2013-09-10 17:18:45

പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നവര്‍ക്ക് മാര്‍പാപ്പയുടെ നന്ദി


10 സെപ്തംബര്‍ 2013, വത്തിക്കാന്‍
സിറിയയിലും മധ്യപൂര്‍വ്വദേശത്തും ലോകം മുഴുവനും സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി സെപ്തംബര്‍ 7ന് ആചരിച്ച ഉപവാസ പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ കൃതജ്ഞ രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് മാര്‍പാപ്പ കൃതജ്ഞതാ പ്രകടനം നടത്തിയത്.
സെപ്തംബര്‍ 1ന് ത്രികാല പ്രാര്‍ത്ഥനാ വേളയിലാണ് സമാധാനരാജ്ഞിയായ പ.കന്യകാമറിയത്തിന്‍റെ ജനനത്തിരുന്നാളിന്‍റെ തലേന്നാളായ സെപ്തംബര്‍ 7ന് ഉപവാസ പ്രാര്‍ത്ഥനാ ദിനാചരണം നടത്താന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. ലോകമാസകലമുള്ള കത്തോലിക്കര്‍ക്കുപുറമേ അന്യമതസ്തരും ദൈവവിശ്വാസമില്ലാത്തവര്‍പോലും ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ അണിചേര്‍ന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബര്‍ 7ന് വത്തിക്കാനില്‍ നയിച്ച ജാഗരപ്രാര്‍ത്ഥനാ സംഗമത്തില്‍ ഒരുലക്ഷത്തിലേറെ പേര്‍ പങ്കുകൊണ്ടു. തന്നോടൊത്ത് പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദിപറഞ്ഞ മാര്‍പാപ്പ സമാധാനത്തിനുവേണ്ടി തുടര്‍ന്നു പ്രാര്‍ത്ഥിക്കണമെന്നും തദവസരത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.