2013-09-03 11:05:43

ശുശ്രൂഷയുടെ മാര്‍ഗം, യഥാര്‍ത്ഥ മാര്‍ഗം: പാപ്പാ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍


02 സെപ്തംബര്‍ 2013, വത്തിക്കാന്‍
ശുശ്രൂഷിക്കാനും നിസ്വാര്‍ത്ഥ സേവനത്തിനുമായി ഇറങ്ങിത്തിരിക്കുന്നവര്‍ യഥാര്‍ത്ഥ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവരാണെന്ന് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍. ‘റാറ്റ്സിങ്ങര്‍ പൂര്‍വ്വവിദ്യാര്‍ത്ഥി’ സംഗമത്തില്‍ (Ratzinger Schülerkreis) പങ്കെടുക്കുന്ന ദൈവശാസ്ത്രജ്ഞര്‍ക്കുവേണ്ടി സെപ്തംബര്‍ 1ന് വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു മുന്‍പാപ്പ. ലോകദൃഷ്ടിയില്‍ നല്ലതും മഹത്തരവുമെന്നു തോന്നുന്ന സ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്ലതായിരിക്കണമെന്നില്ല. നല്ലസ്ഥാനത്തിനായി ആഗ്രഹിക്കുന്നവരാണ് നാം. അന്ത്യഅത്താഴ വേളയില്‍ പോലും തങ്ങളില്‍ ആരാണ് വലിയവനെന്ന കാര്യത്തില്‍ ക്രിസ്തു ശിഷ്യര്‍ തര്‍ക്കിച്ചു. പക്ഷെ ക്രിസ്തുവിന്‍റെ മാതൃക അതില്‍ നിന്നേറെ വ്യത്യസ്ഥമാണ്. മറ്റുള്ളവരെ ശുശ്രൂഷിക്കാനായി അവിടുന്ന് ദാസന്‍റെ രൂപം സ്വീകരിച്ചു. ലോകദൃഷ്ടിയില്‍ ഏറ്റവും താഴെക്കിടയിലുള്ള സ്ഥാനമാണ് നമ്മെ ക്രിസ്തുവിനോട് കൂടുതല്‍ അടുപ്പിക്കുന്നതെന്നും മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു.

38ാമത് ‘റാറ്റ്സിംഗര്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം’ ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 3വരെ കാസില്‍ ഗണ്‍ഡോള്‍ഫോയിലാണ് നടക്കുന്നത്. ‘മതനിരപേക്ഷതയുടെ പശ്ചാത്തലത്തില്‍ ദൈവത്തെക്കുറിച്ച്’ റേമി ബ്രഗിന്‍റെ തത്വശാസ്ത്ര - ദൈവശാസ്ത്ര വീക്ഷണങ്ങളാണ് ഇക്കൊല്ലം പഠനയോഗത്തിനു വിഷയമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാറ്റ്സിംഗര്‍ ദൈവശാസ്ത്ര പുരസ്ക്കാര ജേതാവാണ് ഫ്രഞ്ചുകാരനായ റേമി ബ്രഗ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.