2013-09-18 10:02:07

അമേരിക്കന്‍ നാവികസേനാ കേന്ദ്രത്തിലെ വെടിവെയ്പ്പ്: കത്തോലിക്കാസഭയുടെ പ്രാര്‍ത്ഥനയും അനുശോചനവും


17 സെപ്തംബര്‍ 2013, ന്യൂയോര്‍ക്ക്
അമേരിക്കയിലെ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പ് ദുരന്തത്തില്‍ കത്തോലിക്കാ സഭാമേലധ്യക്ഷന്‍മാര്‍ അനുശോചനം രേഖപ്പെടുത്തി. തലസ്ഥാനമായ വാഷിംങ്ടണ്‍ ഡി.സിയില്‍ തിങ്കളാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. അതീവ സുരക്ഷാ മേഖലയായ നേവല്‍ സീ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്ത് നടന്ന വെടിവെയ്പ്പില്‍ ഇന്ത്യാക്കാരനായ വിഷ്ണു പണ്ഡിറ്റടക്കം 13 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ എട്ടുപേര്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ദുഃഖം അറിയിച്ച വാഷിംങ്ടണ്‍ രൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡൊനാള്‍ഡ് വേള്‍ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഏവരേയും ആഹ്വാനം ചെയ്തു. ആക്രമണത്തിനു പിന്നിലുള്ള കാരണം അജ്ഞാതമാണെങ്കിലും പ്രാര്‍ത്ഥനയുടെ കരുത്തില്‍ ആശ്രയിക്കാന്‍ അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.
സംഭവത്തില്‍ നടുക്കവും വേദനയും രേഖപ്പെടുത്തിയ ആര്‍ച്ചുബിഷപ്പ് തിമോത്തി ബ്രോല്യോ സന്‍മനസ്സുള്ള എല്ലാവരുടേയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു. സംഭവം നടന്ന നേവി ആസ്ഥാനകേന്ദ്രം തനിക്ക് സുപരിചിതമാണെന്നും അമേരിക്കന്‍ സൈനികരുടെ അജപാലന ശുശ്രൂഷാ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് തിമോത്തി ബ്രോല്യോ പറഞ്ഞു.








All the contents on this site are copyrighted ©.