2013-09-03 12:23:37

പുറപ്പാടില്‍ ചുരുളഴിയുന്ന
ദൈവിക അപരിമേയത്വം (53)


RealAudioMP3
പുതിയ നിയമത്തില്‍ ക്രിസ്തുവിലൂടെ ആവര്‍ത്തിക്കപ്പെടാന്‍ പോകുന്ന നിസ്തുല ബലിയുടെ അന്യമായൊരു പ്രാക് രൂപം പുറപ്പാടില്‍ കാണുന്നുണ്ട്. ഇസ്രായേലിലെ ബലികളെയും അതുമായി ബന്ധപ്പെട്ട ബലിപീഠം, കൂടാരം, കൂടാരാങ്കണം പുരോഹിതര്‍, പുരോഹിതവസ്ത്രം എന്നിവയെ അങ്ങനെ വ്യാഖ്യാനിക്കാവുന്നതാണ്. ഇസ്രായേലിന്‍റെ ജീവിതാനുഭവങ്ങളുടെ തനിയാവര്‍ത്തനമായി പുതിയ നിയമ സംഭവങ്ങളെയും അതിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന ക്രിസ്തുവിനെയും വീക്ഷിക്കാവുന്നതാണ്. ക്രിസ്തുവിന്‍റെ പീഡാനുഭവം, മരണം, ഉത്ഥാനം എന്നീ രക്ഷാകര രഹസ്യങ്ങളെ ‘പുതിയ നിയമത്തിലെ പുറപ്പാടെ’ന്ന് ബൈബിള്‍ നിരൂപകന്മാര്‍ വിവരിക്കാറുമുണ്ട്. ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന നവമായ സത്യങ്ങളുടെ നാന്നിയായി പൗരോഹിത്യ പാരമ്പര്യത്തിലെ സംഭവങ്ങളാണ് തുടര്‍ന്നു പഠിക്കുന്നത്.

ഇനിയുള്ള ഭാഗത്ത് പൂജാവസ്ത്രങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തിലുള്ള ചിട്ടകളെയും കുറിച്ചും വിവവരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം. അഹറോന്‍റെ പുത്രന്മാര്‍ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന് അവര്‍ക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മ്മിക്കണം. ഇവയെല്ലാം നിന്‍റെ സഹോദരനായ അഹറോനെയും അവന്‍റെ പുത്രന്മാരെയും അണിയിക്കണം. അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് നീ അവരെ അഭിഷേചിച്ചു നിയോഗിക്കുകയും, വിശുദ്ധീകരിക്കുകയും വേണം.

ദൈവം മോശയ്ക്കു നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കണക്കെ ഈ ചിട്ടകളില്‍ അഹറോനും പുത്രന്മാരും പുരോഹിതരായി അഭിഷേകം ചെയ്യപ്പെടുന്ന ഭാഗമാണ് തുടര്‍ന്നു കേള്‍ക്കുന്നത്.:
എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ ചെയ്യേണ്ടതിതാണ്. ഒരു കാളക്കുട്ടിയെയും ഈനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക. പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയം വരുത്തിയ പുളിപ്പിള്ളാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ടുണ്ടാക്കണം. അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക. നീ അഹറോനെയും അവന്‍റെ പുത്രന്മാരെയും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി ശുദ്ധരാക്കുക. അങ്കി, എഫോദിന്‍റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം, എഫോദിന്‍റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെ അണിയിക്കണം. പിന്നെ അവന്‍റെ തലയിലെ തലപ്പാവും തലപ്പാവിന‍്മേല്‍ വിശുദ്ധ കിരീടവും വയ്ക്കണം. അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക. അവന്‍റെ പുത്രന്മാരെ കൊണ്ടുവന്ന് അങ്കികള്‍ ധരിപ്പിക്കുക. നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച് പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവന്‍റെ പുത്രന്മാരെയും പുരോഹിതരായി അവരോധിക്കണം.

