17 സെപ്തംബര്‍ 2013, ബാഗ്ദാദ് ഇറാക്കിലെ ആക്രമണങ്ങള്‍ സിറിയന്‍ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന്
ബാഗ്ദാദിലെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് സാക്കോ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബാഗ്ദാദിനു
സമീപം നടന്ന ബോംബാക്രമണപരമ്പരയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച മാത്രം പതിനേഴോളം സ്ഫോടനങ്ങളാണ് ബാഗ്ദാദിലും
സമീപ പട്ടണങ്ങളിലുമായി നടന്നത്. ഷിയ മുസ്ലീം വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഹിലാ നഗരത്തിലും
ആക്രമണമുണ്ടായി. ആക്രമണങ്ങളില്‍ അന്‍പതോളംപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും
ചെയ്തു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സമുദായ വിഭാഗങ്ങള്‍ തമ്മില്‍
നടന്നുകൊണ്ടിരിക്കുന്ന അനുരജ്ഞന ശ്രമങ്ങള്‍ തകര്‍ക്കുകയുമാണ് ഈ ആക്രമണങ്ങളുടെ ലക്ഷൃമെന്ന്
ആര്‍ച്ചുബിഷപ്പ് സാക്കോ കുറ്റപ്പെടുത്തി. തെക്കന്‍ ഇറാക്ക് താരതമ്യേന ശാന്തമായിരുന്നെങ്കിലും
ഇപ്പോള്‍ അവിടെയും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇറാക്കില്‍
നടക്കുന്ന ആക്രമണങ്ങള്‍ക്ക് സിറിയയിലേയും ഈജിപ്തിലേയും പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധമുണ്ട്.
മധ്യപൂര്‍വേഷ്യയെ സമുദായാധിഷ്ഠിതമായി വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇത്തരം ആക്രമണങ്ങളെന്ന്
സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് സാക്കോ പ്രസ്താവിച്ചു. ഇറാക്കിലെ
ക്രൈസ്തവ സമൂഹം ഭീതിയിലാണ്. എവിടെയാണ് ആശ്രയം തേടിപോകേണ്ടതെന്ന് അറിയാതെ കുഴങ്ങുകയാണ്
അവര്‍. എന്നാല്‍ ക്രൈസ്തവര്‍ മാത്രമല്ല, മറ്റുള്ളവരും അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നും
അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനം സ്ഥാപിക്കപ്പെടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
സമാധാനത്തിനുവേണ്ടി ഇറാക്ക് ജനതയും മാര്‍പാപ്പയോട് ചേര്‍ന്ന് പ്രാര്‍ത്ഥിച്ചു. സെപ്തംബര്‍
7ന് ലോകസമാധാനത്തിനുവേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിച്ച ക്രൈസ്തവരോടൊപ്പം മുസ്ലീം സഹോദരങ്ങളും
പങ്കുചേര്‍ന്നുവെന്നും ആര്‍ച്ചുബിഷപ്പ് സാക്കോ അനുസ്മരിച്ചു.