2013-09-13 09:15:08

അര്‍ജന്‍റീനയുടെ
വാഴ്ത്തപ്പെട്ട ബ്രൊച്ചേരോ


12 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
അര്‍ജന്‍റീനയുടെ ആത്മീയപുത്രന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.
അര്‍ജന്‍റീനയിലെ ചീക്കാസ് താഴ്വാരത്ത് പാവങ്ങളുടെമദ്ധ്യേ പ്രവര്‍ത്തിച്ച ഫാദര്‍ ജോസ് ഗബ്രിയേല്‍ ‍ബ്രൊച്ചേരോയാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. മെയ് 2-ാം തിയതി പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധീകരിച്ച ഡിക്രി പ്രകാരം, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ ധന്യനായ ഗബ്രിയേല്‍ ബ്രൊച്ചേരോയെ സെപ്റ്റംബര്‍ 14-ാം തിയതി ശനിയാഴ്ച രാവിലെ കൊര്‍ദോബായില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കു ഉയര്‍ത്തും.

പാവങ്ങളായവരുടെ സാമൂഹ്യവും ആത്മീയവുമായ പുരോഗതി വിഭാവനംചെയ്ത പ്രേഷിതധീരനാണ് ഗ്ബ്രിയേല്‍ ബ്രൊച്ചേരോ. 1840-ല്‍ സിയാറസ് ചീക്കാ മലയോരത്ത് സാന്താ റോസാ എന്ന സ്ഥലത്തി ജനിച്ചു.
1856-ല്‍ രൂപതാ സെമിനാരിയില്‍ പ്രവേശിച്ചു 1872-ല്‍ പൗരോഹിത്യം സ്വീകരിച്ച് ഇടവക വൈദികനായി.
പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സാമൂഹ്യ ക്ഷേമവും ആത്മീയ വളര്‍ച്ചയും അദ്ദേഹം കോര്‍ത്തിണക്കി. സുവിശേഷം പ്രഘോഷിച്ചപ്പോഴും ജനങ്ങള്‍ക്ക് മതബോധനം നല്കിയപ്പോഴും ഗ്രാമങ്ങളില്‍ വിദ്യാലയം പണിയാനും, രോഗികളെ പരിചരിക്കാനും, ഭവനങ്ങള്‍ നിര്‍മ്മിക്കാനും, മലയോരങ്ങളില്‍ യാത്രാനുയോജ്യമായ വഴികളൊരുക്കുവാനും ഫാദര്‍ ബ്രൊച്ചേരോ പദ്ധതിയൊരുക്കുമായിരുന്നു.

ക്രിസ്തുസ്നേഹത്തിന്‍റെ ജീവിക്കുന്ന സാക്ഷിയായിരുന്നു ഇടവകവൈദികനായ ബ്രൊച്ചേറോ. ഇരുകൈകളുംകൊണ്ട് നന്മയുടെ വിത്തുവിതച്ച നല്ല കൃഷിക്കാരന്‍, വ്യക്തിഗത വിശുദ്ധിയില്‍നിന്നും പ്രസരിച്ച നന്മകള്‍ സമൂഹത്തെയും ആത്മീയാഭിവൃദ്ധിയിലേയ്ക്കു വളര്‍ത്തി. വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ആത്മീയതയാണ്
ഈ ധന്യാത്മാവിനെ നയിച്ചത്. വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ആത്മീയാഭ്യാസങ്ങളാണ് അജപാലന ശുശ്രൂഷയില്‍ ബ്രൊച്ചേരിക്ക് പ്രചോദനമായത്. ‘ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു’ എന്നത് പുണ്യശ്ലോകനായ ബ്രൊച്ചേറായുടെ ജീവിതസൂക്തമായിരുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.