2013-09-16 17:36:14

റോമാ രൂപതയുടെ വൈദിക സമ്മേളനം മാര്‍പാപ്പയുടെ അദ്ധ്യക്ഷതയില്‍


16 സെപ്തംബര്‍ 2013, റോം
റോമാ രൂപതയുടെ വൈദിക സമ്മേളനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അദ്ധ്യക്ഷതയില്‍ നടന്നു. സെപ്തംബര്‍ 16ാം തിയതി തിങ്കളാഴ്ച രാവിലെ ജോണ്‍ ലാറ്ററന്‍ ഭദ്രാസന ദേവാലയത്തില്‍ വച്ചായിരുന്നു സമ്മേളനം. രണ്ടു മണിക്കൂറിലേറെ നീണ്ട സ്വകാര്യ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇടവക വൈദികരുടെ അജപാലന ശുശ്രൂഷയെക്കുറിച്ചും, ശുശ്രൂഷയിലും ആത്മീയ ജീവിതത്തിലും വൈദികര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഹൃദയസ്പര്‍ശിയായ ഒരു പ്രഭാഷണത്തിനു ശേഷം വൈദികരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനും മാര്‍പാപ്പ തയ്യാറായെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വൈദികര്‍ വെളിപ്പെടുത്തി.

വൈദികവിളി സ്വീകരിച്ച ആദ്യ നാളുകളില്‍ ദൈവത്തോടുണ്ടായിരുന്ന സ്നേഹവും ഉത്സാഹവും അനുസ്മരിക്കാന്‍ വൈദികരെ ക്ഷണിച്ച മാര്‍പാപ്പ അജപാലന ശുശ്രൂഷയിലെ ബുദ്ധിമുട്ടുകളും ക്ഷീണവും ക്രിസ്തുവിന്‍റെ പാദാന്തികത്തില്‍ സമര്‍പ്പിക്കാനും അവരെ ആഹ്വാനം ചെയ്തു. ആത്മാവിന്‍റെ ഇരുണ്ട രാത്രികള്‍ വൈദിക ജീവിതത്തില്‍ സ്വാഭാവികമാണെന്ന് പ്രവാചകന്‍മാരായ ജെറമിയായുടേയും ഏലിയായുടേയും വി. സ്നാപക യോഹന്നാന്‍റേയും ജീവിതാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് മാര്‍പാപ്പ സമര്‍ത്ഥിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാര്‍ഗം പ്രാര്‍ത്ഥനയാണ്. ദിവ്യകാരുണ്യ നാഥനു മുന്‍പില്‍ പ്രാര്‍ത്ഥനാ നിരതരാകുക. ദൈവജനത്തോടൊപ്പം ആയിരിക്കേണ്ടവരാണ് അജപാലകരെന്നും മാര്‍പാപ്പ ഇടവക വൈദികരെ ഓര്‍മ്മിപ്പിച്ചു.

മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം റോമാ രൂപതയുടെ വികാരി കര്‍ദിനാള്‍ അഗസ്തീനോ വല്ലീനി സമ്മേളനത്തിന് മുന്നൊരുക്കമായി രണ്ട് ലേഖനങ്ങള്‍ വൈദികരുടെ വിചിന്തനത്തിനായി നല്‍കിയിരുന്നു. 2008ല്‍ കര്‍ദിനാള്‍ ബെര്‍ഗോളിയോ വൈദികര്‍ക്കായി നടത്തിയ ധ്യാനത്തിലെ വിചിന്തവും, ലാറ്റിനമേരിക്കയിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ അപരെസിദാ സമ്മേളനത്തിന്‍റെ സമാപനസന്ദേശത്തിന്‍റെ വെളിച്ചത്തില്‍ വൈദിക വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു ലേഖനവുമാണ് സമ്മേളനത്തിന് ആദ്ധ്യാത്മികമായി ഒരുങ്ങുന്നതിന് വൈദികരെ സഹായിച്ച ലേഖനങ്ങള്‍.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.