2013-09-06 19:57:02

പാപ്പായുടെ സമാധാനാഭ്യര്‍ത്ഥന
ജി 20-യുടെ സംഗമവേദിയിലെത്തി


6 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
ജി 20 ആതിഥേയ രാഷ്ട്രത്തലവന്‍ വ്ലാഡിമീര്‍ പുടിന് പാപ്പാ ഫ്രാന്‍സിസ് സമാധാനാഭ്യര്‍ത്ഥന അയച്ചു. വന്‍ശക്തികളുടെ സൈനിക ഇടപെടലില്ലാതെ സംവാദത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പാതിയിലൂടെ സംഘര്‍ഷ ഭൂമിയായ സിറിയില്‍ സമാധനം സ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്നായിരുന്നു സെപ്റ്റംമ്പര്‍ 4-ാം തിയതി വത്തിക്കാനില്‍നിന്നും പീറ്റേഴ്സ്ബര്‍ഗിലേക്കയച്ച പാപ്പായുടെ കത്തിന്‍റെ സംഗ്രഹം. ലോക സമ്പദ് വ്യവസ്ഥതിയുടെ വികസന പദ്ധതികള്‍ ചര്‍ച്ചാവിഷയമാക്കിയാണ് വികസിത, വികസ്വര രാഷ്ട്രങ്ങളുടെ ദ്വിദിന ഉച്ചകോടി (സെപ്റ്റംബര്‍ 5, 6 തിയതികളില്‍) റഷ്യയുടെ തലസ്ഥാനമായ പീറ്റേഴ്സ്ബര്‍ഗില്‍ സമ്മേളിച്ചിരിക്കുന്നത്. ജി 20-യുടെ ആതിഥേയ പ്രസിഡന്‍റ് എന്ന നിലയ്ക്കാണ് പുടിന് പാപ്പാ ഫ്രാന്‍സിസ് കത്തയച്ചത്. സിറിയയുടെ സമാധാനത്തിനായി സെപ്റ്റംബര്‍ 7-ാം തിയതി ആഗോളതലത്തില്‍ ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കാനും പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിട്ടുണ്ട്.

പാപ്പാ വ്ലാഡിമീര്‍ പുടിനയച്ച കത്തിന്‍റെ പരിഭാഷ:
ജി 20 രാഷ്ട്രത്തിലെ ജനങ്ങള്‍ക്കു മാത്രമല്ല, ഭൂമുഖത്തെ ഓരോ വ്യക്തിക്കും, പിറക്കാന്‍പോകുന്ന കുഞ്ഞിനും ജീവിത സായാഹ്നത്തിലെത്തിയ വയോധികനും ഒരുപോലെ മാന്യമായൊരു ജീവിത ചുറ്റുപാട് ഉറപ്പു വരത്തുമ്പോഴായിരിക്കും ലോക സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത്. ബോധപൂര്‍വ്വകമായ സായുധ സംഘര്‍ഷങ്ങള്‍ സമൂഹത്തില്‍ ഭിന്നതയും ആഴമായ മുറിവുകളും വളര്‍ത്തുന്ന ആഗോള ഐക്യദാര്‍ഢ്യത്തിന്‍റെ ബദ്ധശത്രുവാണ്. ഐക്യരാഷ്ട്ര സംഘടയുടെ സഹസ്രാബ്ദ ലക്ഷൃങ്ങള്‍പോലുള്ള, ആഗോള സമൂഹം ലക്ഷൃംവയ്ക്കുന്ന സമൂഹ്യ സാമ്പത്തിക വികസന പദ്ധതികള്‍ സാക്ഷാത്ക്കരിക്കാതെ പോകുന്നതിന്‍റെ പിന്നിലും ലോകത്ത് അങ്ങിങ്ങായി നടമാടുന്ന യുദ്ധങ്ങളും കലാപങ്ങളുമാണ്. നിര്‍ഭാഗ്യവശാല്‍ മരണത്തിന്‍റെയും രോഗങ്ങളുടെയും കൊടുംദാരിദ്ര്യത്തിന്‍റെയും പേക്കോലങ്ങള്‍ ലോകത്ത് അനുദിനം ഉയര്‍ത്തുന്നത് സായുധ സംഘര്‍ഷങ്ങളാണ്.
സമാധാനമില്ലാതെ എങ്ങിനെയാണ് വികസനം കൈവരിക്കുക? വികസനത്തിന് അനിവാര്യമായ സമാധാനം വളര്‍ത്താന്‍ ഒരിക്കലും അക്രമത്തിനാവില്ല. ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളെയും, മൂന്നില്‍ രണ്ടു ഭാഗം ജനസംഖ്യയെയും, വമ്പിച്ച ഗാര്‍ഹീകോല്പാദന ശക്തികളെയും പ്രതിനിധാനംചെയ്യുന്ന ജി 20 ആഗോള സുരക്ഷയുടെയും സമാധാനത്തിന്‍റെയും മേഖലയിലേയ്ക്കും ശ്രദ്ധതിരിക്കേണ്ടതാണ്.

