2013-09-30 17:35:28

മാര്‍പാപ്പയുടെ ഫ്രാന്‍സിസ്ക്കന്‍ ആത്മീയത


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
ദീനാനുകമ്പ, പരസ്നേഹം, പ്രകൃതി സ്നേഹം, എന്നീ പുണ്യങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ ദൃശ്യമാകുന്ന ഫ്രാന്‍സിസ്ക്കന്‍ അരൂപിയാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. വി.ഫ്രാന്‍സിസിനെപ്പോലെ സമാധാന പ്രേമിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഒരു ഫ്രാന്‍സിസ്ക്കന്‍ മാസികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ ഫ്രാന്‍സിസ്ക്കന്‍ അരൂപിയെക്കുറിച്ച് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും ഡയറക്ടര്‍ ജനറല്‍കൂടിയായ ഈശോ സഭാ വൈദികന്‍ ഫാ.ലൊംബാര്‍ദി പരാമര്‍ശിച്ചത്. മാര്‍പാപ്പ അസീസി സന്ദര്‍ശിക്കാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ്ക്കന്‍ മാസിക ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. വി.ഫ്രാന്‍സിസ് അസീസിയുടെ പേര് സ്വീകരിച്ചപ്പോള്‍ മുതല്‍ ഈ സന്ദര്‍ശനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നതെന്ന് ഫാ.ലൊംബാര്‍ദി പറഞ്ഞു. മാര്‍പാപ്പയുടെ അസീസി സന്ദര്‍ശനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോക മാധ്യമങ്ങള്‍ വളരെ താല്‍പര്യം കാണിക്കുന്നുണ്ടെന്നും നൂറുക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഔദ്യോഗിക അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും ഫാ.ഫെദറിക്കോ ലൊംബാര്‍ദി വെളിപ്പെടുത്തി.

* വി.ഫ്രാന്‍സിസിന്‍റെ പേര് സ്വീകരിച്ച മാര്‍പാപ്പ ഫ്രാന്‍സിസ്ക്കന്‍ ആത്മീയതയാണോ ജീവിക്കുന്നത് എന്ന ചോദ്യത്തിനു മറുപടിയായി വി.ഫ്രാന്‍സിസ് അസീസിയുടെ പേര് സ്വീകരിച്ചെങ്കിലും ഈശോസഭാംഗമായ താന്‍ ആത്യന്തികമായി ഈശോസഭാരൂപിയില്‍ ജീവിക്കുന്ന വ്യക്തിയാണെന്നും, ഇഗ്നേഷ്യന്‍ ആത്മീയതയും ധ്യാനരീതിയും തുടരുന്നുണ്ടെന്നും മാര്‍പാപ്പ ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.








All the contents on this site are copyrighted ©.