2013-09-28 10:56:51

പാപ്പാ മതാദ്ധ്യാപകരുടെ
സമ്മേളനത്തില്‍


27 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
വിശ്വാസ രൂപീകരണത്തിന് കാലികമായ ആര്‍ജ്ജവം ആവശ്യമാണെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റയ്നോ ഫിസിക്കേല്ല പ്രസ്താവിച്ചു.
വിശ്വാസവത്സരത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 26-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ആരംഭിച്ച മതാദ്ധ്യാപകരുടെ അന്തര്‍ദേശീയ സമ്മേളനത്തെ അഭിസംബോധനചെയ്യവേയാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

വിശ്വാസജീവിത്തില്‍ പ്രതിസന്ധികള്‍ പ്രകടമാകുന്ന ഇക്കാലത്ത് കാലിക പ്രസക്തിയുള്ള ക്രൈസ്തവ വ്യക്തിത്വങ്ങള്‍ രൂപീകരിക്കാന്‍ ഉതകുന്നതാവണം മതബോധനമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അദ്ധ്യാപകരെ ഉദ്ബോധിപ്പിച്ചു. ഇന്നിന്‍റെ സാഹചര്യങ്ങളില്‍ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താനാവുന്നതും, വിശ്വാസികളെ സമൂഹജീവിതത്തില്‍ കൂട്ടിയിണക്കുന്നതുമായ ഉപകരണമാക്കി മതബോധനത്തെ പുനരാവിഷ്ക്കരിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വത്തിക്കാനിലെ പോള്‍ ആറാന്‍ ഹാളില്‍ സമ്മേളിച്ച പതിനായിരത്തോളം വരുന്ന മതാദ്ധ്യാപകരുടെ അന്തര്‍ദേശിയ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

പൊതുമേഖലയില്‍ കാണുന്ന ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത,
ബോധ്യങ്ങള്‍ മറച്ചുവച്ചു ജീവിക്കേണ്ടിവരുന്ന ക്രൈസ്തവന്‍റെ വ്യക്തിത്വപ്രതിസന്ധി, സഭാജീവിതത്തോടു കാണിക്കുന്ന നിസംഗതയും നിഷ്പക്ഷതയും, വിശ്വാസത്തോടും ധാര്‍മ്മിക ജീവിതത്തോടും പ്രകടമാക്കുന്ന അനാസ്ഥയും താത്പര്യക്കുറവും എന്നിവ വ്യാപകമായി കാണ്ടുവരുന്ന വിശ്വാസ പ്രതിസന്ധിക്കളാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വ്യക്തമാക്കി. ഇന്നത്തെ ലോകത്ത് പൊന്തിവരുന്ന ധാര്‍മ്മിക പ്രതിസന്ധികളെ നേരിടാനുള്ള ഏകമാര്‍ഗ്ഗം ശരിയായ മതബോധനമാകയാല്‍, വിശ്വാസരൂപീകരണത്തിന്‍റെ ആര്‍ജ്ജവം നഷ്ടമാവാതെ അത് കാലികമായി നവീകരിച്ചും, മാനിവകതയുടെ പുതിയ സംസ്ക്കാരത്തോടും ശൈലിയോടും ഇണങ്ങിച്ചേരുന്ന വിധത്തില്‍ വികസിപ്പിച്ചുമെടുക്കേണ്ടത് അനിവാര്യമാണെന്ന് സമ്മേളനത്തെ ഉദ്ബധിപ്പിച്ചു.

സെപ്റ്റംബര്‍ 27-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കുള്ള സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് മതാദ്ധ്യപകരെ അഭിസംബോധനചെയ്യും. 29-ാം തിയതി ഞായറാഴ്ച രാവിലെ 10.30-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് മതാദ്ധ്യാപകര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ച് സന്ദേശംനല്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.