2013-09-03 17:34:01

ജൂതസമൂഹത്തിന് മാര്‍പാപ്പയുടെ പുതുവല്‍സരാശംസകള്‍


03 സെപ്തംബര്‍ 2013, വത്തിക്കാന്‍
ജൂത സമൂഹത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ പുതുവല്‍സരാശംസകള്‍ നേര്‍ന്നു. തിങ്കളാഴ്ച രാവിലെ ലോക ജൂത കോണ്‍ഗ്രസ് അംഗങ്ങളുമായി വത്തിക്കാനില്‍വച്ചു കൂടിക്കാഴ്ച്ച നടത്തിയ അവസരത്തിലാണ് 5774ാം വര്‍ഷാരംഭം കുറിക്കുന്ന ജൂതസമൂഹത്തിന് പാപ്പ പുതുവല്‍സര മംഗളങ്ങള്‍ നേര്‍ന്നത്. സമാധാനപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം അവര്‍ക്ക് ആശംസിച്ച പാപ്പ മതസമൂഹങ്ങള്‍ വര്‍ഗീയതയ്ക്കെതിരേ നിലയുറപ്പിച്ചുകൊണ്ട്, പരസ്പര സംവാദത്തിന്‍റെ മാര്‍ഗത്തിലൂടെ ചരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് ജൂതവിരുദ്ധനാകാന്‍ സാധിക്കില്ലെന്നും, ജൂത ചരിത്രവും പാരമ്പര്യവും ക്രിസ്തീയ ചരിത്രത്തിന്‍റെ ഭാഗമാണെന്നും പാപ്പ പ്രസ്താവിച്ചു.
ലോക ജൂത കോണ്‍ഗ്രസ് (World Jewish Congress) അദ്ധ്യക്ഷന്‍ റൊനാള്‍ഡ് എസ്.ലൗഡറിന്‍റെ നേതൃത്വത്തില്‍ വത്തിക്കാനിലെത്തിയ ജൂതപ്രതിനിധി സംഘത്തെ യഹൂദഭാഷയില്‍ (“Shana Tova”) പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പ സ്വീകരിച്ചതെന്ന് ലോക ജൂത കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.
സിറിയന്‍ പ്രതിസന്ധിയെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. സിറിയയില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി ക്രൈസ്തവ-ജൂത സമൂഹങ്ങള്‍ കൈകോര്‍ക്കാന്‍ തീരുമാനിച്ചുവെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍, പ്രത്യേകിച്ച് ഇപ്പോള്‍ ഈജിപ്തിലെ കോപ്ടിക് ക്രൈസ്തവ സമൂഹത്തിനുനേരെ നടക്കുന്ന ആക്രമണങ്ങള്‍ മാര്‍പാപ്പയും ജൂതപ്രതിനിധി സംഘവും അപലപിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിറസാന്നിദ്ധ്യവും സംവാദശ്രമങ്ങളും കത്തോലിക്കാ സഭയിലെന്നപ്പോലെ, മതാന്തര സംവാദത്തിനും നവോന്‍മേഷം പകരുന്നുവെന്ന് ലോക ജൂത കോണ്‍ഗ്രസ് പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.