2013-09-10 17:17:07

ബന്ധികളാക്കപ്പെട്ട മെത്രാന്‍മാരുടെ മോചനത്തിന് പൗരസ്ത്യസഭകളുടെ നിവേദനം


10 സെപ്തംബര്‍ 2013,
സിറിയയുടെ സമാധാനവും ബന്ധികളാക്കപ്പെട്ട മെത്രാന്‍മാരുടെ മോചനവും ആവശ്യപ്പെട്ടുകൊണ്ട് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള “Pro Oriente” ഫൗണ്ടേഷന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണും പൗരസ്ത്യ സഭാ മേലധ്യക്ഷന്‍മാരും സംയുക്തമായി ഒരു നിവേദനത്തില്‍ ഒപ്പുവച്ചു. ഈ പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കണമെന്ന് മധ്യപൂര്‍വ്വദേശത്തെ ഭരണാധികാരികളോടും മതനേതാക്കളോടും ദേശീയ – അന്തര്‍ദേശീയ സന്നദ്ധ സംഘടനകളോടും പൗരസമൂഹത്തോടും ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ അഭ്യര്‍ത്ഥിച്ചു.
സിറിയയില്‍ ബന്ധികളാക്കപ്പെട്ട അലപ്പോയിലെ സിറിയക് ഓര്‍ത്തഡോക്‌സ് സഭയിലെ ബിഷപ്പ് യോഹന്നാന്‍ ഇബ്രാഹിം മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ ബിഷപ്പ് ബൗലോസ് യസ്ജി എന്നിവരെ മോചിക്കുക, ആക്രമത്തിന്‍റെ യുക്തിയോട് വിടപറഞ്ഞ് അനുരജ്ഞന ചര്‍ച്ചകള്‍ അവലംബിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരം ആദരിച്ച് അനധികൃതമായ സൈനിക അധിനിവേശം നടത്താതിരിക്കുക, മാതൃരാജ്യത്തു നിന്ന് പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുക്കുക, എന്നിങ്ങനെ ആറ് പ്രധാന അഭ്യര്‍ത്ഥനകളാണ് നിവേദനത്തിലുള്ളത്.
കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനു പുറമേ അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് യുവാന്ന തൃതീയന്‍, സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് ഇഗ്നാത്ത്യോസ് സാഖ പ്രഥമന്‍, ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്കാ പാത്രിയാര്‍ക്കീസ് ലഹാം ഗ്രിഗോറിയോസ് തൃതീയന്‍, കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ പ്രഥമന്‍ സാഖോ, അസീറിയന്‍ പാത്രിയാര്‍ക്കീസ് മാര്‍ ദിനാക്ക നാലാമന്‍, അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കീസ് നേര്‍സെസ് ബെദ്രോസ് പത്തൊന്‍പതാമന്‍ എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.