2013-08-30 18:36:32

ക്രിസ്തു സ്നേഹത്തിന്‍റെ രാജഭിക്ഷു
വാഴ്ത്തപ്പെട്ട വ്ലാഡിമീര്‍ ഗീക്കാ


30 ആഗസ്റ്റ് 2013, റോം
ക്രിസ്തു സ്നേഹത്തിന്‍റെ രാജഭിക്ഷുവായിരുന്നു വ്ലാഡിമീര്‍ ഗീക്കായെന്ന്, ജീവചരിത്രകാരി അങ്കാ മര്‍ത്തീനസ് പ്രസ്താവിച്ചു. ആഗസ്റ്റ് 31-ാം തിയതി ശനിയാഴ്ച റൊമേനിയായിലെ ബുക്കാറെസ്റ്റ് രൂപതിയില്‍ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന വ്ലാഡിമീര്‍ ഗീക്കായെക്കുറിച്ചാണ് വത്തിക്കാന്‍ റേഡിയോ വക്താവുകൂടിയായ മര്‍ത്തീനസ് ഇങ്ങനെ പ്രസ്താവിച്ചത്.

പ്രഭു കുടുംബത്തില്‍ ജനിച്ച ഗീക്കാ (1873-1954) യുദ്ധകാലത്തും കമ്യൂണിസ്റ്റ് പീഡനകാലത്തും ക്രിസ്തു സ്നേഹത്തെപ്രതി പാവങ്ങള്‍ക്കുവേണ്ടി തെരുവില്‍ ഇറങ്ങിയതിനാലാണ് തന്‍റെ രചനയില്‍ അദ്ദേഹത്തെ രാജഭിക്ഷുവെന്ന് prince and beggar for the love of Christ വിശേഷിപ്പിച്ചതെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഗ്രന്ഥകര്‍ത്ത്രി, മര്‍ത്തീനസ് പ്രസ്താവിച്ചു.
പാപ്പായുടെ പ്രതിനിധിയായെത്തുന്ന വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദാനാള്‍ ആഞ്ചലോ അമാത്തോ ധന്യനായ വ്ലാഡിമീര്‍ ഗീക്കായെ വാഴ്ത്തപ്പെട്ടവരുടെ പദവിലേയ്ക്ക് ഉയര്‍ത്തുന്നത്.

1873 ഡിസംബര്‍ 25-ന് പ്രഭുകുടുംബത്തിലാണ് ജനനം. പിതാവ് റൊമേനിയായുടെ നയതന്ത്ര പ്രതിനിധിയായിരുന്നു. യുവാവായിരുന്നപ്പോള്‍ത്തന്നെ ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസത്തില്‍നിന്നും മാറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. സാഹിത്യകാരനും രചയിതാവുമായിരുന്ന അദ്ദേഹം റോമില്‍ വന്ന് പഠിച്ച് 1923 വൈദികനായി. ഉപവി പ്രവര്‍ത്തനങ്ങളില്‍ സജീവമായി വ്യാപൃതനായിരുന്ന ഫാദര്‍ ഗീക്കാ, ക്രൈസ്തവ ഐക്യമായിരുക്കും സഭയുടെ വളര്‍ച്ചയെന്ന് അന്നേ വിശ്വസിച്ചത് പലര്‍ക്കും മനസ്സിലായില്ല. അദ്ദേഹം എല്ലാ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരെയും സാഹോദര്യത്തില്‍ വീക്ഷിക്കുകയും കൂട്ടായ്മയ്ക്കായി പരിശ്രമിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പീഡനകാലത്താണ് ഫാദര്‍ ഗീക്കാ ബന്ധിയാക്കപ്പെട്ടത്. പീഡനമേറ്റ ഗീക്കാ 1954 മെയ് 16-ാം തിയതി ഷിലാവിലെ ജയിലില്‍ രക്തസാക്ഷിത്വം വരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.