2013-09-09 17:11:49

ഈജിപ്തിലെ ക്രൈസ്തവര്‍ ആക്രണമഭീതിയിലെന്ന് ഇന്ത്യന്‍ മിഷനറി


09 സെപ്തംബര്‍ 2013, ഡമാസ്ക്കസ്
ഈജിപ്തിലെ ക്രൈസ്തവര്‍ ആക്രണത്തിന്‍റെ ഭീതിയിലാണ് കഴിയുന്നതെന്ന് ഈജിപതില്‍ ശുശ്രൂഷചെയ്യുന്ന ഇന്ത്യന്‍ വൈദികന്‍ ഫാ.ബിമല്‍ കേര്‍കേത്ത. മിന്യായിലെ ഈശോസഭാ സ്ക്കൂളിലിന്‍റെ മേധാവിയായ ഫാ.കേര്‍ക്കേത്ത ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് അംഗങ്ങള്‍ ക്രൈസ്തവര്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ഒരു കത്തോലിക്കാ വാര്‍ത്താഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു പതിറ്റാണ്ടുകാലമായി ഈജിപ്തില്‍ ശുശ്രൂഷ ചെയ്യുന്ന ജാര്‍ഘണ്ട് സ്വദേശിയായ ഫാ.ബിമല്‍ കേര്‍കേത്ത മിന്യയിലെ ഇപ്പോഴത്തെ സാഹചര്യം ഭീതിയോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെ വിദ്യാലയത്തിലെ നാലില്‍ മൂന്നു ശതമാനവും മുസ്ലീം വിദ്യാര്‍ത്ഥികളാണ്, എന്നിട്ടും സ്ക്കൂള്‍ ആക്രമണ ഭീഷണിയിലാണെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാലയത്തിനു സമീപം മുസ്ലീം ബ്രദര്‍ഹുഡ് അനുയായികള്‍ സ്ഥിരമായി പ്രക്ഷോഭയാത്രകളും പ്രതിഷേധ സമ്മേളനങ്ങളും നടത്തുന്നുണ്ട്.
ജൂണ്‍ 30ന് മുഹമദ് മുര്‍സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം ആരംഭിച്ച പ്രക്ഷോഭത്തില്‍ മിന്യയില്‍ മാത്രം പന്ത്രണ്ടോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. അനാഥാലയങ്ങളും ആതുരസേവനകേന്ദ്രങ്ങളുമടക്കം ഇരുപതിലേറെ ഇതര ക്രൈസ്തവ സ്ഥാപനങ്ങളും ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ നശിപ്പിച്ചു. ക്രൈസ്തവ സാന്നിദ്ധ്യം തുടച്ചുമാറ്റാനാണ് മതഭീകരര്‍ ശ്രമിക്കുന്നതെന്നും ഭീകരരുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ പ്രാദേശിക ഭരണകൂടം അശക്തമാണെന്നും പ്രാദേശിക നിവാസികള്‍ കുറ്റപ്പെടുത്തി.

വാര്‍ത്താ സ്രോതസ്സ്: UCAN







All the contents on this site are copyrighted ©.