2013-09-24 17:30:08

വയോധികരുടെ അവകാശ സംരക്ഷണത്തിന് വത്തിക്കാന്‍റെ പ്രോത്സാഹനം


24 സെപ്തംബര്‍ 2013, ജനീവ
സമൂഹത്തില്‍ വയോധികരുടെ സ്ഥാനം അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്ന് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 25ാമത് പൊതുയോഗത്തിലാണ് വയോധികരുടെ അവകാശങ്ങളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് തോമാസി സംസാരിച്ചത്. വയോധികരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനും അവരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടി യു.എന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അനുമോദിച്ച ആര്‍ച്ചുബിഷപ്പ്, വയോധികര്‍ ആദരിക്കപ്പെടുകയും അവരുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിന് ഭരണാധികാരികളും സമൂഹവും കുടുംബവും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അഭിപ്രായപ്പെട്ടു.
വയോധികരുടെ ബുദ്ധിമുട്ടുകളും വേദനകളും സഭയ്ക്ക് സുപരിചിതമാണ്. വയോധികരെ സംരക്ഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി 17,223 കേന്ദ്രങ്ങള്‍ കത്തോലിക്കാസഭ നടത്തുന്നുണ്ട്. വയോധികരുടെ ശാരീരികാവശ്യങ്ങളില്‍ സഹായിക്കുന്നതുപോലെ തന്നെ മാനസികവും ആത്മീയവുമായ ശുശ്രൂഷയും സഭ അവര്‍ക്കു നല്‍കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തോമാസി ചൂണ്ടിക്കാട്ടി. വയോധികരുടെ സാമൂഹ്യസ്ഥാനം സ്ഥീരികരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, വയോധികരെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ അഭിപ്രായം കൂടി ആരായുക, അവരെ സഹായിക്കുന്നതിനായി സാമൂഹ്യ ഐക്യദാര്‍ഢ്യം വളര്‍ത്തുക, വയോധികരുടെ ആരോഗ്യപരിരക്ഷണം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രായോഗിക നടപടികളും വത്തിക്കാന്‍ സ്ഥാനപതി യു.എന്‍ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ മുന്‍പില്‍ അവതരിപ്പിച്ചു.

വാര്‍ത്താ സ്രോതസ്സ്: ഒസ്സെര്‍വാത്തോരെ റൊമാനോ







All the contents on this site are copyrighted ©.