2013-09-27 19:47:15

ക്രൈസ്തവ ജീവിതത്തിന്‍റെ
ഉരകല്ലാണ് ത്യാഗമെന്ന് പാപ്പാ


27 സെപ്റ്റംമ്പര്‍ 2013, വത്തിക്കാന്‍
സെപ്റ്റംബര്‍ 27-ാം തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. നിത്യനായ ദൈവത്തിന്‍റെ പുത്രനാണ് ക്രിസ്തുവെന്നും, അവിടുന്ന് ലോക രക്ഷകനാണെന്നും പ്രഖ്യാപിച്ച പത്രോസ് അവിടുത്തെ.
പീഡകളെയും കുരിശുമരണത്തെയും കുറിച്ചു കേട്ടപ്പോള്‍ നിരാശനായെന്നും, കര്‍ത്താവേ, അങ്ങേയ്ക്കിത് സംഭവിക്കാതിരിക്കട്ടെയെന്ന് ഉടനെ പ്രതികരിച്ചത് വിശ്വാസത്തിന്‍റെ വിരോധാഭാസമായിരുന്നെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്‍റെ കുരിശും പീഡനങ്ങളും ഏറ്റെടുക്കാന്‍ ക്രൈസ്തവര്‍ സന്നദ്ധരാകുന്നതും, ജീവിതവെല്ലുവിളികളില്‍ അവിടുത്തെ ശാന്തതയുടെയും വിനയത്തിന്‍റെയും ഭാവം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നതും വിശ്വാസത്തിന്‍റെ മാറ്റുരയ്ക്കുന്ന പ്രക്രിയയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. മതബോധനവും കൂദാശകളും വിശ്വാസ സമൂഹവും ക്രൈസ്തവര്‍ക്ക് പിന്‍തുണയായി നില്ക്കുമ്പോഴും, ചെറിയ ക്ലേശങ്ങളും വെല്ലുവിളികളും ജീവിത പരിസരങ്ങളില്‍ ഉയരുമ്പോള്‍, ക്രിസ്തുവിനെയും വിശ്വാസത്തെയും തള്ളിപ്പറയുന്ന അവസ്ഥ എതിര്‍സാക്ഷൃവും വിശ്വാസരാഹിത്യവുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ധനാഢ്യനായ യുവാവ് അവിടുത്തെ അനുഗമിക്കാന്‍ വന്നുവെങ്കിലും, വെല്ലുവിളി ഉയര്‍ന്നപ്പോള്‍ ദുഃഖിതനായി തിരിഞ്ഞുനടന്ന സുവിശേഷ സംഭവം പാപ്പാ വിശ്വാസ സമൂഹത്തെ അനുസ്മരിപ്പിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.