2013-09-02 17:09:05

സമാധാന ചര്‍ച്ചകള്‍ സിറിയന്‍ പ്രശ്നപരിഹാരത്തിന് ഏക പോംവഴി: കാരിത്താസ്


02 സെപ്തംബര്‍ 2013, ഡമാസ്ക്കസ്
സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ സിറിയന്‍ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കൂവെന്ന് അന്തര്‍ദേശീയ കത്തോലിക്കാ ഉപവി സംഘടന കാരിത്താസ്‍ ഇന്‍റര്‍നാഷണലിസ്. സാധാരണക്കാര്‍ക്കു നേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങളെ അപലപിച്ച കാരിത്താസ് ഇന്‍റര്‍നാഷണലിസിന്‍റെ സെക്രട്ടറി മൈക്കിള്‍ റോയി, രാസായുധങ്ങളുടെ ഉപയോഗം മാനുഷികതയ്ക്കു നിരക്കാത്ത കുറ്റകൃത്യമാണെന്ന് കുറ്റപ്പെടുത്തി. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അന്തരാഷ്ട്ര സമൂഹം സഹായിക്കണം. എന്നാല്‍ ആഭ്യന്തരയുദ്ധത്തിന്‍റെ കെടുതികളില്‍ കഴിയുന്ന സിറിയന്‍ ജനത ഇനിയും രക്തചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ലെന്നും സമാധാനത്തിന്‍റേയും കൂടിയാലോചകളുടേയും മാര്‍ഗത്തിലൂടെയുള്ള പ്രശ്നപരിഹാരമാണ് സിറിയയ്ക്കാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമനുമായി ആഗസ്റ്റ് 29ന് നടത്തിയ കൂടിക്കാഴ്ച്ചയിലും സിറിയന്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അനുരജ്ഞന ചര്‍ച്ചകളും സംവാദവും മാത്രമാണ് സിറിയന്‍ പ്രശ്നപരിഹാരത്തിനുള്ള ‘ഏക പോംവഴിയെന്ന്’ ചൂണ്ടിക്കാട്ടി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.