2013-09-17 17:10:48

കത്തോലിക്കാ സഭ ധീരയായ അമ്മ: മാര്‍പാപ്പ


17 സെപ്തംബര്‍ 2013, വത്തിക്കാന്‍
സുധീരയായ ഒരു അമ്മയാണ് കത്തോലിക്കാ സഭയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ സെപ്തംബര്‍ 17ന് രാവിലെ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചനസമീക്ഷയിലാണ് മാര്‍പാപ്പ സഭയുടെ മാതൃഭാവത്തെക്കുറിച്ച് വിശദീകരിച്ചത്. യേശു നായിനിലെ വിധവയുടെ മകനെ പുനര്‍ജീവിപ്പിക്കുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കി സുവിശേഷ പരിചിന്തനം ആരംഭിച്ച മാര്‍പാപ്പ സുവിശേഷത്തിലെ വിധവ കത്തോലിക്കാസഭയുടെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടു. തന്‍റെ മണവാളനായ ക്രിസ്തുവിന്‍റെ വേര്‍പാടിനു ശേഷവും ഈ ലോകയാത്ര തുടരുന്ന കത്തോലിക്കാസഭ ക്രിസ്തുവുമായുള്ള സമാഗമത്തില്‍ പ്രത്യാശയര്‍പ്പിച്ച് കഴിയുകയാണ്. തന്‍റെ നാഥന്‍റെ ദൃശ്യസാന്നിദ്ധ്യം സംലഭ്യമാകാതെ ഏകാന്തത അനുഭവിക്കുന്ന സഭ ഒരു വിധത്തില്‍ വൈധവ്യദുഃഖമാണ് അനുഭവിക്കുന്നത്. അഴിമതിക്കാരനായ ന്യായാധിപന്‍റെ പക്കല്‍ നീതിതേടി ചെല്ലുകയും നിരന്തരമായ അഭ്യര്‍ത്ഥനയിലൂടെ നീതി നേടിയെടുക്കുകയും ചെയ്ത വിധവയായ സ്ത്രീയെ പോലെ ധീരയാണ് സഭ. തന്‍റെ മക്കളെ കാത്തുപാലിക്കുകയും, ക്രിസ്തുവിനോടുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഒരുക്കുകയും ചെയ്യുന്ന അമ്മയാണ് നമ്മുടെ സഭ. തന്‍റെ നാഥനോട് വിശ്വസ്തയായ സഭ തന്‍റെ മക്കള്‍ക്കുവേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു. പാപം മൂലം സ്വന്തം മക്കള്‍ മരണമടയുമ്പോള്‍, നായിനിലെ വിധവയെപ്പോലെ സഭാമാതാവും വിലപിക്കുന്നു. വിലപിക്കുന്ന സഭയോട് ക്രിസ്തുവിന്‍റെ പ്രതികരണം എന്തായിരിക്കും? “വിലപിക്കേണ്ട, ഞാന്‍ നിന്നോടൊത്തുണ്ട്. ഞാന്‍ നിന്നോടൊത്ത് സഞ്ചരിക്കുന്നുണ്ട് കുഞ്ഞാടിന്‍റെ വിവാഹവിരുന്നിനായി കാത്തിരിക്കൂ. നിന്‍റെ മകന്‍ മൃതനായിരുന്നു. ഇപ്പോഴിതാ അവന്‍ ജീവിക്കുന്നു.”

നായിനിലെ വിധവയുടെ വിലാപത്തില്‍ മനസലിഞ്ഞ് അവളുടെ പുത്രനോട് ശവമഞ്ചത്തില്‍ നിന്ന് ‘എഴുന്നേല്‍ക്കാന്‍’ കല്‍പ്പിച്ചതുപോലെ പാപാവസ്ഥയില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്കുവരാന്‍ ക്രിസ്തു നമ്മോടും ആവശ്യപ്പെടുന്നുണ്ട്. പാപത്താല്‍ മൃതരായ നാം എഴുന്നേറ്റ് ക്ഷമചോദിക്കുമ്പോള്‍ ക്രിസ്തു നമ്മുടെ പാപങ്ങള്‍ മോചിച്ച് സഭാമാതാവിന് നമ്മെ തിരികെ നല്‍കും. അമ്മയായ സഭയ്ക്ക് ക്രിസ്തു നമ്മെ തിരികെ നല്‍കുമ്പോഴാണ് അനുരജ്ഞനം പൂര്‍ണ്ണമാകുന്നതെന്ന് പ്രസ്താവിച്ച മാര്‍പാപ്പ സഭയ്ക്ക് പുറത്ത് അനുരജ്ഞനം സാധ്യമല്ലെന്നും വ്യക്തമാക്കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.