2013-09-16 17:36:05

ഭരണാധികാരികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ


16 സെപ്തംബര്‍ 2013, വത്തിക്കാന്‍
ജനങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരും എളിമയുള്ളവരുമായിരിക്കണം ഭരണാധികാരികളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്തംബര്‍ 16ന് രാവിലെ സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.

“മെച്ചപ്പട്ട രീതിയില്‍ സേവനം ചെയ്യാന്‍ തക്കവിധം എന്‍റെ ജനത്തെ ഞാന്‍ സ്നേഹിക്കുന്നുണ്ടോ? എനിക്ക് എളിമയുണ്ടോ? ഏറ്റവും മികച്ച മാര്‍ഗ്ഗം തിരഞ്ഞെടുക്കാനായി മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞാന്‍ ശ്രദ്ധിക്കാറുണ്ടോ?” – എന്നീ ചോദ്യങ്ങള്‍ ഓരോ ഭരണാധികാരികളും സ്വയം ചോദിക്കേണ്ടതാണ്. ഇങ്ങനെ ആത്മപരിശോധന നടത്താത്തവരുടെ ഭരണം നല്ലതായിരിക്കില്ല. ഭരണത്തിലിരിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും പൊതുജനത്തെ സ്നേഹിക്കുകയും എളിമയോടെ സേവനം ചെയ്യുകയും ചെയ്യണമെന്ന് പാപ്പ ഉത്ബോധിപ്പിച്ചു.

എന്നാല്‍ ഭരണാധികാരിയല്ല എന്ന കാരണത്താല്‍ പൊതുകാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആര്‍ക്കും സാധ്യമല്ലെന്നും പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. “എനിക്കിതില്‍ ഒരു പങ്കുമില്ല, ‘അവരുടെ’ സര്‍ക്കാരാണ്. ഉത്തരവാദിത്വം സര്‍ക്കാരിന്‍റേതാണ്” എന്ന ചിന്താഗതിയും ശരിയല്ല. “ ‘അവരുടെ’ ഭരണത്തില്‍ എനിക്കും ഉത്തരവാദിത്വമുണ്ട്. നല്ലരീതിയില്‍ ഭരണം നടക്കുന്നതിന് ഞാനും കഴിവിന്‍റെ പരമാവധി സഹായിക്കണം. ” രാഷ്ട്രീയകാര്യങ്ങളില്‍ പങ്കെടുത്തുകൊണ്ട് തനിക്കു സാധിക്കുന്ന രീതിയില്‍ പൊതുക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കടപ്പെട്ടിരിക്കുന്നവരാണ് നാമെല്ലാവരും. കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധന പ്രകാരം, പൊതുക്ഷേമം ലക്ഷൃമാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം പരസ്നേഹത്തിന്‍റെ (ഉപവി) ശ്രേഷ്ഠ രൂപമാണ്. ആര്‍ക്കും അതില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.
ഉത്തമ കത്തോലിക്കര്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്നു പറയുന്നത് ശരിയല്ല. നല്ല കത്തോലിക്കര്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയും, കഴിവിന്‍റെ പരമാവധി നല്‍കുകയും ചെയ്യുന്നു. ഭരണാധികാരികള്‍ക്കു വേണ്ടി നമുക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്താണ്? പ്രാര്‍ത്ഥന!
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നതും അതു തന്നെയല്ലേ? “എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ പ്രാര്‍ത്ഥനകളും ഉപകാര സ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്‍മാര്‍ക്കും ഉന്നത സ്ഥാനീയര്‍ക്കും വേണ്ടിയും ഇപ്രകാരം ചെയ്യേണ്ടതാണ്. അത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ മുമ്പില്‍ സ്വീകാര്യവുമത്രേ” (1 തിമോ. 2: 1-3)

“പക്ഷേ, പിതാവേ അയാളൊരു ചീത്ത മനുഷ്യനാണ്. അയാള്‍ നരകത്തില്‍ പോകും” എന്ന് ആരെങ്കിലും പറഞ്ഞേക്കാം. അങ്ങനെയുള്ളവര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. അവര്‍ എളിമയുള്ളവരാകാനും, നല്ല ഭരണം നടത്താനും, ജനങ്ങളെ സ്നേഹിക്കുന്നതിനും സേവിക്കുന്നതിനും വേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. ഭരണകര്‍ത്താക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ക്രിസ്ത്യാനി, നല്ല ക്രിസ്ത്യാനിയല്ലെന്നും മാര്‍പാപ്പ പറഞ്ഞു. “പക്ഷേ, പിതാവേ, അയാള്‍ ശരിയല്ല” എന്നു പറയാതെ “അയാളുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക.”

നല്ല രീതിയില്‍ ഭരണം നടത്താനും, രാജ്യത്തും ലോകം മുഴുവനും ശാന്തിയും സമാധാനവും ക്ഷേമവും ഉണ്ടാകുന്നതിനുവേണ്ടി രാഷ്ട്ര ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നതിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം, എന്ന ക്ഷണത്തോടെയാണ് മാര്‍പാപ്പ തന്‍റെ വചന സമീക്ഷ ഉപസംഹരിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.