2013-08-30 20:00:16

രക്തസാക്ഷികളുടെ അനുസ്മരണം
വിശ്വാസ പ്രബോധനമെന്ന് പാപ്പാ


30 ആഗസ്റ്റ് 2013, സിയോള്‍
രക്തസാക്ഷികളുടെ അനുസ്മരണം സുവിശേഷവത്ക്കരണ ദൗത്യത്തിന് പ്രചോദനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. തെക്കെ കൊറിയയിലെ സിയോള്‍ രൂപത സംഘടിപ്പിക്കുന്ന ‘രക്തസാക്ഷികളുടെ മാസാചരണ’ത്തെ അനുമോദിച്ചുകൊണ്ട് ആഗസ്റ്റ് 29-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി അയച്ച കത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

രക്തസാക്ഷികള്‍ കാണിച്ചു തന്നിട്ടുള്ള പരിത്യാഗത്തിന്‍റെ അരുപിയോടും പ്രാര്‍ത്ഥനയോടുംകൂടെ സിയോളിലെ സെപ്റ്റംബര്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നവര്‍ക്ക് ക്രിസ്തുവുമായി കൂടുതല്‍ ഐക്യപ്പെടുവാന്‍‍ സാധിക്കുമെന്ന് പാപ്പാ കത്തിലൂടെ വിശ്വാസികളെ അനുസ്മരിപ്പിച്ചു. സിയോളിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂ യോം സൂങിന് അയച്ച കത്തിലാണ് പാപ്പാ കൊറിയന്‍ സഭയുടെ ഈ വിശ്വാസവത്സര ഉദ്യമത്തെ ശ്ലാഘിച്ചത്.
വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ചവരെ അനുസ്മരിക്കുന്നത് സുവിശേഷവത്ക്കരണത്തിനുള്ള മറ്റൊരു മാര്‍ഗ്ഗമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നവര്‍ തങ്ങളുടെ വിശ്വാസം ബലപ്പെടുത്തുവാനും അങ്ങനെ സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുവാനും സാധിക്കുമെന്നും പാപ്പാ കത്തിലൂടെ പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 1-ാം തിയതി ഞായറാഴ്ച സിയോളിനെ കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂ യോം സൂങിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആരംഭിക്കുന്ന രക്തസാക്ഷികളുടെ മാസത്തിന്‍റെ ഭാഗമായി, വിവിധ ക്രൈസ്ത പീഡന കേന്ദ്രങ്ങളിലേയ്ക്കുള്ള തീര്‍ത്ഥാടനവും സംവിധാനം ചെയ്തിട്ടുണ്ടെന്ന് രൂപതാ വക്താവ്, ജോസഫ് യും ലീ-സൂണ്‍ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.