2013-09-05 17:00:46

മഹാകാരുണ്യത്തിന്‍റെ
മനുഷ്യരൂപം മദര്‍ തെരേസ


5 സെപ്റ്റംമ്പര്‍ 2013, കൊസോവോ
വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ചരമത്തിന്‍റെ 16-ാം വാര്‍ഷകത്തില്‍ ജന്മനാട്ടില്‍ സ്മാരക ദേവാലയം പണിതീര്‍ത്തു. ‘പാവങ്ങളുടെ അമ്മ’യെന്ന് ലോകം വിളിച്ച കല്‍ക്കട്ടയിലെ മദര്‍ തെരേസായുടെ ചരമത്തിന്‍റെ 16-ാം വാര്‍ഷികമാണ് സെപ്റ്റര്‍ 5-ാം തിയതി. സഭ വാഴ്ത്തപ്പെട്ട പദവി നല്കിയത്തിന്‍റെ 10-ാം വാര്‍ഷികവുമാണ് (ഒക്‍ടോബര്‍ 19) ഇക്കുറി.

ജന്മനാടായ അല്‍ബേനിയായിലെ കൊസോവോയില്‍ അമ്മയുടെ നാമത്തില്‍ മനോഹരമായ ദേവാലയം സെപ്റ്റംമ്പര്‍ 5-ന് ആശീര്‍വ്വദിച്ചു. അല്‍ബേനിയായുടെ മുന്‍പ്രസിഡന്‍റ് ഇബ്രാഹിം റുഗോവായുടെ ആഗ്രഹമായിരുന്നു ലോകത്തില്‍ ‘മഹാകാരുണ്യത്തിന്‍റെ മനുഷ്യരൂപ’മായ മദര്‍ തെരേസായുടെ പേരില്‍ ദേവാലയം പണിതീര്‍ക്കണമെന്നത്. 2006-ല്‍ ദേവാലയനിര്‍മ്മിതി തുടങ്ങിയ വര്‍ഷം പ്രസിഡന്‍റ് റുഗോവാ അന്തരിച്ചു. മരിക്കുന്നതിനു മുന്‍പ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരുന്നു. യൂറോപ്യന്‍ കാത്തലിക് മിഷന്‍റെയും ധാരാളം അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെ പണിതീര്‍ത്ത വാഴ്ത്തപ്പെട്ട മദര്‍ തെരീസാ ദേവാലയം കൊസോവോയിലെ ഏറ്റവും വലുപ്പമുള്ളതും മനോഹരവുമായ ദേവാലയമാണ്.

ജീവിതം:
1910-ല്‍ അല്‍ബോനിയയില്‍ ജനിച്ചു. ലൊരേറ്റോ സന്ന്യാസിനിയായി. ലൊരെറ്റോയിലെ അംഗമായി
1928 മുതല്‍‍‍ 1948-വരെ ജീവിച്ചു, 1929-ലാണ് മിഷണറിയായി ഇന്ത്യയിലെത്തിയത്. 1950-ല്‍ പാവങ്ങളുടെ പരിചരണത്തിനായി മിഷണറീസ് ഓഫ് ചാരിറ്റി Missionaries of Charity സഭ സ്ഥാപിച്ചു. ലൊരേറ്റോയിലെ ഇംഗ്ലിഷ് അദ്ധ്യാപികയായി ഇന്ത്യയിലെത്തിയ തെരേസായുടെ ജീവിത വിളിയിലെ ഉള്‍വിളിയായിരുന്നു (‘a call within the call’) പാവങ്ങള്‍ക്കായുള്ള തന്‍റെ സമര്‍പ്പണമെന്ന് മദര്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. കല്‍ക്കട്ടിയിലെ കാളിഘട്ട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആഗതികളുടെയും ആരും പോരുമില്ലാത്ത പാവങ്ങളുടെയും പരിചരണത്തിനും, അവര്‍ക്ക് അന്തസ്സോടെ അന്ത്യനിമിഷങ്ങള്‍ ചെലവിടുന്നതിനുമുള്ള ഇടമായി കാളിഘട്ടിലെ അതുരാലയം. 1995-ല്‍ പിന്നീട് മാതൃഭവനമായി തീര്‍ന്ന നിര്‍മ്മല്‍ ശുശുഭവന്‍, കല്‍ക്കട്ടിയില്‍ തുറന്നു.

