2013-09-02 17:19:42

ആര്‍ച്ചുബിഷപ്പ് ഗയിന്‍സ്വെയിന്‍ അപ്പസ്തോലിക അരമനയുടെ പ്രീഫെക്ടായി തുടരും


02 സെപ്തംബര്‍ 2013, വത്തിക്കാന്‍
അപ്പസ്തോലിക അരമനയുടെ പ്രീഫെക്ടായി ശുശ്രൂഷ തുടരാന്‍ ആര്‍ച്ചുബിഷപ്പ് ഗയിന്‍സ്വെയിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ മറ്റുചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥാനവും ഫ്രാന്‍സിസ് പാപ്പ സ്ഥിരീകരിച്ചു. ആര്‍ച്ചുബിഷപ്പ് പീയെത്രോ പരോളിനെ വത്തിക്കാന്‍റെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയ ആഗസ്റ്റ് 31നാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഇതര ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടായത്.
പൊതുകാര്യ വിഭാഗത്തിന്‍റെ ഉപകാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ജൊവാന്നി ആഞ്ചലോ ബെച്ചൂ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക്ക് മെംബേര്‍ത്തി, നിയമോപദേഷ്ടാവ് മോണ്‍.പീറ്റര്‍ വെല്‍സ്, വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍. ആന്‍റണി കമല്യേരി എന്നിവരുടെ സ്ഥാനമാണ് മാര്‍പാപ്പ സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ 15ന് പുതിയ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പരോളിന്‍ സ്ഥാനമേല്‍ക്കുന്നതുവരെ ഇപ്പോഴത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയോട് തത്സ്ഥാനത്ത് തുടരുവാനും മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.