2013-09-07 12:43:59

രക്ഷയുടെ രഹസ്യങ്ങള്‍
ഭൂമിയില്‍ ആവിഷ്ക്കരിച്ച അമ്മ


RealAudioMP3
മറിയത്തിന്‍റെ ജനനത്തിരുനാള്‍
വി. മത്തായി 1, 18-23 23rd Sunday Ordinary
യേശുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. അവന്‍റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുന്‍പ് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമയി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു. ദാവീദിന്‍റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും - എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ശാന്തിനികേതനില്‍ പഠിക്കുന്ന കാലത്ത് ജര്‍മ്മന്‍കാരന്‍റെ ചോദ്യത്തിനുത്തരമായി പറഞ്ഞു. “ഞാനൊരു സാധാരണ സ്ത്രീ മാത്രമാണ്. ഒരസാധാരണ പുരുഷന്‍റെയും അപൂര്‍വ്വ വ്യക്തിത്വമുള്ള സ്ത്രീയുടെയും മകളായി ജനിച്ചു എന്ന വ്യത്യാസമുണ്ടെന്നു മാത്രം.” നസ്രത്തിലെ മറിയവും ഇങ്ങനെ കരുതിയിരിക്കണം. താനൊരു സാധാരണ സ്ത്രീയാണ്. ഓരസാധാരണ കുഞ്ഞിന്‍റെ അമ്മയെന്ന സ്ഥാനം ഉണ്ടെന്നു മാത്രം.

പലസ്തീനായിലാണ് മറിയത്തിന്‍റെ ജനനത്തിരുനാള്‍ ഉത്ഭവിച്ചത്. സറിയായിലെ വിശുദ്ധ റൊമാനൂസാണ് ക്രിസ്തുവര്‍ഷം 457-ല്‍ ഈ തിരുനാള്‍ റോമിലെത്തിക്കുന്നത്. ഡിസംബര്‍ 8-ാം തിയതി കന്യകാനാഥയുടെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കന്നതുമായി ബന്ധപ്പെടുത്തിയാകാം സെപ്തംബര്‍ 8-ാം തിയതി മറിയത്തിന്‍റെ ജന്മദിനമായി തിരഞ്ഞെടുത്തത്. മാത്രമല്ല, യൂറോപ്പിലെ വേനലില്‍ പലയിടത്തും മുന്തിരി വിളവെടുപ്പിന്‍റെ സമയമായതിനാല്‍, ആദ്യഫലങ്ങളുടെ തിരുനാളുമാണിത്. മറിയത്തിന്‍റെ മാതാപിതാക്കള്‍ ജൊവാക്കിം – അന്ന എന്നിവരാണ്. അവരുടെ ഏകസന്താനമാണ് മറിയം എന്ന് പാരമ്പര്യം സൂചിപ്പിക്കുമ്പോഴും, ക്രിസ്തുവിന്‍റെ കുരിശിന്‍ ചുവിട്ടില്‍ നിന്ന സ്ത്രീകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ സെബദീയുടെ ഭാര്യയായ സലോമി യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ സോഹിദരിയാണെന്ന സൂചന ലഭിക്കുന്നുണ്ട്.

