2013-09-17 12:50:16

ഇസ്രായേലിനെ സ്വാധീനിച്ച
സമകാലീന മതാചാരങ്ങള്‍ (55)


RealAudioMP3
പുറപ്പാടു രചനയില്‍ വിമോചനത്തിന്‍റെയും, ചെങ്കടല്‍ കടക്കലിന്‍റെയും സീനായ് സംഭവങ്ങളുടെയും ഹൃദയസ്പര്‍ശിയായ രചനാ വൈഭവം കഴിഞ്ഞാല്‍ മുന്‍പന്തിയില്‍ നില്കുന്നത് പൗരോഹിത്യ പാരമ്പര്യവും അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുമാണ്. പെരുപ്പിച്ച വിവരണങ്ങളും, അലങ്കാരങ്ങളും, സാങ്കല്പികതയും, വിശദാംശങ്ങളും ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഇസ്രായേലിന്‍റെ രൂപീകരണകാലത്ത് വളര്‍ന്നുവന്ന ഈ ആരാധനക്രമ പാരമ്പര്യം സമകാലീന മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും സ്വാധീനമാകാന്‍ ഇടയുണ്ടെന്ന് നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ കര്‍മ്മനിഷ്ഠകളാണ് പിന്നീട് ഇസ്രായേലിന്‍റെ വിശ്വാസപാരമ്പര്യത്തിനും പാരമ്യത്തിനും അടിത്തറയായി മാറുന്നത്. ഹെബ്രായ ചരിത്രത്തില്‍ വിശ്വാസ ജീവിതത്തിന്‍റെ സ്ഥായീഭാവമുള്ള പ്രതിഫലനങ്ങളായി ഈ കര്‍മ്മാനുഷ്ഠാനങ്ങള്‍ രൂപമെടുക്കുന്നത് നമുക്കു പഠിക്കാം.

അനുദിന ബലിയര്‍പ്പണത്തിലൂടെയും കര്‍മ്മാനുഷ്ഠാനങ്ങളിലൂടെയും തന്‍റെ ജനത്തിന്‍റെമദ്ധ്യേ വസിക്കുന്ന ദൈവത്തെക്കുറിച്ചാണ് 30-ാം അദ്ധ്യായത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്ത് പുറപ്പാടിന്‍റെ ഗ്രന്ഥകര്‍ത്താവ് വ്യാഖ്യാനിക്കുന്നത്. ബലിയര്‍പ്പണത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം :
ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍ കുട്ടികളെ വീതം എല്ലാ ദിവസവും അര്‍പ്പിക്കണം. ഒന്നിനെ പ്രഭാതത്തിലും മറ്റൊന്നിനെ സായന്തനത്തിലും. ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം, നാലിലൊന്നു ഹിന്‍ ശുദ്ധമായ ഒലിവെണ്ണയില്‍ കുഴച്ച, പത്തിലൊന്ന് ഏഫാ മാവും, പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും സമര്‍പ്പിക്കണം. പ്രഭാതത്തിലെന്നപോലെ സായാഹ്നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയ ബലിയോടുമൊത്ത് സുഗന്ധവാഹിയായ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിക്കേണ്ടതാണ്. അപ്പോള്‍ ഞാന്‍ എന്‍റെ ജനത്തെ സന്ദര്‍ശിക്കും. എന്‍റെ മഹത്വത്താല്‍ അവിടം ഞാന്‍ ശുദ്ധീകരിക്കും. സമാഗമകൂടാരവും ബലിപീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്ക് പുരോഹിത ശുശ്രൂഷചെയ്യുന്ന അഹറോനെയും പുത്രന്മാരെയും ഞാന്‍ നവീകരിക്കും. ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍റെമദ്ധ്യേ വസിക്കും. ഞാന്‍ അവരുടെ ദൈവമായിരിക്കും, അവരെന്‍റെ ജനവുമായിരിക്കും. ഈജിപ്തില്‍നിന്നു അവരെ കൊണ്ടുവന്ന ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവര്‍ അങ്ങനെ അറിയും. ഞാനാണ് അവരുടെ ദൈവമായ കര്‍ത്താവെന്ന് അവര്‍ അറിയും അനുസ്മരിക്കും.

വിശുദ്ധമായ കാര്യങ്ങള്‍ വിശുദ്ധയോടെ ചെയ്യണമെന്നു പറയാറുണ്ടല്ലോ. ബലിവേദിയും പീഠവുമൊക്കൊ ഏറെ ശ്രേഷ്ഠമായ വിധത്തില്‍ സംവിധാനംചെയ്യുന്നതില്‍നിന്നും ഇസ്രായേലിന് അതിനോടുള്ള ആദരവും അതിലുള്ള വിശ്വാസവും എത്രയേറെയാണെന്ന് നമുക്കു മനസ്സിലാക്കാം.

