2013-09-02 17:09:35

മലങ്കര മെത്രാപ്പോലീത്ത മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തുന്നു


02 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തും. മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ റോമിലെത്തുന്ന മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ മെത്രാപ്പോലീത്തയുമായി സെപ്തംബര്‍ 5ന് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച്ച നടത്തുമെന്ന് സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു പുറമേ വി.പത്രോസിന്‍റെ ശവകുടീര സന്ദര്‍ശനവും, സഭൈക്യകാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന സ്വീകരണവും മലങ്കര മെത്രാപ്പോലീത്തയുടെ സന്ദര്‍ശന പരിപാടികളില്‍ ഉള്‍പ്പെടും. സെപ്തംബര്‍ 4 മുതല്‍ 6വരെ അദ്ദേഹം വത്തിക്കാനിലുണ്ടായിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമനുമായി 1983ല്‍ വത്തിക്കാനില്‍ വച്ചും 1986ല്‍ കോട്ടയത്തു വച്ചും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രസ്തുത കൂടിക്കാഴ്ച്ചകളുടെ ഫലമായി കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും സംയുക്തമായി ഒരു അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ സമിതിയ്ക്ക് രൂപം നല്‍കി. ഈ സമിതിയുടെ പഠനഫലമാണ് 1990ല്‍ ക്രിസ്തുവിജ്ഞാനീയത്തെ സംബന്ധിച്ച് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവയും നടത്തിയ സംയുക്തപ്രഖ്യാപനം. 1989 മുതല്‍ കത്തോലിക്കാ സഭ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയോടും യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭയോടും (മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ അഥവാ ആഗോള സുറിയാനി ഓർത്തഡോക്സ് സഭ) സമാന്തര സംവാദം നടത്തിവരുകയാണ്. ഇന്ത്യയിലെ ക്രൈസ്തവ സഭാ ചരിത്രം, സഭാവിജ്ഞാനീയം, ഐക്യത്തിന്‍റെ സാക്ഷൃം എന്നീ മൂന്ന് മുഖ്യപ്രമേയങ്ങള്‍ ആസ്പദമാക്കിയാണ് ദൈവശാസ്ത്ര സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

33 മെത്രാന്‍മാരുടെ കീഴില്‍ 30 രൂപതകളിലായി വ്യാപിച്ചു കിടക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയില്‍ ഔദ്യോഗിക കണക്കുപ്രകാരം 25 ലക്ഷത്തോളം അംഗങ്ങളുണ്ട്. 1700 വൈദികര്‍ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷ നിറവേറ്റുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.