2013-09-24 09:46:46

സര്‍വ്വമത പ്രാര്‍ത്ഥനാ – സമാധാന സംഗമം റോമില്‍


23 സെപ്തംബര്‍ 2013, റോം
സര്‍വ്വമത സമാധാന – പ്രാര്‍ത്ഥനാ സംഗമത്തിന് റോം വേദിയാകുന്നു. സാന്‍ എജിഡിയോ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് അന്താരാഷ്ട്ര സമാധാന സമ്മേളനം റോമില്‍ നടക്കുന്നത്. 1986ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അസീസിയില്‍ വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനത്തില്‍ നിന്നു പ്രചോദനം സ്വീകരിച്ചാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചതെന്ന് സാന്‍ എജിദിയോ കൂട്ടായ്മ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
60 രാജ്യങ്ങളില്‍ നിന്നുള്ള നാനൂറിലേറെ മത, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നും ഹൈന്ദവ, ജൈന, ബുദ്ധ, സിഖ് മതനേതാക്കളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ ‍പങ്കെടുക്കാനെത്തുന്നുണ്ട്. മതാന്തര സംവാദം, മതതീവ്രവാദം, മതസ്വാതന്ത്ര്യം, ഏഷ്യയിലെ മതാത്മക ജീവിതം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്കു പുറമേ ലോക സമാധാനത്തിനുവേണ്ടിയുള്ള സര്‍വ്വമത പ്രാര്‍ത്ഥനയും ദീപപ്രദക്ഷിണവും സംഗമത്തിന്‍റെ പ്രത്യേകതയാണ്.


വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.