2013-09-11 20:21:06

അത്യന്താപേക്ഷിതമായ
സാമൂഹ്യഘടകം – കുടുംബം


11 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാനവും അത്യന്താപേക്ഷിതമായ ഘടകവുമാണെന്ന്, കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു.
സെപ്റ്റംബര്‍ 13, 14 തിയതികളില്‍ പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ അരങ്ങേറുന്ന 13-ാമത് യൂറോപ്യന്‍ കുടുംബ സമ്മേളനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കുടുംബങ്ങളുടെ ഭദ്രതയെയും പ്രാധാന്യത്തെയുംകുറിച്ച് ആര്‍ച്ചുബിഷപ്പ് പാലിയ പ്രസ്താവിച്ചത്.

യൂറോപ്പില്‍ കാണുന്ന കുടുംബങ്ങളുടെ തകര്‍ച്ചയും കുഞ്ഞുങ്ങളുടെ കുറവും പ്രകൃതിയെയും ചരിത്രത്തെയും വെല്ലുവിളിക്കുന്ന വിനാശകരമായ പ്രതിഭാസമാണെന്നും, കുടുംബങ്ങളില്‍ ഈശ്വരവിശ്വാസം പക്വത പ്രാപിക്കാത്തതെയും, ശരിയായ വിശ്വാസരൂപീകരണം യുവതലമുറയ്ക്ക് ലഭിക്കാതെയും പോകുന്നതാണ് അതിനു കാരണമെന്നും ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി. ആഗോള സംസ്ക്കാരത്തിന്‍റെ ഗതിവിഗതികള്‍ക്ക് ആക്കംനല്കാനും മാതൃയാകാനും കരുത്തുണ്ടായിരുന്ന യൂറോപ്പ് ഭൂഖണ്ഡത്തിന്‍റെ അധഃപതനത്തിന് കുടുംബങ്ങളുടെ തകര്‍ച്ച കാരണമാകുമെന്നും വത്തിക്കാന്‍റെ വക്താവ് അഭിമുഖത്തില്‍ നിരീക്ഷിച്ചു.

സമകാലീന യൂറോപ്പില്‍ കുടുംബങ്ങളുടെ അവസ്ഥ, എന്ന വിഷയം സമ്മേളനം പഠനവിഷയമാക്കുമെന്നും ആര്‍ച്ചുബിഷപ്പ് പാലിയ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.