ഇനി ബലിയര്‍പ്പണത്തിന്‍റെ വിവരണമാണ്.:
അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുന്‍പില്‍കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കണം. കര്‍ത്താവിന്‍റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍വച്ചു അതിനെ കൊല്ലണം. അതിന്‍റെ രക്തത്തില്‍നിന്നു കുറെയെടുത്ത് വിരല്‍കൊണ്ടു ബലീപിഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം ബലിപീഠത്തിന്‍റെ ചുവട്ടില്‍ തളിക്കണം. കുടല്‍ പൊതിഞ്ഞുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരുവൃക്കകളും അവയിന്മേലുള്ള മേദസ്സുമെടുത്ത് ബലപീഠത്തന്മേല്‍വച്ച് ദഹിപ്പിക്കട്ടെ. എന്നാല്‍ കാളക്കുട്ടിയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയില്‍വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ബലിയാണ്.
മുട്ടാടുകളില്‍ ഒന്നിനെ മാറ്റി നിര്‍ത്തണം. അഹറോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ. അതിനെക്കൊന്ന് രക്തമെടുത്ത് ബലിപീഠത്തിനു ചുറ്റും ഒഴിക്കണം. അതിനെ കഷ്ണങ്ങളായി മുറിച്ചതിനുശേഷം അതിന്‍റെ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷ്ണങ്ങളുടെയും തലയുടെയുംകൂടെ വയ്ക്കണം മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്. കര്‍ത്താവിനു പ്രസാദകരമായ ഇസ്രായേലിന്‍റെ ദഹന ബലിയാണിത്.

അനന്തരം അടുത്ത മുട്ടാടിനെ കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കണം. അതിനെ കൊന്ന് രക്തത്തില്‍ കുറച്ചെടുത്ത് അഹറോന്‍റെയും പുത്രന്മാരുടെയും വലത്തു ചെവിയുടെ അഗ്രത്തിലും വലതുകൈയുടെ തള്ളവിരലിലും, വലതുകാലിന്‍റെ പെരുവിരലിലും പുരട്ടുകയും, ബാക്കി ബലിപീഠത്തിനു ചുറ്റും തിളിക്കയും വേണം. ബലിപീഠത്തിലുള്ള രക്തത്തില്‍നിന്നും അഭിഷേക തൈലത്തില്‍നിന്നും കുറച്ചെടുത്ത് അഹറോന്‍റെമേലും അവന്‍റെ വസ്ത്രത്തിന്മേലും അവന്‍റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം. അങ്ങനെ അവനും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും. അതിനുശേഷം മുട്ടാടിന്‍റെ മേദസ്സും കൊഴുത്ത വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരുവൃക്കളും അതിന്മേലുള്ള മേദസ്സും വലതു കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്. കര്‍ത്താവിന്‍റെ സന്നിധിയില്‍ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ കുട്ടയില്‍നിന്ന് ഒരപ്പവും, എണ്ണ ചേര്‍ത്തു മയംവരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവും എടുക്കണം. ഇവയെല്ലാം അഹറോനും പുത്രന്മാരുടെയും കരങ്ങളില്‍വച്ചു കര്‍ത്താവിന്‍റെ സന്നിധിയില്‍ നീരാജനംചെയ്യണം, ഉഴിയണം. അനന്തരം, അത് അവരുടെ കൈകളില്‍നിന്നു വാങ്ങി ദഹനബലിയോടൊന്നിച്ച് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം..
ഇതു കര്‍ത്താവിനുള്ള ബലിയാണ്, കര്‍ത്താവിനു പ്രസാദകരമായ സുഗന്ധബലിയാണ്.

