2013-09-23 16:56:03

ഭീകരാക്രമണത്തിനിരയായവര്‍ക്കുവേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന


23 സെപ്തംബര്‍ 2013,
പെഷവാറില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെയുണ്ടായ ചാവേറാക്രമണങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. ഞായറാഴ്ച രാവിലെയാണ് സകല വിശുദ്ധരുടേയും നാമത്തിലുള്ള ദേവാലയത്തിനു നേരെ ഇരട്ട ചാവേറാക്രമണം നടന്നത്. ആക്രമണത്തില്‍ 78 പേര്‍ മരണമടയുകയും 120ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ അറുനൂറിലേറെപ്പേര്‍ ദേവാലയത്തിലുണ്ടായിരുന്നു.
ഞായറാഴ്ച ഇറ്റാലിയന്‍ ദ്വീപായ സാര്‍ദീഞ്യയിലെ കാല്യരിയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുകയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആക്രമണത്തെ രൂക്ഷമായി അപലപിച്ചു.
“വിദ്വേഷത്തിന്‍റേയും യുദ്ധത്തിന്‍റേയും തെറ്റായൊരു തീരുമാനം പാക്കിസ്ഥാനില്‍ ഇന്ന് എഴുപതിലേറെപേര്‍ കൊല്ലപ്പെടുവാന്‍ ഇടയാക്കി. അസഹനീയമായ ഒരു തിരുമാനമാണിത്. ഒന്നിനും ഉപകരിക്കാത്ത തീരുമാനം. സമാധാനത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ മാത്രമേ ഒരു മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്താന്‍ സാധിക്കൂ.” – മാര്‍പാപ്പ പറഞ്ഞു.
പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തിനിരയായവര്‍ക്കുവേണ്ടി കാല്യരിയിലെ വിശ്വാസ സമൂഹത്തോടൊത്ത് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.