11 സെപ്റ്റംബര്‍ 2013, റോം സിംബാവേയിലെ വത്തിക്കാന്റെ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ്പ്
പീറ്റര്‍ പോള്‍ പ്രഭു റോമില്‍ അന്തരിച്ചു. വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍
പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് പ്രഭു ചെന്നൈ സ്വദേശിയാണ്. ക്യാന്‍സര്‍ ബാധിതനായിട്ടാണ്
82-മത്തെ വയസ്സില്‍ റോമില്‍ മരണമടഞ്ഞത്. 2002-ല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍നിന്നും
വിരമിച്ചശേഷം പാപ്പാ ഫ്രാന്‍സിസ് വസിക്കുന്ന സാന്താ മാര്‍ത്താ ഭവനത്തില്‍ വിശ്രമജീവിതം
നയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 10-ാം തിയതി ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം.
രോഗഗ്രസ്തനായ ആര്‍ച്ചുബിഷപ്പ് പ്രഭുവിനെ പാപ്പാ ഫ്രാന്‍സിസ് പലവട്ടം സന്ദര്‍ശിക്കുമായിരുന്നു.
ആശുപത്രിയില്‍ മരണമടഞ്ഞ ആര്‍ച്ചുബിഷപ്പ് പ്രഭുവിന്റെ അന്തിമോപചാര ശുശ്രൂഷകള്‍
ഇന്ത്യയില്‍നിന്നും ബന്ധുമിത്രാദികള്‍ എത്തിയശേഷം പിന്നീട് റോമില്‍ നടത്തപ്പെടുമെന്ന്
വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
1931-ല്‍ മദ്രാസില്‍ ജനിച്ചു. 1955- മദ്രാസ്
മൈലാപ്പൂര് അതിരൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും
കാനോനാ നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയ ശേഷം 1962-ല്‍ വത്തിക്കാന്റെ നയതന്ത്രവിഭാഗത്തില്‍
പ്രവേശിച്ചു. എത്വോപ്യാ, ഗൗതമാല, ഹായ്തി, ചിലെ, ഫ്രാന്‍സ്, സുഡാന് എന്നീ രാജ്യങ്ങളിലെ
വത്തിക്കാന്‍ സ്ഥാനപതിയുടെ ഓഫിസുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 - മുതല്‍ വിപ്രവാസികളുടെ
കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലില്‍ പ്രവര്‍ത്തിക്കവെയാണ്, 1993-ല്‍ ആര്‍ച്ചുബിഷപ്പ്
പ്രഭുവിനെ സിമ്പാവേയിലെ വത്തിക്കാന്റെ സ്ഥാനപതിയും നുമീദിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി
ജോണ്‍ പോള്‍ രണ്ടാമന് പാപ്പ നിയോഗിച്ചത്. Reported : nellikal, Radio Vatican