മറിയത്തിന്‍റെ വംശം ഏതെന്നു കൃത്യമായി രേഖകളില്ല. എങ്കിലും പുരോഹിത കുടുംബത്തില്‍പ്പെട്ട സഖറിയായും എലിസബത്തും ചാര്‍ച്ചക്കാരായതിനാല്‍ ‘ലേവ്യ’ ഗോത്രത്തിലാണ്, പുരോഹിത വംശത്തിലാണ് മറിയം ജനിച്ചത് എന്നാണ് നിജപ്പെടുത്തിയിട്ടുള്ളത്. വളരെ ചെറുപ്പത്തിലേ തന്നെ യഹൂദ പാരമ്പര്യത്തില്‍ നസ്രത്തില്‍ത്തന്നെയുള്ള ജോസഫ് എന്നൊരു മരപ്പണിക്കാരനുമായി മറിയത്തിന് വിവാഹം നിശ്ചയിച്ചു. അത്യസാധാരണമായൊരു വിവാഹബന്ധത്തിലേയ്ക്കാണ് മറിയം ചെന്നു പെട്ടത്. ജോസഫുമായി ഒരുമിച്ചു ജീവിക്കുന്നതിനു മുന്‍പുതന്നെ രക്ഷകന്‍റെ മാതാവാകുവാന്‍ ദൈവം അവളെ തിരഞ്ഞെടുത്തു. പ്രതീക്ഷയ്ക്കു വിപരീതമായും, നിഗൂഢമായും ചരിത്രത്തില്‍ ഇടപെടുന്ന ദൈവത്തിന്‍റെ സഹജഗുണത്തിനു ചേര്‍ന്നതാണ് ഈ തിരഞ്ഞെടുപ്പ്. പലപ്പോഴും ഇടര്‍ച്ചയ്ക്കു ഇടനില്ക്കുന്നതാണ് ദൈവത്തിന്‍റെ വഴികള്‍. മറിയത്തിന്‍റെ ജീവിതവും ഇടര്‍ച്ചയിലുള്ള ദൈവിക തിരഞ്ഞെടുപ്പാണ് വെളിപ്പെടുത്തുന്നത്. ഇന്നും അവള്‍ അനേകര്‍ക്ക് ഇടര്‍ച്ചയുടെ വാളാണ്. ദൈവത്തിന്‍റെ ഇടര്‍ച്ചയുടെ വഴികളിലൂടെ സഞ്ചരിക്കാന്‍ ഒരുക്കമാവുക വെല്ലുവിളിയാണ്.

ബൈബിളിലെ ഏറ്റവും മനോഹരമായ ആനന്ദഗീതങ്ങളിലൊന്നാണ് മറിയത്തിന്‍റെ സ്തോത്രഗീതം. “എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു, എന്‍റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്കാ 1, 46-55). നമ്മുടെയൊക്കെ ജാലകത്തില്‍നിന്നും നോക്കുമ്പോള്‍ മറിയത്തിന് ആഹ്ലാദിക്കാനേറെയൊന്നുമില്ല. എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിന്‍റെ വിളുമ്പില്‍ നില്‍ക്കേണ്ടി വരുന്ന ഒരാള്‍. എന്നിട്ടും അവള്‍ തന്‍റെ ജീവിതത്തെ ആനന്ദത്തിന്‍റെ ആത്മീയതയില്‍ പണിതുയര്‍ത്തി. അതിലേക്ക് മറിയം എത്തിയത് അഞ്ചു രഹസ്യങ്ങളിലൂടെയാണല്ലോ. തിങ്കള്‍ മുതല്‍ ശനിവരെയ്ക്കും നാം ഉരുവിടുന്ന ജപമാലയുടെ താളലയത്തോടൊപ്പം നമ്മളും മറയത്തോടൊത്തു ക്രിസ്തു രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്നു. മറിയത്തിന്‍റെ ആനന്ദരഹസ്യങ്ങള്‍ നല്ലൊരു ധ്യാനം തന്നെയാണ്. ആനന്ദത്തിലേയ്ക്കുള്ള മറിയത്തിന്‍റെ വഴികള്‍ നാംമും സ്വായത്തമാക്കേണ്ടതാണ്.

മറിയത്തിന്‍റെ ജീവിതത്തില്‍ ദൂതനിലൂടെ ദൈവത്തിന്‍റെ ഇടപെടലുണ്ടായി. നമ്മുടെയും ജീവിതങ്ങളില്‍ ദൈവത്തിന്‍റെ ഇടപെടലുണ്ടാവുക അര്‍ത്ഥവത്താണ്. ഗബ്രിയേല്‍ മറ്റേതോ ലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്. കാറ്റില്‍ ജീവന്‍റെ തിരിനാളം കെട്ടുപോയാലും അവശേഷിക്കുന്ന വെളിച്ചമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന നിത്യതയുടെ ദൂതനാണ് ഗബ്രിയേല്‍.

