നിര്‍മ്മാണവും പേടകത്തിന്‍റേതുപോലെതന്നെ. എന്നാല്‍ നീളം രണ്ടു മുഴവും, വീതി ഒരു മുഴവും ഉയരം ഒന്നര മുഴവുമാണെന്ന വ്യത്യാസം മാത്രം (പുറ. 25, 23-30). ഇവയെല്ലാം എപ്രകാരം നിര്‍മ്മിക്കണമെന്ന് പുറപ്പാടിന്‍റെ 37-ാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പേടകത്തെക്കുറിച്ചുള്ള പാരമ്പര്യം ഇസ്രായേലില്‍ പിന്നെയും തുടരുന്നത് നിയമാവര്‍ത്തന പുസ്തകത്തില്‍ കാണാം. അതിനാല്‍ പുരോഹിതന്മാര്‍ക്കുണ്ടായിരുന്ന വിശ്വാസത്തില്‍നിന്ന് വികാസം പ്രാപിച്ചതാണ് പൗരോഹിത്യ പാരമ്പര്യത്തിലെ ഈ വിവരണമെന്നതില്‍ സംശയമില്ല.

വാഗ്ദത്ത പേടകം സൂക്ഷിക്കുന്നതിനുള്ള ‘മിഷ്ക്കാന്‍’ എന്നു വിളിക്കുന്ന പ്രത്യേക കൂടാരത്തിന്‍റെ നിര്‍മ്മാണത്തെപ്പറ്റിയാണ് 26-ാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. പുറ. 26, 1-6). പേടകം ഇരിക്കുന്ന ഭാഗം വിരിയിട്ടു മറയ്ക്കണം (26, 31-37).. അത് ദൈവം വസിക്കുന്ന ഏറ്റവും വിശുദ്ധ സ്ഥലമാണ്. Holy of Holies, ഭാരതീയ ക്രമത്തില്‍ ശ്രീകോവില്‍ എന്നു നാം പറയാറുണ്ടല്ലോ. അവിടെ പ്രധാന പുരോഹിതനു മാത്രമേ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ (ലേവ്യര്‍ 16, 1-12). സോളമന്‍ പണിതീര്‍പ്പിച്ച ദേവാലയത്തിലും വിരി ഈ രീതിയില്‍ത്തന്നെയാണ് സംവിധാനം ചെയ്തത്. ദൈവം മഹാരഹസ്യമാണെന്നുള്ളതിന്‍റെ, mystery ആണെന്നുള്ളതിന്‍റെ സൂചന നല്കുകയാണ് വിരിയുടെ ഉദ്ദേശ്യം. പൗരസ്ത്യ റീത്തുകള്‍ മദുബഹായില്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നത് ഈ പുരാതന പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ്. അപ്പം സൂക്ഷിക്കുന്ന മേശയുടെ പുറത്ത്, വലതുവശത്തും ഇടതുവശത്തുമാണ് വിളക്കുകള്‍ സ്ഥാപിക്കേണടിയിരുന്നത് (26, 35). ഈ കൂടാരത്തിന് അങ്കണവും, കൂടാരാങ്കണം ഉണ്ടായിരിക്കണമെന്നു പറഞ്ഞിട്ടുണ്ട് (17, 9). അതിന്‍റെ നീളം 100 മുഴവും, വീതി 50 മുഴവുമാണ് (27, 18). കൂടാരത്തിനുള്ളില്‍ വിരിക്കു പുറത്ത് കെടാവിളക്കുണ്ടായിരിക്കണം. അത് സന്ധ്യമുതല്‍ പ്രഭാതംവരെ എന്നും കത്തിനില്‍ക്കണം. ഒലിവെണ്ണയാണ് അതില്‍ ഉപയോഗിക്കേണ്ടിയിരുന്നത് (27, 20) എന്നെല്ലാം വ്യക്തമാക്കിയിരിക്കുന്നത് നവമായ ആരാധനക്രമ ശൈലിക്ക് നാന്ദിയല്ലേ....

