2013-09-09 17:11:39

മാര്‍പാപ്പയുടെ പ്രത്യാശാവചനങ്ങള്‍ സിറിയന്‍ ജനതയ്ക്കു സാന്ത്വനം: ആര്‍ച്ചുബിഷപ്പ് സെനാരി


09 സെപ്തംബര്‍ 2013, ഡമാസ്ക്കസ്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാന സന്ദേശം സിറിയന്‍ ജനതയ്ക്കു പ്രത്യാശ പകരുന്നുവെന്ന് സിറിയയിലെ വത്തിക്കാന്‍ സ്ഥാപനപതി ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി. മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം സിറിയയുടേയും ലോകം മുഴുവന്‍റേയും സമാധാനത്തിനായി സെപ്തംബര്‍ 7ന് നടത്തിയ പ്രാര്‍ത്ഥനാ ദിനാചരണത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകീട്ട് വത്തിക്കാനില്‍ മാര്‍പാപ്പ നയിച്ച ജാഗരപ്രാര്‍ത്ഥനയ്ക്കു സമാനമായ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ സിറിയയിലെ വിവിധ സ്ഥലങ്ങളിലും നടത്തിയെന്ന് അദ്ദേഹം അറിയിച്ചു. ഡമാസ്ക്കസിലെ ഗ്രീക്ക്- മെല്‍ക്കൈറ്റ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ജാഗര പ്രാര്‍ത്ഥനയ്ക്ക് കത്തോലിക്കാ മെത്രാന്‍മാരും ഓര്‍ത്തഡോക്സ് മെത്രാന്‍മാരും നേതൃത്വം നല്‍കി. ക്രൈസ്തവ സഭാംഗങ്ങള്‍ക്കു പുറമേ, പാര്‍ലമെന്‍റ് അംഗങ്ങളും, മുസ്ലീം സമുദായ പ്രതിനിധികളും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. സംഘര്‍ഷാവസ്ഥ മൂലം രാത്രി വൈകിയുള്ള പരിപാടികള്‍ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ചില സ്ഥലങ്ങളില്‍ പ്രാര്‍ത്ഥാസംഗമം നേരത്തെയാക്കിയെന്നും ആര്‍ച്ചുബിഷപ്പ് സെനാരി അറിയിച്ചു. യാതനയില്‍ കഴിയുന്ന സിറിയന്‍ ജനതയെ സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം പ്രത്യാശയുടെ ജീവശ്വാസമായിരുന്നു. ഐക്യവും സമാധാനവും സ്ഥാപിക്കാന്‍ ഇനിയും സാധിക്കുമെന്ന പ്രത്യാശ ജനം ഉള്‍ക്കൊണ്ടു. മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്കും സന്ദേശത്തിനും നന്ദി പറയാന്‍ അനേകര്‍ തന്‍റെ പക്കലെത്തിയിരുന്നെന്നും ആര്‍ച്ചുബിഷപ്പ് സെനാരി വെളിപ്പെടുത്തി. സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാ സംഗമവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശവും അതീവ പ്രധാന്യത്തോടെയാണ് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ആത്മ പരിശോധനയ്ക്കും സമാധാനസ്ഥാപനത്തിനുമായി മാര്‍പാപ്പ നല്‍കിയ ആഹ്വാനം രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നവരില്‍ ചലനമുണ്ടാക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി അഭിമുഖത്തില്‍ പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.