2013-09-03 17:34:39

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാന സന്ദേശങ്ങള്‍


03 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ്‍ മാര്‍പാപ്പയുടെ സമാധാന സന്ദേശങ്ങള്‍ക്ക് ട്വിറ്ററില്‍ വന്‍പ്രചാരം. സിറിയന്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനസൂക്തങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ മൂന്ന് സന്ദേശങ്ങളാണ് തിങ്കളാഴ്ച മാര്‍പാപ്പ കണ്ണിചേര്‍ത്തത്. “സമാധാനത്തിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം, ലോകത്തിലും നമ്മുടെ ഹൃദയത്തിലും സമാധാനം ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാം”, “സമാധാനമുള്ള ലോകമാണ് നമുക്കാവശ്യം. സമാധാനത്തില്‍ ജീവിക്കുന്ന സ്ത്രീ പുരുഷന്‍മാരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം” എന്നീ സന്ദേശങ്ങള്‍ക്കു പുറമേ “എത്രയേറെ വേദനയും സഹനവും നശീകരണവുമാണ് ആയുധങ്ങള്‍ നമുക്ക് നല്‍കുന്നത്?” എന്ന ചോദ്യവും മാനവമനസാക്ഷിയുടെ മുന്‍പില്‍ മാര്‍പാപ്പ ഉയര്‍ത്തി.
@pontifex എന്ന ഹാന്‍ഡിലില്‍ ലാറ്റിന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി എന്നീ ഭാഷകളില്‍ പാപ്പ ഫ്രാന്‍സിസിന്‍റെ ട്വീറ്റുകള്‍ ലഭ്യമാണ്.

ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ വേളയിലും ലോകസമാധാനത്തിനുവേണ്ടി, വിശിഷ്യ സിറിയയിലും മധ്യപൂര്‍വ്വദേശത്തും സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
സിറിയയ്ക്കുവേണ്ടിയുള്ള ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്ന 7ാം തിയതി ശനിയാഴ്ച വൈകീട്ട് 7 മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക ജാഗരപ്രാര്‍ത്ഥന നടത്തുമെന്നും തദവസരത്തില്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. ഈ പ്രാര്‍ത്ഥനയില്‍ തങ്ങളാല്‍ സാധിക്കുന്ന രീതിയില്‍ പങ്കുചേരുന്നതിനായി അകത്തോലിക്കരേയും അക്രൈസ്തവരേയും സന്മനസ്സുള്ള മറ്റെല്ലാവരേയും മാര്‍പാപ്പ ക്ഷണിച്ചിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.