2013-09-09 17:11:20

ഖനിത്തൊഴിലാളികള്‍ക്ക് മാര്‍പാപ്പയുടെ അഭിവാദ്യം


09 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഖനിത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിവാദ്യങ്ങള്‍. ഖനനമേഖലയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക – സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ച് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന പഠനസമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഖനിത്തൊഴിലാളികളെ അനുസ്മരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസാ സന്ദേശം സമ്മേളനത്തിനയച്ചത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ്.
ഖനനമേഖലയിലെ വ്യവസായികളുടേയും ബഹുരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളും, ഖനനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന വിദഗ്ദരുമടക്കം നാല്‍പതോളം പ്രമുഖര്‍ സെപ്തംബര്‍ 7ന് വത്തിക്കാനില്‍ നടന്ന പഠനസമ്മേളനത്തില്‍ പങ്കെടുത്തു.
ഖനനമേഖലയിലെ ബഹുമുഖ പ്രശ്നങ്ങളെക്കുറിച്ച് സന്ദേശത്തില്‍ പരാമര്‍ശിച്ച അദ്ദേഹം ഭൂതകാല തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഖനന വ്യവസായികളോട് അഭ്യര്‍ത്ഥിച്ചു. നിക്ഷേപകരുടേയും വ്യവസായികളുടേയും താല്‍പര്യങ്ങളോ, പ്രാദേശിക ഭൂമിശാസ്ത്രമോ, കമ്പനികളുടെ ലാഭമോ മാത്രം കണക്കിലെടുത്തുകൊണ്ടല്ല ഇന്ന് ഈ മേഖലയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഭാവിതലമുറകളുടെ സുരക്ഷിതത്വത്തിനും, പരിസ്ഥിതി സംരക്ഷണത്തിനും, തൊഴിലാളികളുടെ സുരക്ഷയ്ക്കുമായിരിക്കണം മുന്‍ഗണന. ഖനിത്തൊഴിലാളികള്‍, വ്യവസായികള്‍, നിക്ഷേപകര്‍, കമ്പനികള്‍, എന്നിങ്ങനെ ഈ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യത്യസ്ഥ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സമന്വയിപ്പിച്ച് മനുഷ്യനും പ്രകൃതിയ്ക്കും ദോഷമുണ്ടാക്കാതെ പ്രവര്‍ത്തിക്കുകയെന്നത് ഖനനമേഖല നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ഒരൊറ്റ പഠന ശിബിരത്തിലൂടെ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കണമെന്നില്ല. എന്നിരുന്നാലും, ഈ മേഖലയിലെ എല്ലാ വിഭാഗങ്ങള്‍ക്കും മാര്‍ഗദര്‍ശനമേകുന്ന ധാര്‍മ്മിക തത്വങ്ങള്‍ രൂപീകരിക്കാന്‍ നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഈ സംരംഭം സഹായകമാകട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.