2013-08-30 19:21:38

പാപ്പായുടെ വാക്കുകള്‍
വെളിച്ചവും വെല്ലുവിളിയും


30 ആഗസ്റ്റ് 2013, റോം
പാപ്പായുടെ സന്ദര്‍ശം അഗസ്റ്റീനിയന്‍ സമര്‍പ്പണത്തില്‍ വെളിച്ചം വീശുന്നതായിരുന്നുവെന്ന് പ്രിയോര്‍ ജനറല്‍, ഫാദര്‍ റോബര്‍ട്ട് പ്രിവോസ്റ്റ് പ്രസ്താവിച്ചു. വിശുദ്ധ അഗസ്റ്റിന്‍റെ തിരുനാളില്‍ റോമിലെ ജനറലേറ്റിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തിയ സന്ദര്‍ശനത്തെയും ബലയര്‍പ്പണത്തെയും കുറിച്ച് ആഗസ്റ്റ് 29-ാം തിയതി റോമില്‍ നടത്തിയ പ്രസ്താവനയിലാണ് സ്ഥാനമൊഴിയുന്ന പ്രിയോര്‍ ജനറള്‍ ഫാദര്‍ പ്രിവോസ്റ്റ് ഇങ്ങനെ പ്രസ്താവിച്ചത്.

ആത്മീയ തലത്തിലുള്ള വിവിധ അസ്വസ്ഥതകളെക്കുറിച്ച് ദിവ്യബലിമദ്ധ്യേ പാപ്പാ നടത്തിയ പ്രഭാഷണം സഭയുടെ ഭാവി കര്‍മ്മപദ്ധതിക്കുള്ള വെല്ലുവിളിയും വെളിച്ചവുമാണെന്നും ഫാദര്‍ പ്രിവോസ്റ്റ് പ്രസ്താവിച്ചു. പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ഏവര്‍ക്കും അനുഭവവേദ്യമായ ആനന്ദം ആഗോളസഭയോടും പരിശുദ്ധ സിംഹാസനത്തോടും അഗസ്റ്റീനിയന്‍ സഭാംഗങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന ആത്മീയ അടുപ്പത്തിന്‍റെ നവീകരണത്തില്‍നിന്നും ഉയര്‍ന്ന ആത്മീയാനന്ദമാണെന്നും ഫാദര്‍ പ്രിവോസ്റ്റ് പ്രസ്താവിച്ചു.

ആഗസ്റ്റ് 28-ാം തിയതി വിശുദ്ധ ആഗസ്റ്റിന്‍റെ തിരുനാളിലാണ് പാപ്പാ ഫ്രാന്‍സിസ് റോമിലെ, സ്ക്രോഫാ വീഥിയിലുള്ള അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹം സന്ദര്‍ശിക്കയും വിശുദ്ധന്‍റെ നാമത്തിലുള്ള ബസിലിക്കയില്‍ ജനറല്‍ ചാപ്റ്ററിനെത്തിയരിക്കുന്ന സഭാംഗങ്ങള്‍ക്കൊപ്പം ബലിയര്‍പ്പിക്കുകയും ചെയ്തത്. മാനസാന്തരത്തിന്‍റെ വിശുദ്ധനെന്ന് അറിയപ്പെടുന്ന വിശുദ്ധ അഗസ്റ്റിന്‍റെ അമ്മ, വിശുദ്ധ മോനിക്കയുടെ ഭൗതികാവശിഷ്ഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ അള്‍ത്താരയും ജനറലേറ്റിനോടും ചേര്‍ന്നുള്ള ബസിലിക്കയിലാണ് സ്ഥിതിചെയ്യുന്നത്. വിശ്വത്തര കലാകാരന്‍ കറവാജിയോയുടെ ശ്രദ്ധേയമായ എണ്ണച്ചായാ ചിത്രങ്ങളും അഗസ്റ്റീനിയന്‍ ബസിലിക്കയുടെ പ്രത്യേകതയാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.