ഓരോ പ്രഭാതത്തിലും വിളക്കുകള്‍ ഒരുക്കുമ്പോള്‍ അഹറോന്‍ ബലിപീഠത്തില്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കണം. സായാഹ്നത്തില്‍ ദീപം കൊളുത്തുമ്പോഴും അവന്‍ അതിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കട്ടെ. തലമുറതോറും എന്നേയ്ക്കും കര്‍ത്താവിന്‍റെ മുന്‍പില്‍ ഈ ധൂപാര്‍പ്പണം നടക്കട്ടെ. അവിശുദ്ധ ധൂപമോ ദഹനബലിയോ ധാന്യബലിയോ അതിന്മേല്‍ നീ അര്‍പ്പിക്കരുത്. ദ്രാവക നൈവേദ്യവും ഒഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ അഹറോന്‍ അതിന്‍റെ കൊമ്പുകളില്‍ പരിഹാരകര്‍മ്മം അനുഷ്ഠിക്കട്ടെ. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത് കര്‍ത്താവിന് അതിവിശുദ്ധമാം കര്‍മ്മമാണ്, പാപപരിഹാര ബലിയര്‍പ്പണമാണ്.


കര്‍ത്താവു മോശയോട് വീണ്ടും അരുളിച്ചെയ്യുന്നതായി നാം വായിക്കുന്നത്, വളരെ വ്യത്യസ്തമായൊരു കാര്യമാണ്. ഇസ്രായേലിന്‍റെ ജനസംഖ്യയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും : ഇസ്രായേലിന്‍റെ ജനസംഖ്യ എടുക്കുമ്പോള്‍ തങ്ങളുടെയിടയില്‍ മഹാമാരി ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി കര്‍ത്താവിനു മോചനദ്രവ്യം കൊടുക്കണം. ജനസംഖ്യയില്‍പ്പെടുന്ന ഓരോ വ്യക്തിയും വിശുദ്ധ മന്ദിരത്തില്‍ നിലവിലുള്ള കണക്കനുസരിച്ച് അര ഷെക്കല്‍ വീതം കര്‍ത്താവിനു കാണിക്കയായ് അര്‍പ്പിക്കണം. ജനസംഖ്യയില്‍പ്പെടുന്ന ഇരുപത് വയസ്സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക കര്‍ത്താവിനു നല്‍കണം. പാപപരിഹാരത്തിനായി കര്‍ത്താവിന് ഇവ സമര്‍പ്പിക്കുമ്പോള്‍ അര ഷെക്കേല്‍ നല്കിയാല്‍ മതിയാകും. ധനികന്‍ കൂടുതലോ ദരിദ്രര്‍ കുറവോ കൊടുക്കേണ്ടതില്ല. ഇസ്രായേല്‍ ജനത്തില്‍നിന്നും പാപപരിഹാരത്തുക സ്വീകരിച്ച് സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്ക് ഉപോയോഗിക്കട്ടെ. അങ്ങനെ നിങ്ങള്‍ക്കു പാപപരിഹാരത്തിനുതകും വിധം അതെന്നും ഈ ജനത്തെ കര്‍ത്താവിന്‍റെ സ്മരണയില്‍ കൊണ്ടുവരും.
കര്‍ത്താവു പിന്നെയും മോശയോട് അരുള്‍ചെയ്തു :ഓടുകൊണ്ട് ഒരു ക്ഷാളനപാത്രം നിര്‍മ്മിക്കണം. അതിന്‍റെ പീഠവും ഓടുകൊണ്ടുള്ളതായിരിക്കണം. അതു സമാഗമകൂടാരത്തിനും ബലിപീഠത്തിനുമിടയ്ക്കു സ്ഥാപിക്കണം. അതില്‍ ക്ഷാളനത്തിനായ് ജലമൊഴിക്കണം. അഹറോനും പുത്രന്മാര്‍ക്കും കൈകാലുകള്‍ കഴുകുന്നതിനുവേണ്ടിയാണിത്. അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ ശുശ്രൂഷയ്ക്കായ് ബലിപീഠത്തെ സമീപിച്ച് കര്‍ത്താവിന് ദഹന ബലിയര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ കൈകാലുകള്‍ കഴുകട്ടെ, ദേഹശുദ്ധി വരുത്തട്ടെ. അല്ലെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടും. ഇത് അവര്‍ക്ക് എന്നേയ്ക്കുമുള്ള ഒരു കല്പനയായ് കരുതണം, അവനും അവന്‍റെ സന്തതികള്‍ക്കും തലമുറതോറുമുള്ള കല്പനയായ് കരുതണം.

