2013-09-24 17:28:46

ദൈവത്തിന്‍റെ വിനയത്തെക്കുറിച്ച് മാര്‍പാപ്പയുടെ വചന സമീക്ഷ


24 സെപ്തംബര്‍ 2013, വത്തിക്കാന്‍
ദൈവം എല്ലായ്പ്പോഴും നമ്മെ കാത്തിരിക്കുന്നു. ദൈവത്തിന്‍റെ വിനയമാണതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൊവ്വാഴ്ച രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് നമുക്കുവേണ്ടി വിനയാന്വിതനാകുന്ന ദൈവത്തെക്കുറിച്ച് മാര്‍പാപ്പ പ്രതിപാദിച്ചത്. “കര്‍ത്താവിന്‍റെ ആലയത്തിലേക്ക് സന്തോഷത്തോടെ ഞങ്ങള്‍ പോകും” എന്ന സങ്കീര്‍ത്തന വാക്യത്തെ ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചന സമീക്ഷ. ദൈവജനത്തിന്‍റെ ചരിത്രത്തിലുടനീളം ദൈവസാന്നിദ്ധ്യം ദൃശ്യമാണ്. ദൈവജനത്തിന്‍റെ ചരിത്രത്തില്‍ നല്ലതും സന്തോഷകരവുമായ അനുഭവങ്ങള്‍ മാത്രമല്ല, വേദനയുടേയും രക്ഷസാക്ഷിത്വത്തിന്‍റേയും വീഴ്ച്ചകളുടേയും അനുഭവങ്ങളും ഉണ്ട്. ഈ അനുഭവങ്ങളിലെല്ലാം ദൈവം തന്‍റെ ജനത്തോടൊപ്പമുണ്ടായിരുന്നു. നിത്യനായ ദൈവത്തിന് ചരിത്രമില്ലെങ്കിലും തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ ഭാഗമാകുവാന്‍ അവിടുന്നു നിശ്ചയിച്ചു. അതിനേക്കാളുപരിയായി, നമ്മോടൊത്തായിരിക്കാന്‍ നമ്മിലൊരാളായി, യേശു ക്രിസ്തു നമ്മോടൊത്ത് സഞ്ചരിച്ചു. ഇതെല്ലാം ദൈവത്തിന്‍റെ വിനയത്തെക്കുറിച്ചുള്ള സ്തുതിഗീതകങ്ങളാണ്.
ദൈവം വിനയാന്വിതനായി എല്ലായ്പ്പോഴും നമ്മെ കാത്തിരിക്കുന്നു. അവിടുന്ന് നമ്മോടൊത്തുണ്ട്. “കര്‍ത്താവിന്‍റെ ആലയത്തിലേക്ക് സന്തോഷത്തോടെ ഞങ്ങള്‍ പോകും” എന്ന് പ്രതിവചന സങ്കീര്‍ത്തനത്തില്‍ നാം ആവര്‍ത്തിച്ചതുപോലെ, നമ്മോടത്തായിരിക്കുന്ന ദൈവത്തിന്‍റെ അപദാനങ്ങള്‍ സഭ ഇടവിടാതെ ആലപിച്ചുകൊണ്ടിരിക്കുന്നു. ആനന്ദത്തോടെ നമുക്ക് കര്‍ത്താവിനെ സമീപിക്കാം. കാരണം അവിടുന്ന് സദാ നമ്മോടൊത്തുണ്ട്. കൂദാശകള്‍ വഴിയായി നമ്മുടെ വ്യക്തിജീവിതത്തിലും ദൈവം നമ്മോടൊത്ത് സഞ്ചരിക്കുന്നു. ഇന്ദ്രജാല പ്രവര്‍ത്തികളല്ല കൂദാശകള്‍, യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചകളാണവ. യേശു നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിനായി പരിശുദ്ധാത്മാവും നമ്മോടൊത്തുണ്ട്. പിതാവും, പുത്രനും, പരിശുദ്ധാത്മാവും നമ്മുടെ സഹയാത്രികരാണ്, നമ്മോടൊത്ത് ചരിത്രത്തിലൂടെ സഞ്ചരിക്കുന്നവര്‍. കത്തോലിക്കാ സഭ പ്രഘോഷിക്കുന്ന മഹാരഹസ്യമാണിതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.