2013-09-13 09:34:41

ധാര്‍ഷ്ട്യവും ധിക്കാരവും
പ്രസക്തമല്ല


12 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
വിശ്വാസ ജീവിതത്തില്‍ ധാര്‍ഷ്ട്യമോ ധിക്കാരമോ ഉണ്ടാവരുതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഇറ്റലിയിലെ ദിനപത്രം la Republica പ്രസിദ്ധീകരിച്ച വിശ്വാസസംബന്ധിയായ പത്രാധിപക്കുറിപ്പിനോട് പ്രതികരിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ കുറിച്ചത്. മനസ്സാക്ഷിക്കെതിരായ നീക്കമാണ് പാപം, എന്ന ശീര്‍ഷകത്തിലാണ്, la Republica പാപ്പായുടെ പ്രതികരണം പ്രസിദ്ധീകരിച്ചത്. ‘മുന്‍വിധിയില്ലാതെയും തുറവോടുംകൂടെ’ വിശ്വാസത്തെക്കുറിച്ച് ലോകത്തോട് സംവദിക്കാനുള്ള തന്‍റെ ആഗ്രഹമാണിതെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു.
.
എളിമയോടും തുറവോടുംകൂടെ ഏവരെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പരസ്പരബന്ധം പുലര്‍ത്താനുമുള്ള സന്നദ്ധതയായിരിക്കണം വിശ്വാസ ജീവിതമെന്ന് പാപ്പാ പ്രസ്താവിച്ചു. എളിമയോടും തുറവോടുംകൂടെ ദൈവത്തെ അന്വേഷിക്കുന്നവരില്‍ അവിടുത്തെ കാരുണ്യം അനന്തമായി ചൊരിയുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. അതിനാല്‍ മനസ്സാക്ഷിക്കു വിരുദ്ധമായ നീക്കമാണ് പാപം, എന്നത് മൗലികമായ സത്യമാണെന്നും, അത് വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ദൈവമെന്ന സത്യം വ്യക്തിപരമോ, ആനുപാതികമോ അല്ല. അത് പരമവും അപരിമിതവുമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. “ഞാന്‍ വഴിയും സത്യവും ജീവനുമാണ്” എന്ന് (യോഹ. 14, 6) പ്രഖ്യാപിച്ച ക്രിസ്തുവില്‍ ദൈവസ്നേഹത്തിന്‍റെ സത്യം തെളിഞ്ഞുനില്കുന്നുണ്ട്. അതിനാല്‍ നാം ജീവിക്കുന്ന സാമൂഹ്യ സാംസ്ക്കാരിക ചുറ്റുപാടുകളില്‍ ദൈവസ്നേഹത്തിന്‍റെ സത്യം പങ്കുവയ്ക്കണമെന്നും മനുഷ്യരോട്, വിശിഷ്യാ എളിയവരോട് സഹാനുഭാവം പ്രകടമാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവം മനുഷ്യമനസ്സിന്‍റെയോ സൃഷ്ടിയോ, ഭാവനയിലെ സങ്കല്പമോ അല്ലെന്നും, അവിടുന്ന് ജീവിക്കുന്ന യാഥാര്‍ത്ഥ്യവും, ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട അനന്ത നന്മയും കാരുണ്യവുമാണെന്നും സമര്‍ത്ഥിച്ചു.
ക്രിസ്തുവിലൂടെ ദൈവമക്കാളായവര്‍ ലോകത്തുള്ള സകലരെയും സഹോദരങ്ങളായി കാണേണ്ടതാണ്. ഈ മനോഭാവം ക്രൈസ്തവീകതയുടെ തനിമയാര്‍ന്നതും അന്യൂനവുമായ പ്രകാശനമാണെന്നും പാപ്പാ തന്‍റെ ലേഖനം ഉപസംഹരിച്ചുകൊണ്ട് പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.