2013-10-01 17:50:18

കര്‍ദിനാള്‍മാരുടെ ഉപദേശക സമിതി ഔദ്യോഗികം


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ ഭരണ കാര്യങ്ങളിലും റോമന്‍ കൂരിയായുടെ പരിഷ്ക്കരണത്തിനും തന്നെ സഹായിക്കാനായി മാര്‍പാപ്പ രൂപീകരിച്ച എട്ടംഗ കര്‍ദിനാള്‍ സംഘം ഔദ്യോഗിക ‘ഉപദേശക സമിതി’യായി സ്ഥാപിതമായി. കര്‍ദിനാള്‍മാരുടെ ഉപദേശക സമിതി ഔദ്യോഗികമായി സ്ഥാപിച്ചുകൊണ്ടുള്ള തിരുവെഴുത്ത് (Chirografo) സെപ്തംബര്‍ 30നാണ് മാര്‍പാപ്പ പ്രസിദ്ധീകരിച്ചത്. ആവശ്യാനുസരണം മാര്‍പാപ്പയ്ക്ക് വ്യക്തിപരമോ സംഘാത്മകമോ ആയി കൂടിയാലോചന നടത്താന്‍വേണ്ടി ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുള്ള അജപാലക ശ്രേഷ്ഠരുടെ ഒരു ആലോചനാ സമിതി രൂപീകരിക്കണമെന്ന് കോണ്‍ക്ലേവിനു മുന്‍പ് നടന്ന കര്‍ദിനാള്‍മാരുടെ യോഗം നിര്‍ദേശിച്ചിരുന്നുവെന്ന് മാര്‍പാപ്പ ഈ തിരുവെഴുത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 13ന് രൂപീകരിച്ച എട്ടംഗ കര്‍ദിനാള്‍ സംഘമാണ് ഇപ്പോള്‍ മാര്‍പാപ്പയുടെ ഔദ്യോഗിക ‘ഉപദേശക സമിതിയായി’ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ആവശ്യമെങ്കില്‍ ഈ അംഗസംഖ്യയില്‍ മാറ്റം വരുത്തി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്കുണ്ട്. സാര്‍വ്വത്രിക സഭയുടെ ഭരണകാര്യങ്ങളിലും റോമന്‍ കൂരിയായെ സംബന്ധിച്ച അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ ‘പാസ്തോര്‍ ബോനൂസ്’ പരിഷ്ക്കരിക്കുവാനും തന്നെ സഹായിക്കുകയാണ് ഉപദേശക സമിതിയുടെ കര്‍ത്തവ്യമെന്നും പാപ്പ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്








All the contents on this site are copyrighted ©.