പിന്നെ എലിസബത്തിന്‍റെ സാന്നിദ്ധ്യം പഠിപ്പിക്കുന്നത്, ദൈവത്തിന്‍റെ കൃപാസ്പര്‍ശം ഉണ്ടായൊരാള്‍ ഉണരുന്നത് കുറെക്കൂടി ആഴമുള്ള ബന്ധത്തിലേയ്ക്കാണ് എന്നതാണ് സത്യം. എനിക്കു പുറത്ത് ജീവിക്കാനും സ്നേഹിക്കാനും കണ്ടെത്തുന്ന കാരണത്തിന്‍റെ പേരാണ് എലിസബത്ത്. അതാരുമാകാം – ഒരു സ്നേഹിതനാകും, സഹധര്‍മ്മിണിയാവാം, ബന്ധുവാകാം ഒപ്പം ഏതു സ്നേഹാനുഭവത്തിനും ജീവിതത്തില്‍ നാം കൊടുക്കേണ്ട യാത്രയുടെ വില ഒരിക്കലും മറക്കരുത്.

ഇനി, ബതലഹേം മറിയത്തിന്‍റെ ജീവിതശൈലിയാണെന്നു പറയാം. എങ്ങനെ ജീവിക്കണം എന്നുള്ളതിന്‍റെ ഏറ്റവും മനോഹരമായ മാതൃകയാണത്. വചനം മാംസമായിടമാണത്. ധര്‍മ്മവും കര്‍മ്മവും തമ്മില്‍ നമുക്കിടയില്‍ ഒത്തിരി അകല്‍ച്ചയുണ്ട്. വാക്കിനും കര്‍മ്മത്തിനും ഇടയില്‍ പണിയാതെ പോകുന്ന പാലം ഇന്ന് മനുഷ്യരെ വ്യകുലപ്പെടുത്തുന്നുപോലുമില്ല. ക്രിസ്തു ഉള്ളില്‍ പൂര്‍ണ്ണമായും രൂപപ്പെടുവോളം, അവിടുത്തേയ്ക്കുവേണ്ടി മറിയം ഈറ്റുനോവ് അനുഭവിക്കുകയായിരുന്നു.

ദൈവം പരിമിതികളിലേയ്ക്ക് ചുരുങ്ങിയ ഇടമാണ് ബെത്ലഹേം. മനുഷ്യന് ജീവിക്കാനായി വളരെ കുറച്ചു കാര്യങ്ങള്‍ മതിയെന്ന് മനസ്സിനോട് നിരന്തരം മന്ത്രിക്കുന്നിടവും അതുതന്നെ. വിഭവങ്ങളോട് മാത്രമല്ല, വൈകാരികതയോടും പറയണം ഇതു മതി, ഇനിമതിയെന്ന്. ഹൃദയത്തോടണച്ചു നില്‍ക്കുന്ന സുഹൃത്തുള്ളൊരാള്‍ക്ക് എന്തിനാണ് ആള്‍ക്കൂട്ടത്തിന്‍റെ ബലം. അയാള്‍ക്ക് ആ ഓര്‍മ്മ മാത്രം മതി. സമ്മര്‍ദ്ദമില്ലാതെയാണ് ബെതലഹേമില്‍ ദൈവം പിറന്നത്. ‘വളഞ്ഞ ഞാങ്കണ ഒടിക്കാതെയും, പുകയുന്ന തിരി കെടുത്താതെയും,’ (ഏശയ്യ 42, 3) ഒത്തിരി സമ്മര്‍ദ്ദങ്ങള്‍കൊണ്ട് നമ്മല്‍ ഇനിയും ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് വിളിച്ചു പറയുന്നതാണ് സാന്നിദ്ധ്യവും സമ്മര്‍ദ്ദവും തമ്മിലുള്ള അകലമെന്നും ധ്യാനിക്കാം.

അവസാനമായി കൈവിട്ടുപോയ തമ്പുരാനെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വരിക. ബാലനായ യേശു ദേവാലയത്തിലുണ്ടായിരുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നില്ല. പ്രാര്‍ത്ഥിച്ചും, പഠിപ്പിച്ചും, ധ്യാനിച്ചും തര്‍ക്കിച്ചുമൊക്കെ അവിടുന്ന് അവിടെ ജീവിച്ചു. ഇത്തിരി തര്‍ക്കത്തിനു കൂടി ദൈവികവഴികളില്‍ ഇടമുണ്ടെന്നറിയണം. നിത്യജീവിതത്തില്‍ ഉപകരിക്കുന്ന യുക്തികള്‍ ജീവിതത്തില്‍ വേണ്ടെന്നു വയ്ക്കുന്നത് ഭേദപ്പെട്ട ഭാഷയില്‍ പറഞ്ഞാല്‍ ഒരു മണ്ടത്തരമാണ്. കിണറുകളെ വിട്ടുകളഞ്ഞോളൂ. ഉള്ളില്‍ ഉറവകളുണ്ട്, അതിലേയ്ക്ക് പ്രവേശിക്കുക.