കരുവേലമരംകൊണ്ടു നിര്‍മ്മിക്കേണ്ട ബലിപീഠത്തെക്കുറിച്ചും വിവരണമുണ്ട് (27, 1-8). അതിന് 5 മുഴം നീളവും 5 മുഴം വീതിയും മൂന്നു മുഴം ഉയരവുമാണ് ഉണ്ടായിരിക്കേണ്ടത്. ധാന്യബലി, സമാധാനബലി (ലേവ്യ. 6...) എന്നിവയ്ക്ക് ഇത്തരം ബലിപീഠം പ്രയോജനകരമാണെന്നും കുറിച്ചിരിക്കുന്നു. പുരോഹിതന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ അഹറോനും അഹറോന്‍റെ പുത്രന്മാരുമാണ്. അഹറോന് 4 പുത്രനമാരാണുള്ളത്. നാദാബ്, അബീഹു, എലേയാസകര്‍, ഇത്താമര്‍ (പുറ. 28, 1). അഹറോന്‍തന്നെ പ്രധാന പുരോഹിതന്‍. മറ്റുള്ളവര്‍ സാധാരണ പരോഹിതരാണ്. മോശയാണ് ഇവരെ നിയമിക്കുന്നത്. മോശയുടെ സ്ഥാനം ഇവര്‍ക്കെല്ലാമുപരിയാണ്. മഹാപുരോഹിതന്‍. പ്രധാന പുരോഹിതന്‍, ദൈവാലയത്തിന്‍റെ അധികാരി എന്നുള്ള പ്രയോഗങ്ങളെല്ലാം ഇസ്രായേലില്‍ വിപ്രവാസത്തിനു മുന്‍പും പ്രചാരത്തിലും ഉപയോഗത്തിലും ഉണ്ടായിരുന്നു, എന്നാണ് തെളിയിക്കുന്നത്.
മോശയും അഹറോനുമൊക്കെ പണ്ടുമുതല്‍ മഹാപുരോഹിതരെപ്പോലെ ജനങ്ങളെ ദൈവവുമായി രമ്യതപ്പെടുത്തുന്ന അല്ലെങ്കില്‍ ജനങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം നില്ക്കുന്ന ജോലിതന്നെയാണ് ചെയ്തു പോന്നിരുന്നതെന്ന് ഇവിടെ സൂചനനല്കുന്നു.
അദ്ധ്യായം 30-ല്‍ പുരോഹിതാഭിഷേകക്രമം വിവരിക്കുന്നു. കൂടാര വാതില്‍ക്കല്‍ മോശ അഹറോനെയും പുത്രന്മാരെയും നിറുത്തി ആദ്യംതന്നെ അവരുടെ പാദങ്ങളില്‍ വെള്ളമൊഴിച്ച് ശുദ്ധികലശം നടത്തുന്നു. അതിനുശേഷം അവരെ പുരോഹിത വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു. പിന്നീട് സുഗന്ധം കലര്‍ത്തിയ എണ്ണ തലയിലൊഴിച്ച് അഭിഷേകംചെയ്യുന്നു. അങ്ങനെ ഇസ്രായേലില്‍ പൗരോഹിത്യം അഹറോനും സന്തതികള്‍ക്കും ശാശ്വതമായി നല്കുകയായിരുന്നു ഇതുവഴി ചെയ്തിരിക്കുന്നത് (29, 9).

ധൂപാര്‍പ്പണത്തിനുവേണ്ടി മരംകൊണ്ട് ബലിപീഠം നിര്‍മ്മിക്കുന്നകാര്യം
30-ാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. ബലിപീഠം, കൂടാരം മുതലായവ പണിയുന്നതിനുള്ള ശില്പികള്‍ ആരെല്ലാമായിരിക്കണമെന്നും ദൈവം കാണിച്ചുകൊടുക്കുന്നതായി പൗരോഹിത്യ പാരമ്പര്യം പരാമര്‍ശിക്കുന്നു.


നാം വീണ്ടും സീനായ് രംഗത്തേയ്ക്കു തിരിച്ചെത്തിയാല്‍, സാബത്താചരണത്തിന്‍റെ പ്രധാന്യം ഒന്നുകൂടി പ്രത്യേകം ഓര്‍മ്മിപ്പിച്ചശേഷം, ഉടമ്പടി എഴുതിയ രണ്ടു കല്‍ഫലകങ്ങള്‍ സീനായില്‍ ദൈവം മോശയ്ക്ക് നല്കി. അതിനുശേഷമാണ് കര്‍ത്താവിന്‍റെ മലിയല്‍നിന്ന് മോശ ഇറങ്ങി വരുന്നത്. നീണ്ട സമയ പരിധിക്കുശേഷം മോശ മലയിറങ്ങി ജനമദ്ധ്യത്തിലെത്തുമ്പോള്‍
ദര്‍ശിക്കുന്ന കാര്യങ്ങള്‍ അടുത്ത ഭാഗത്ത് പഠിക്കാം.
Prepared : nellikal, Vatican Radio









All the contents on this site are copyrighted ©.