ആരാധനക്രമനിഷ്ഠയിലും അഭിഷേകകര്‍മ്മങ്ങളിലും ഏറെ പ്രധാനപ്പെട്ട ഘടകമാണ് അഭിഷേകതൈലം. അതിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നമുക്ക് തുടര്‍ന്നു ശ്രവിക്കാം. മികച്ച സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക. വിശുദ്ധ മന്ദിരത്തില്‍ നിലവിലിരിക്കുന്ന ഷെക്കല്‍ ശുദ്ധമായ മീറയും ഇന്നൂറ്റന്‍പതു ഷെക്കല്‍ സുഗന്ധമുള്ള കറുവപ്പട്ടയും ഇരുന്നൂറ്റന്‍പതു സുഗന്ധ സസ്യങ്ങളും, അഞ്ഞൂറു ഷെക്കല്‍ അമരിപ്പട്ടയും, ഒരു ഹിന്‍ ഒലിവെണ്ണയും എടുക്കുക. സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി വിശുദ്ധ തൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും. സമാഗമകൂടാരവും സാക്ഷൃപേടവും അതുകൊണട് അഭിഷേകംചെയ്യണം. മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും ദഹനബലിപീഠവും ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്‍റെ പീഠവും നീ അഭിഷേചിക്കണം. ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ വിശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധമാകും. പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി അഹറോനെയും പുത്രന്മാരെയും അഭിഷകംചെയ്യുകയും വേര്‍തിരിക്കുയും വേണം. നീ ഇസ്രായേല്‍ക്കാരോടു പറയണം – ഇതു തലമുറതോറും എനിക്കായുള്ള അഭിഷേകതൈലമായിരിക്കും. ഇതു വൃഥാവില്‍ ഉപയോഗിക്കരുത്. കൂട്ടുവസ്തുക്കള്‍ ഈ കണക്കില്‍ ചേര്‍ത്ത് മറ്റൊരു തൈലമുണ്ടാക്കയുമരുത്. ഇതു വിശുദ്ധമാണ്. ഇത് പവിത്രമാണ്. നിങ്ങളതു വിശുദ്ധമായ് കരുതണം. പിന്നിതുപോലൊരു ചേരുവ ഉണ്ടാക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അവന്‍ ജനത്തില്‍നിന്നും വിച്ഛേദിക്കപ്പെടും, പുറംതള്ളപ്പെടും.

വിശുദ്ധഗ്രന്ഥ സമാഹാരത്തില്‍ പുറപ്പാട് പുസ്തകത്തെ ഏറെ ശ്രദ്ധേയമാക്കുന്നത് അതിന്‍റെ രചനാ വൈഭവമോ, സാഹിത്യഭംഗിയോ അല്ല. അവയിലെ സംഭവങ്ങളുടെ ചരിത്രപരതയോ അതിലുള്ള ഐകരൂപ്യമോ അല്ല. നിലയ്ക്കാത്ത കാലപ്രയാണത്തില്‍ ‘ഇസ്രായേല്‍’ എന്ന് ഗ്രന്ഥം പരാമര്‍ശിക്കുന്ന ഒരു ജനസമൂഹത്തില്‍ വളര്‍ന്നു വന്ന ഈശ്വരസാക്ഷാത്ക്കാരമാണ് പുറപ്പാടിനെ സവിശേഷമാക്കുന്നതും ശ്രദ്ധേയമാക്കുന്നതും.
പുറപ്പാടു വിവരിക്കുന്ന വിമോചനത്തിന്‍റെ കഥയും, ദൈവിക ഇടപെടലിലൂടെയുള്ള അത്ഭുതങ്ങളുടെ വിവരണങ്ങളും, അതു ചിട്ടപ്പെടുത്തുന്ന ആരാധനക്രമസംവിധാനങ്ങളൊന്നുമല്ല പുറപ്പാടിന്‍റെ സത്ത. മറിച്ച് ദൈവശാസ്ത്രപരമായൊരു നിയോഗം മാത്രമാണ്. വേദഗ്രന്ഥത്തിനു തന്നെ അടിസ്ഥാനമായി നില്കുന്ന ദൈവത്തിന്‍റെ അപരിമേയത്വവും, മനുഷ്യമനസ്സുകള്‍ക്ക് അഗ്രാഹ്യമായ ദൈവിക രഹസ്യങ്ങളുമാണവ. പുറപ്പാടിന്‍റെ പൗരോഹിത്യ പാരമ്പര്യത്തിലെ രചനയില്‍ അവ ചുരുളഴിയുന്നത് ഇനിയും പഠിക്കാം.
Prepared : nellikal, Radio Vatican








All the contents on this site are copyrighted ©.