2013-09-10 17:17:18

സിറിയന്‍ പ്രതിസന്ധി: എരിതീയില്‍ എണ്ണയൊഴിക്കുന്ന ആയുധ ലോബിക്കെതിരേ വത്തിക്കാന്‍ സ്ഥാനപതി


10 സെപ്തംബര്‍ 2013, ജനീവ
സിറിയയില്‍ ആയുധകച്ചവടം നടത്തുന്ന ആയുധ ലോബികള്‍ സിറിയന്‍ യുദ്ധത്തിന് ആക്കം കൂട്ടുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. യുദ്ധഭീഷണി വര്‍ദ്ധിപ്പിക്കുന്ന ആയുധസംഭരണവും അനധികൃത ആയുധക്കച്ചവടവും അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ആഹ്വാനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് തോമാസി. ഇക്കഴിഞ്ഞ ഞായറാഴ്ച നല്‍കിയ ത്രികാല പ്രാര്‍ത്ഥാ സന്ദേശത്തില്‍ അനധികൃതമായ ആയുധക്കച്ചവടം ഫ്രാന്‍സിസ് മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആയുധകച്ചവടത്തിനും അനധികൃത ആയുധക്കടത്തിനുമെതിരേ പോരാടാന്‍ മാര്‍പാപ്പ ലോകസമൂഹത്തോടാഹ്വാനം ചെയ്തു.
മാര്‍പാപ്പയുടെ ആഹ്വാനം അതിപ്രസക്തമാണെന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് തോമാസി പ്രസ്താവിച്ചു. സംഘര്‍ഷമേഖലകളിലെല്ലാം ആയുധങ്ങള്‍ കാണുന്നുണ്ട്. കൂടുതല്‍ ആയുധങ്ങള്‍ നല്‍കികൊണ്ട് സമാധാനം സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നത് നിരര്‍ത്ഥകമാണെന്ന് ആര്‍ച്ചുബിഷപ്പ് തോമാസി ചൂണ്ടിക്കാട്ടി. 2012ല്‍ 1,750 ബില്യണ്‍ ഡോളറാണ് ആഗോളതലത്തില്‍ സൈനികാവശ്യങ്ങള്‍ക്കുവേണ്ടി ചിലവഴിക്കപ്പെട്ടത്. അതില്‍ 8%വും മധ്യപൂര്‍വ്വദേശത്തിനുവേണ്ടിയായിരുന്നു. മധ്യപൂര്‍വ്വദേശത്തെ അശാന്തിയുടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.