2013-09-10 17:18:59

റോമന്‍ കൂരിയാ മേധാവികളുമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച്ച


10 സെപ്തംബര്‍ 2013, വത്തിക്കാന്‍
റോമന്‍ കൂരിയായിലെ വിവിധ കാര്യാലയങ്ങളുടെ മേലധികാരികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച രാവിലെ അപ്പസ്തോലിക അരമനയില്‍ നടന്ന സമ്മേളനത്തില്‍ കൂരിയാമേധാവികള്‍ക്കു പുറമേ വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസിഡന്‍റും റോമാ രൂപതയുടെ കര്‍ദിനാള്‍ വികാരിയും പങ്കെടുത്തുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ മാര്‍പാപ്പ റോമന്‍ കൂരിയായിലെ കാര്യാലയങ്ങളുടെ മേലധികാരികളെ വ്യക്തിപരമായി കണ്ട് സംസാരിച്ചിരുന്നു. അതിനു ശേഷമാണ്, തന്‍റെ പേപ്പല്‍ ഭരണത്തിന്‍റെ ആറാം മാസത്തില്‍ (സെപ്തംബര്‍ 10ന്) എല്ലാ മേലധികാരികളുടേയും സംയുക്ത യോഗം പാപ്പ വിളിച്ചുകൂട്ടിയത്. മാര്‍പാപ്പയുടെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം ഉച്ചയ്ക്ക് 1 മണിവരെ നീണ്ടു.
വത്തിക്കാന്‍റെ ഭരണസംവിധാനത്തെക്കുറിച്ച് വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേലധികാരികളുടെ വീക്ഷണങ്ങളും നിര്‍ദേശങ്ങളും ശ്രവിക്കാനും, കോണ്‍ക്ലേവിനു മുന്‍പ് നടന്ന കര്‍ദിനാള്‍മാരുടെ പൊതുയോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യാനുമാണ് പാപ്പാ ഫ്രാന്‍സിസ് ഈ സമ്മേളനം വിളിച്ചുകൂട്ടിയതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. സാര്‍വ്വത്രിക സഭയുടെ ഭരണകാര്യങ്ങളില്‍ തന്നെ സഹായിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്‍കിയ എട്ടംഗ കര്‍ദിനാള്‍ സംഘത്തിന്‍റെ പ്രഥമ സമ്മേളനം ഒക്ടോബര്‍ മാസാദ്യം വത്തിക്കാനില്‍ നടക്കുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.