പീറ്റേഴ്സ്ബര്‍ഗ് സംഗമം മദ്ധ്യപൂര്‍വ്വദേശത്തെ സ്ഥിതിഗതികള്‍, വിശിഷ്യ സിറിയയിലെ പ്രതിസന്ധികള്‍ പരിഗണിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രശ്നങ്ങളുടെ ആരംഭംമുതല്‍ക്കെ ജനങ്ങളുടെ സമാധാനത്തെ അവഗണിച്ചുകൊണ്ടും, നൂറുകണക്കിന് നിര്‍ദ്ദോഷികളുടെ നിഷ്ക്കരുണമായ കൂട്ടക്കുരുതിക്ക് കാരണമാക്കിക്കൊണ്ടും അക്രമാസക്തമായ ഏകപക്ഷീയതയാണ് നിലനിര്‍ത്തുന്നത്. സിറിയന്‍ ജനതയുടെയും കൈപ്പേറിയ സംഘര്‍ഷങ്ങളില്‍ ജീവിക്കുന്ന മദ്ധ്യപൂര്‍വ്വദേശത്തിന്‍റെയും സുദീര്‍ഘമായ യാതന കാണാതെയും, സമാധാനത്തിനായുള്ള പാവങ്ങളുടെ മുറവിളി കേള്‍ക്കാതെയും ജി 20 രാഷ്ട്രങ്ങള്‍ക്ക് നിസംഗരായിരിക്കാനാവില്ല. സൈനിക നടപടിയുടെ നശീകരണ നീക്കങ്ങള്‍ ഉപേക്ഷിച്ച്, രാഷ്ട്രങ്ങള്‍ സമാധാനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. സമാധാനപൂര്‍ണ്ണമായ പ്രശ്നപരിഹാരത്തിന് ബോധ്യത്തോടും ധൈര്യത്തോടുകൂടെ ബന്ധപ്പെട്ട നേതാക്കളുമായുള്ള നേര്‍ക്കാഴ്ചയ്ക്കും സംവാദത്തിനുള്ള നവമായ സമര്‍പ്പണവും നീക്കവും രാഷ്ട്രനേതാക്കളില്‍നിന്ന് ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സിറിയയിലും അതിര്‍ത്തികളിലും കലാപത്തിന്‍റെ യാതനകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി മാനുഷികമായ അടിസ്ഥാന സഹായങ്ങള്‍ എത്തിച്ചുകൊടുക്കണമെന്നും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

പ്രിയ പ്രസിഡന്‍റ്, അങ്ങു നയിക്കുന്ന ജി 20 സമ്മേളനത്തിന് എന്‍റെ ചിന്തകള്‍ ആത്മീയ പോഷണമാവട്ടെ! പീറ്റേഴ്സ്ബര്‍ഗിലെ ജി 20 ഫലപ്രദമാകട്ടെയെന്നും ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു!! രാഷ്ട്രത്തലവന്മാരെയും പ്രതിനിധികളെയും സ്നേഹപൂര്‍വ്വം ആശിര്‍വ്വദിക്കുന്നു... സമാധാനോദ്യമങ്ങളില്‍ എന്‍റെ എളിയ പിന്‍തുണ വാഗ്ദാനം ചെയ്യുന്നു.

വത്തിക്കാനില്‍നിന്നും
4 സെപ്റ്റംമ്പര്‍ 2013 + പാപ്പാ ഫ്രാന്‍സിസ്

Reported : nellikal, Radio Vatican








All the contents on this site are copyrighted ©.