2013-09-12 20:23:31

ശത്രുസ്നേഹം ജീവിക്കാന്‍
എളിമ വേണമെന്ന് പാപ്പാ ഫ്രാന്‍സിസ്


സെപ്റ്റംബര്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് സുവിശേഷത്തെ ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
ശത്രുവിനെ സ്നേഹിക്കണമെങ്കില്‍ മറിയത്തിലെപ്പോലെ എളിമയുടെയും ലാളിത്യത്തിന്‍റെയും മനോഭാവം അടിസ്ഥാനമായി ആവശ്യമാണെന്ന്, ‘മറിയത്തിന്‍റെ നാമം’ ആരാധനക്രമത്തില്‍ അനുസ്മരിച്ച ദിനത്തിന്‍റെ പശ്ചാത്തലത്തില്‍ പാപ്പ പ്രസ്താവിച്ചു.

അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, കന്നത്തിടിക്കുന്നവന് മറ്റേതുകൂടെ കാണ്ച്ചുകൊടുക്കുകയും, മേലങ്കി ചേദിക്കുന്നവന് പുറംകുപ്പായംകൂടെ കൊടുക്കുകയും ചെയ്യുന്ന വിശാലഹൃദയത്തിന്‍റെയും വിട്ടുവീഴ്ച്ചയുടെയും സാഹചര്യങ്ങള്‍ മറിയം തന്‍റെ ജീവിതത്തില്‍ വിനീതയായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വചനസമീക്ഷയില്‍ (ലൂക്കാ 6, 27-38) പാപ്പാ വ്യഖ്യാനിച്ചു. പാപത്തെയും മരണത്തെയും തിന്മയെയും കുരിശുമരണത്തിലൂടെ വിനയാന്വിതനായി കീഴടക്കിയ ക്രിസ്തുവിനോടു ചേര്‍ന്നു നില്ക്കുന്നവര്‍ക്കേ ശത്രുസ്നേഹം സ്വായത്തമാക്കാനാവൂ എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കണമെന്ന് പൗലോസ് അപ്പസ്തോലന്‍ (കൊളോ. 3, 12..) പറയുമ്പോള്‍ ക്രിസ്തുവിന്‍റെ മുദ്രയും മുദ്രാവാക്യവുമായ ശത്രുസ്നേഹത്തിന്‍റെ പാഠങ്ങള്‍തന്നെയാണ് പഠിപ്പിക്കുന്നതെന്നും പാപ്പാ വിവരിച്ചു. ക്രിസ്തുവിനോടു കൂടെയായിരിക്കാതെയും, ക്രിസ്തുവിലേയ്ക്കു തിരിയാതെയും ശത്രുസ്നേഹത്തിന്‍റെ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്കാവില്ല. ശത്രുവിനോടു ക്ഷമിക്കാനാവുന്നത് ക്രിസ്ത്വാനുഭവത്തിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ദൈവകൃപയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് വചനസമീക്ഷ സമാഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.