ബലിവസ്തുക്കളില്‍ പുരോഹിതര്‍ക്ക് ഓഹരിയുള്ളതായി പൗരോഹിത്യ പാരമ്പര്യം രേഖപ്പെടുത്തിയിരിക്കുന്നു.
അഹറോന്‍റെ അഭിഷേകത്തിനായി അര്‍പ്പിച്ച മുട്ടാടിന്‍റെ നെഞ്ചെടുത്ത് കര്‍ത്താവിന്‍റെ സന്നിധിയില്‍ ഉഴിഞ്ഞെടുക്കുക. ഇത് നിന്‍റെ ഓഹരിയായിരിക്കും. അഭിഷേകത്തിനായി അവരര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് ഉഴിഞ്ഞെടുത്ത നെഞ്ചും കുറകും വിശുദ്ധീകരച്ച്, അഹറോനും പുത്രന്മാര്‍ക്കുമായി മാറ്റിവയ്ക്കണം. ഇസ്രായേല്‍ ജനത്തില്‍നിന്ന് അഹറോനും പുത്രന്മാര്‍ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്. ഇസ്രോയേല്‍ ജനം സമാധാന ബലിയില്‍നിന്നു ഉഴിഞ്ഞെടുത്തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്ചയും, അഹറോന്‍റെ വിശുദ്ധ വസ്ത്രങ്ങളും അവനുശേഷം അവന്‍റെ പുത്രന്മാര്‍ക്കുള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷ്ക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം. അവന്‍റെ സ്ഥാനത്തു പുരോഹിതനാകുന്ന അവന്‍റെ പുത്രന്‍ വിശുദ്ധ സ്ഥലത്ത് ശുശ്രൂഷചെയ്യുന്നതിന് സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസവും അതു ധരിക്കണം.

അഭിഷേകത്തില്‍ അര്‍പ്പിക്കുന്ന മുട്ടാടിന്‍റെ മാംസമെടുത്ത് വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് വേവിക്കണം. മുട്ടാടിന്‍റെ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍വച്ച് ഭക്ഷിക്കണം. തങ്ങളുടെ അഭിഷേകത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും വേളയില്‍ പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍ മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്. അഭിഷേകത്തിനുവേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്മാരോടും എന്നും ഇസ്രായേല്‍ അനുവര്‍ത്തിക്കുക.

വളരെ വിശദമായ ഇസ്രായേലിന്‍റെ ആരാധനക്രമ വിവരണങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, പുറപ്പാടിന്‍റെ വിവരണത്തിലെ ദൈവശാസ്ത്രപരമായ ലക്ഷൃം മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഉത്സവങ്ങളുടെയും, ശ്രേഷ്ഠമായ ആരാധനക്രമ സംവിധാനങ്ങളിലൂടെയും, അവയുടെ നാടകീയ വിവരണങ്ങളിലൂടെയും ഒപ്പമുള്ള വിവിധ അടയാളങ്ങളിലൂടെയും ഗ്രന്ഥകര്‍ത്താവ് പറയാന്‍ ശ്രമിക്കുന്നത് വളരെ പ്രധാനപ്പെട്ടതും, ഹൃദയസ്പര്‍ശിയുമായ മറ്റൊന്നാണ്.
ചരിത്രത്തില്‍ യഹൂദമതത്തിനും ക്രൈസ്തവീകതയ്ക്കും, ഇസ്ലാം മതത്തിനുപോലും പിന്നീട് ആധാരമാകുന്ന ദൈവികമഹത്വവും അധികാരവും തേജസ്സും, ഉന്നതങ്ങളില്‍ നിഗൂഢമായിരിക്കുന്ന ദൈവികരഹസ്യങ്ങളും ജീവിതബന്ധിയായി ചുരുളഴിയിക്കുവാന്‍ പുറപ്പാടിന്‍റെ ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുകയാണ്. ഇസ്രായേലിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ദൈവമായ കര്‍ത്താവിന്‍റെ സാന്നിദ്ധ്യം ഏറ്റുപറയാനും, അവിടുന്നുമായി ഐക്യപ്പെട്ടിരിക്കുവാനും, അവിടുത്തെ പ്രാപിക്കുവാനുമുള്ള മനുഷ്യന്‍റെ നിരന്തരമായ പരിശ്രമം പുറപ്പാടിന്‍റെ ഏടുകളില്‍ ചുരുളഴിയുന്നത് തുടര്‍ന്നും പഠിക്കാം.
Prepared : nellikal, Radio Vatican









All the contents on this site are copyrighted ©.