സാമൂഹ്യവും ബാഹ്യവുമായ സഭയുടെ വിശ്വാസപ്രകടനവും പ്രഖ്യാപനവുമായ ആരാധനക്രമത്തില്‍ ചരിത്രകാലം മുതല്‍ ദൈവമാതാവിനെക്കുറിച്ചുള്ള വളരെ പ്രകടമായ പ്രതിപാദനങ്ങള്‍ ഉണ്ട്. ക്രിസ്തുവര്‍ഷം 431-ല്‍ എഫേസൂസ് സൂനഹദോസാണ് ദൈവമാതൃത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ആധുനീക സഭാ ചരിത്രത്തിലെ നാഴികക്കല്ലായ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ജനതകളുടെ പ്രകാശം, lumen gentium എന്ന പ്രഥമ പ്രമാണരേഖയില്‍ ദൈവമാതൃത്വം പുനര്‍നിര്‍വ്വചിക്കുന്നു. മറിയത്തിന്‍റെ ദൈവമാതൃത്വമാണ് അവളുടെ എല്ലാ മഹത്വങ്ങള്‍ക്കും നിദാനം എന്നു വിവരിച്ചുകൊണ്ടാണ് പ്രമാണരേഖയുടെ താളുകള്‍ തുറക്കുന്നത്.
രക്ഷയുടെ ദൈവികരഹസ്യം മറിയം നമുക്കായി ക്രിസ്തുവില്‍ ആവിഷ്ക്കരിക്കുകയും, പിന്നീട് ക്രിസ്തു തന്‍റെ മൗതികശരീരമായി സ്ഥാപിച്ച സഭയിലൂടെ അതു തുടര്‍ന്നു കൊണ്ടിരിക്കുകയുംചെയ്യുന്നു.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1987-ല്‍ രക്ഷകന്‍റെ അമ്മ Redemptoris Mater എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചുകൊണ്ടാണ് ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരാമാണ്ട്, ക്രിസ്തുജയന്തി - ജൂബിലി വര്‍ഷത്തിന് സഭാമക്കളെ ഒരുക്കിയത്. തന്‍റെ മകന്‍ പഠിപ്പിച്ച സുവിശേഷ സത്യങ്ങള്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത വ്യക്തി മറിയമാണെന്ന സത്യം പുണ്യശ്ലോകനായ പാപ്പാ ഈ പ്രബോധനത്തില്‍ സ്ഥിരീകരിക്കുന്നു.

നസ്രത്തിലെ മറിയത്തിന്‍റെ ദിവ്യമാതൃത്വം മനുഷ്യകുലത്തിന്‍റെ ജീവിതയാത്രയില്‍ ഇന്നും പ്രകാശം പരത്തുന്നു.

മറിയത്തെപ്പോലെ നമ്മുടെ ജീവിതങ്ങള്‍ ദൈവസ്നേഹത്താല്‍ സ്പര്‍ശിക്കപ്പെടാന്‍ അനുവദിക്കുമ്പോള്‍ സ്വര്‍ഗ്ഗം നമുക്കായി തുറക്കപ്പെടും, എന്നാണ് മറിയം പഠിപ്പിക്കുന്നത്. അങ്ങനെ മറിയത്തെപ്പോലെ ഇക്കാലഘട്ടത്തെ ജീവിത വിശ്വസ്തതയും സ്നേഹവുംകൊണ്ടും ക്രിസ്തുവിന്‍റെ സുവിശേഷ വെളിച്ചത്താലും പ്രശോഭിപ്പിക്കാം. അതുവഴി അനുദിന ജീവിതത്തിലെ ചെറിയകാര്യങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താനും, ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാധിക്കട്ടെ. പരിശുദ്ധ അമ്മ നമ്മെ തുണയ്ക്കട്ടെ!
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.