2013-09-04 11:15:51

പാപ്പാ ഫ്രാന്‍സിസും എട്ടംഗ കര്‍ദിനാള്‍ സംഘവും അസ്സീസിയിലേക്ക്


03 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയോടൊത്ത് എട്ടംഗ കര്‍ദിനാള്‍ സംഘവും ഒക്ടോബര്‍ 4ന് അസീസിയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ അജണ്ട സെപ്തംബര്‍ 2ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 4ന് (വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് വത്തിക്കാനില്‍ നിന്നും ഹെലികോപ്ടറില്‍ യാത്രയാകുന്ന പാപ്പ സന്ധ്യയ്ക്ക് 7 മണിവരെ അസ്സീസിയില്‍ ചിലവഴിക്കും.
രാവിലെ 8ന് സെറാഫിക് ആതുരാലയത്തിലെ അംഗവിഹീനരും രോഗികളുമായ കുഞ്ഞുങ്ങളോടൊത്ത് അല്‍പ സമയം ചിലവഴിക്കുന്ന പാപ്പ, തുടര്‍ന്ന് സാന്‍ ഡാമിയാനോയിലെ ഫ്രാന്‍സിസ്ക്കന്‍ ആശ്രമത്തിലെത്തി ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിമാരോടൊത്ത് പ്രാര്‍ത്ഥിക്കും.
കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസ് സേവനം ചെയ്യുന്ന അനാഥരോടും അഗതികളോടുമുള്ള കൂടിക്കാഴ്ച്ചയും പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമാണ്. വിശുദ്ധ ഫ്രാന്‍സിസ് അസീസി സ്വന്തം വസ്ത്രം അഴിച്ച് പിതാവിന് നല്‍കിക്കൊണ്ട്, ദാരിദ്ര്യമണവാട്ടിയെ വരിച്ച മെത്രാസന മന്ദിര മൈതാനത്തുവച്ചാണ് ഈ കൂടിക്കാഴ്ച്ച.
11 മണിക്ക് വി.ഫ്രാന്‍സിസിന്‍റെ പേരിലുള്ള നഗരമൈതാനത്തുവച്ച് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹദിവ്യബലി അര്‍പ്പിക്കപ്പെടും.
വി.ഫ്രാന്‍സിസ് ഏകാന്ത ധ്യാനത്തില്‍ ചിലവഴിച്ചിരുന്ന ‘എര്‍മോ ദെല്ലെ കാര്‍ചെരി’ ആശ്രമമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അടുത്ത സന്ദര്‍ശന സ്ഥലം. സാന്‍ റൂഫീനോ കത്തീഡ്രലില്‍ വച്ച് അസീസി രൂപതയിലെ വൈദികരോടും സന്ന്യസ്തരോടും രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളോടും മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തും. വിശുദ്ധ ക്ലാരയുടെ നാമധേയത്തിലുള്ള ബസിലിക്കയില്‍ വച്ച് ക്ലാരമഠത്തിലെ സന്ന്യാസിനികളെ പാപ്പ അഭിവാദ്യം ചെയ്യും. വൈകീട്ട് 5.45ന് ബസിലിക്കാങ്കണത്തില്‍ നടക്കുന്ന യുവജനസംഗമത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശിഷ്ടാതിഥിയാണ്.
7.15ന് അസീസിയോട് വിടപറയുന്ന മാര്‍പാപ്പ സന്ധ്യയ്ക്ക് 8 മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.

സാര്‍വ്വത്രിക സഭയുടെ ഭരണ കാര്യങ്ങളില്‍ തന്നെ സഹായിക്കുന്നതിനുവേണ്ടി മാര്‍പാപ്പ രൂപം നല്‍കിയ ആലോചനാ സമിതിയിലെ അംഗങ്ങളും മാര്‍പാപ്പയോടൊത്ത് തീര്‍ത്ഥാടനം നടത്തുന്നുണ്ടെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനു പുറമേ കര്‍ദിനാള്‍ ജ്യുസപ്പെ ബെര്‍ത്തേല്ലോ (വത്തിക്കാന്‍ ഗവര്‍ണറേറ്റ്), കര്‍ദിനാള്‍ ഫ്രാന്‍ചെസ്ക്കോ ഹവിയേര്‍ എറാസുറിസ് (സാന്തിയാഗോ ദി ചിലെ), കര്‍ദിനാള്‍ റെയിനാര്‍ഡ് മാക്സ് (ജര്‍മനി), ലൗറെന്‍റ് മൊന്‍സെഞ്യോ പസീന്യ (കിന്‍ഷാസാ, കോംഗോ), കര്‍ദിനാള്‍ ഷോണ്‍ ഓമാലി (ബോസ്റ്റണ്‍, യു.എസ്.എ), കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ (ഓസ്ട്രേലിയ), കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്ത്രേസ് റോഡ്രിഗസ് മാറാഡിയാഗ (ഹോന്‍ഡൂറാസ്,ആലോചനാ സമിതിയുടെ കോര്‍ഡിനേറ്റര്‍), എന്നിവരാണ് ആലോചനാ സമിതിയിലെ അംഗങ്ങള്‍. ഇറ്റലിയിലെ അല്‍ബാനം രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ചെല്ലോ സെമരാരോയാണ് ആലോചനാ സമിതിയുടെ സെക്രട്ടറി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.