ജാതി മത ഭേദമെന്യേ പാവങ്ങള്‍ക്ക് കാരുണ്യത്തിന്‍റെ കതിര്‍ചൊരിഞ്ഞ മദറിന്‍റെ പ്രവര്‍ത്തനം ലോകമെമ്പാടും ആളിപ്പടര്‍ന്നു. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ചേരക്കുഞ്ഞുങ്ങളെ ഇരുകൈകളാല്‍ വാരിയെടുത്ത് ചുംബിച്ചു വളര്‍ത്തിയ മദര്‍ തെരാസ്ക്ക് 1962-ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ പുരസ്ക്കാരവും ഇന്ത്യന്‍ പൗരത്വവും നല്കി ആദരിച്ചു. തന്‍റെ നിശ്ശബ്ദ സേവനങ്ങല്‍ക്ക് 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും മദറിനു ലഭിച്ചു.
1963-ല്‍ മിഷണറീസ് ഓഫ് ചാരിറ്റി സഭയുടെ പുരുഷ വിഭാഗം ആരംഭിച്ചു.

1996-ല്‍ മദര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ 100 രാജ്യങ്ങളിലെ 517 മിഷന്‍ കേന്ദ്രങ്ങളിലായി 5000-ത്തോളം സഹോദരിമാര്‍ ആതുര ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരുന്നു. 1983-മുതല്‍ ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ രോഗങ്ങളും മദറിനെ ശല്യപ്പെടുത്തിയിരുന്നു. 1997- മാര്‍ച്ച് 13-ന് മിഷണറീസ് ഓഫ് ചാരിറ്റി സഭയുടെ ഭരണസാരഥ്യത്തില്‍നിന്നും മദര്‍ വിരമിച്ചു. ആ വര്‍ഷം സെപ്റ്റംമ്പര്‍ 5-ാം തിയതി പാവങ്ങളുടെ അമ്മ അന്തരിച്ചു. 2002 ഒക്ടോബര്‍ 19-ാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മദര്‍ തെരേസായെ വാഴ്ത്തപ്പെട്ടവരുടെ പദവയിലേയക്കുയര്‍ത്തി.

അമ്മയുടെ ശുഷ്ക്കിച്ച കൈകളും മുഖവും ദൈവസന്നിധിയില്‍ പൂര്‍ണ്ണമായി കൂപ്പിയിരിക്കുന്നു. എത്രയെത്ര അനാഥബാല്യങ്ങള്‍ക്കു ജീവന്‍നല്കിയ കൈകളാണവ. ദൈവത്തിനുവേണ്ടി പണിയെടുത്ത കൈകള്‍.
“മരണ ശംഖൊലി മുഴങ്ങുമീ മണ്ണില്‍
ജനകനില്ലാതെ ജനനിയില്ലാതെ,
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകൈകളാല്‍ വാരിയെടുത്തു ചുംബിക്കും
മഹാകാരുണ്യത്തിന്‍ മനുഷ്യരൂപമേ, നമോ, നമഃ !” – ബാലചന്ദ്രന്‍ ചുള്ളിക്കാട്

“ജന്മനാ ഞാന്‍ അല്‍ബേനിയനാണ്. എന്നാല്‍ ഇന്ത്യന്‍ പൗരനാണ്. വിശ്വാസത്താല്‍ ഞാന്‍ കത്തോലിക്കാ സന്ന്യാസിനിയാണ്. സേവനത്തില്‍ ഞാന്‍ എന്നെത്തന്നെ ലോകത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ആത്മീയമായി ഞാന്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തിന്‍റെതാണ്.” – മദര്‍
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.