2013-10-01 17:51:01

എങ്ങനെയാണ് നമ്മുടെ പ്രാര്‍ത്ഥന?


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പ്രാര്‍ത്ഥനയുടെ ആത്മാര്‍ത്ഥയെക്കുറിച്ച് മാര്‍പാപ്പയുടെ ട്വീറ്റ്. വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിനാണ് പ്രാര്‍ത്ഥനയേയും യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തേയും കുറിച്ച് മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചത്. “നമ്മുടെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമാണോ?” എന്ന ചോദ്യമുന്നയിച്ച മാര്‍പാപ്പ “ദൈവവുമായി നിരന്തരബന്ധമില്ലാതെ സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടി ക്രിസ്തീയ ജീവിതം നയിക്കാന്‍ പ്രയാസമായിരിക്കും.” എന്നും ട്വിറ്ററില്‍ കുറിച്ചു.
ദൈവത്തോടുള്ള നിരന്തര ബന്ധവും പ്രാര്‍ത്ഥനയും ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പ്രബോധനങ്ങളില്‍ ഒന്നിലേറെ തവണ ആവര്‍ത്തിച്ചിട്ടുള്ള പ്രമേയമാണ്. റിയോ ദി ജനീറോയിലെ ആഗോള യുവജനസംഗമത്തില്‍ യുവജനങ്ങളോടും മാര്‍പാപ്പ ഈ ആശയം പങ്കുവച്ചിരുന്നു.
“ക്രിസ്തീയ ജീവിതം ഒരു പാര്‍ട്ട് ടൈം പണിയല്ല. നിങ്ങള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികളായി നിര്‍ഭയം ജീവിക്കണം. ക്ഷണിക സുഖത്തിന്‍റെ ആകര്‍ഷണവലയത്തില്‍പ്പെട്ടു പോകാതെ, ഉന്നത ലക്ഷൃങ്ങള്‍ക്കുവേണ്ടി ജീവിക്കുമ്പോള്‍ നിങ്ങളുടെ ജീവിതം അര്‍ത്ഥ സമ്പൂര്‍ണ്ണമായിത്തീരും.
തന്‍റെ ടീമില്‍ ഒരു സ്ഥിരാംഗമായി കളിക്കാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. സ്ഥിരം കളിക്കുന്നവര്‍ക്ക് നിരന്തരമായ പരിശീലനവും വേണ്ടതല്ലേ? ക്രിസ്തുവിന്‍റെ അരുമ ശിഷ്യരാകാന്‍ നാമും അതുപോലെ നിരന്തരം പരിശീലിക്കണം. ലോകകപ്പിനേക്കാള്‍ വലിയ സമ്മാനമാണ് യേശു നമുക്കായി കാത്തുവച്ചിരിക്കുന്നത്, നിത്യ ജീവന്‍. ആ സമ്മാനം നേടാന്‍ നമുക്കൊരുങ്ങാം. അതിനായി, നാം പ്രാര്‍ത്ഥനയിലൂടെ യേശുവിനോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും, കൂദാശകള്‍ മുഖാന്തരം ക്രിസ്തീയ ജീവിതത്തില്‍ വളരുകയും, സഹോദര സ്നേഹത്തിലൂടെ ക്രിസ്തു സ്നേഹത്തിനു സാക്ഷൃമേകുകയും വേണം.” (ഫ്രാന്‍സിസ് മാര്‍പാപ്പ 2013 ജൂലൈ 27ന് കോപാകബാന കടല്‍തീരത്തെ ജാഗര പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ നല്‍കിയ വചന സന്ദേശത്തില്‍ നിന്ന്)








All the contents on this site are copyrighted ©.